
മമ്മൂട്ടി നായകനായ 'കണ്ണൂർ സ്ക്വാഡിന്' രണ്ടാം ഭാഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മമ്മൂട്ടി. ഇന്നലെ ദുബായിയിൽ വെച്ചു നടന്ന സിനിമയുടെ പ്രൊമോഷൻ ചടങ്ങിലാണ് മാധ്യമങ്ങളോട് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. റോണി ഡേവിഡ്, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. റോണി വർഗീസ് രാജ് സംവിധാനത്തിലൊരുങ്ങിയ കണ്ണൂർ സ്ക്വാഡ് ഇന്നാണ് റിലീസിനെത്തിയത്.
സിനിമകളുടെ വിജയത്തെ കുറിച്ചും പ്രേക്ഷകർ സിനിമയെ വിലയിരുത്തുന്നതിനെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു. സിനിമകളുടെ വിജയം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതാണെന്നും ഏതെങ്കിലും സിനിമക്കെതിരെ മനഃപൂർവം പ്രേക്ഷകർ മാർക്കിടുമെന്ന് താൻ കരുതുന്നില്ലെന്നും നടൻ പറഞ്ഞു. സ്വന്തം നിലയ്ക്കുള്ള അഭിപ്രായമാണ് പ്രേക്ഷകർ നൽകേണ്ടത്, ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം ഉണ്ടായിരിക്കണം. മറ്റുള്ളവർ പറയുന്നത് നമ്മുടെ അഭിപ്രായമാകുന്നത് തെറ്റാണെന്നും നടൻ കൂട്ടിച്ചേർത്തു.
കണ്ണൂർ സ്ക്വാഡിന്റെ തിയേറ്ററിലെ ആദ്യ ദിനം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ പ്രായത്തിനൊത്ത കഥാപാത്രമാണ് സിനിമയിലേത് എന്നും മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും സംഭാഷണങ്ങളും മികച്ചു നിൽക്കുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. 'ഗ്രേറ്റ് ഫാദർ', 'പുതിയ നിയമം', 'ജോൺ ലൂദർ' പോലുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണൂർ സ്ക്വാഡ്'.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക