
തലൈവർ രജനികാന്തിന്റെ പ്രിയപ്പെട്ട സിനിമ ഏതെന്ന് ആരാധകർക്കിടയിൽ അന്വേഷിച്ചാൽ 'ബാഷ' എന്ന് മറുപടി ലഭിക്കാനാണ് സാധ്യതകൾ ഏറെ. തമിഴകത്തെ കൾട്ട് ക്ലാസിക് പദവിയിലിരിക്കുന്ന സിനിമയിലെ ഡയലോഗുകൾ പ്രായ-ദേശ ഭേദമന്യേ പ്രേക്ഷകർക്കിടയിൽ സുപരിചിതമാണ്. ബാഷയുടെ റിമേക്ക് സംബന്ധിച്ച സംവിധായകന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സുരേഷ് കൃഷ്ണ എഴുതി സംവിധാനം ചെയ്ത ചിത്രം 1995 ജനുവരി 12നാണ് തിയേറ്ററുകളിൽ എത്തിയത്. പതിനഞ്ച് മാസത്തോളമാണ് തമിഴകത്തെ തിയേറ്ററുകളെ ബാഷ അടക്കി ഭരിച്ചത്. സിനിമയുടെ റിമേക്കുണ്ടാകുമോ എന്ന് തമിഴകം നേരത്തേ ചോദ്യം ഉന്നയിച്ചതാണ്. ഇല്ലെന്നാണ് അണിയറക്കാരുടെ ഒറ്റവാക്കിലെ മറുപടിയെങ്കിലും അതിനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞിട്ടില്ല.
#AK is suitable for #Baashha remake..
— Ramesh Bala (@rameshlaus) October 16, 2023
: Dir #SureshKrishna pic.twitter.com/2fiYz8JrZX
അജിത്ത്, വിജയ്, വിക്രം തുടങ്ങിയ പേരുകൾ ഫാൻ ഫൈറ്റുകളിൽ ഉയർന്ന് കേൾക്കാറുള്ളതാണ്. അങ്ങനെ ബാഷയ്ക്ക് റീമേക്ക് ഒരുങ്ങിയാൽ തമിഴകത്തെ ഏത് താരമാകും രജനിക്ക് പകരമെത്തുക എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകൻ. അജിത്തിന് തന്റെ സിനിമയിലൂടെ പ്രേക്ഷർക്ക് സന്തോഷം നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. നടൻമാരുടെ വലിയ പട്ടിക തന്നെ തമിഴകത്തുണ്ട്. എന്നാൽ ഇതിനോട് അടുത്തു വരുന്ന താരം അജിത്താണെന്നാണ് സുരേഷ് കൃഷ്ണ പറഞ്ഞത്.
എപ്പോഴെങ്കിലും അജിത്ത് നായകനായി രജനികാന്ത് ചിത്രത്തിന്റെ റീമേക്കും ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. 2002ൽ 'വാമന' എന്ന ചിത്രം സുരേഷ് കൃഷ്ണയും അജിത്തും ചേർന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നടക്കാതെ പോകുകയായിരുന്നു.
ബാഷയിൽ രഘുവരനായിരുന്നു പ്രതിനായക വേഷം അവതരിപ്പിച്ചത്. നഗ്മ, ജനഗരാജ്, ദേവൻ, ശശി കുമാർ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ.