'ആശുപത്രിയിൽ കിടന്ന് കുട്ടികളെ പോലെ വാവിട്ടു കരഞ്ഞു'; 'ടിക്കിടാക്ക'യിലേക്ക് വീണ്ടും ഇറങ്ങാനൊരുങ്ങി ആസിഫ് അലി

സമൂഹമാധ്യമങ്ങളിലൂടെയാണ് ഹൃദയം തൊടുന്ന അനുഭവങ്ങളുമായി ഒരു കുറിപ്പ് ആസിഫ് പങ്കുവെച്ചത്.

dot image

ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കിടാക്ക. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ പാക്കഡ് ചിത്രത്തിനായി വലിയ ബോഡി ട്രാൻസ്‌ഫോർമേഷനാണ് ആസിഫ് നടത്തുന്നത്. 2023ൽ ഷൂട്ടിംഗ് തുടങ്ങിയിരുന്നെങ്കിലും പരിശീലനത്തിനിടെ ആസിഫിന് പരിക്ക് പറ്റിയതിന് തുടർന്ന് ചിത്രം നിർത്തിവെച്ചിരുന്നു.

ഇപ്പോൾ ടിക്കിടാക്കയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുകയാണ്. ഈ സന്തോഷം ആരാധകരുമായി ഒരു എഴുത്തിലൂടെ പങ്കുവെക്കുകയാണ് ആസിഫ് അലി. ജോൺ ഡെൻവർ എന്ന നായക കഥാപാത്രമായാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്. ടിക്കിടാക്ക ഇതുവരെ കാണാത്ത രീതിയിലുള്ള അതിഗംഭീരമായ കൊമേഴ്‌സ്യൽ ആക്ഷൻ സിനിമാ അനുഭവം സമ്മാനിക്കുമെന്നാണ് ആസിഫ് കുറിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു നടന്റെ പ്രതികരണം.

ടിക്കി ടാക്കയുടെ കഥ വന്ന സമയത്ത് തന്നെ ജോൺ ഡെൻവർ എന്ന ഫൈറ്റർ ഓരോ വെല്ലുവിളികളെയും നേരിടുന്നതും അയാളുടെ സ്ഥൈര്യവും തന്നെ ഏറെ ആകർഷിച്ചെന്ന് ആസിഫ് പറയുന്നു. ഒരിക്കലും തോൽവി സമ്മതിച്ച് പിന്മാറാത്ത ജോൺ ഡെൻവറിനേതിന് സമാനമായ ചില അനുഭവങ്ങൾ തന്റെ ജീവിതത്തിലും ഉണ്ടായി എന്നും ആസിഫ് പറയുന്നു.

'ചോരയും നീരും ഒഴുക്കേണ്ട ഒരു ചിത്രമാണ് ടിക്കിടാക്ക. ശാരീരികമായി ഏറെ മാറ്റങ്ങൾ വരുത്തിയ, ഫൈറ്റിൽ മെയ് വഴക്കവും തഴക്കവും നേടിയെടുക്കേണ്ട ചിത്രമായിരുന്നു എനിക്ക് ഇത്. ഞാൻ അതിനായി ഏറ്റവും ആത്മാർത്ഥമായി തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ 2023ൽ ഷൂട്ടിംഗ് തുടങ്ങിയതിന് പിന്നാലെ എനിക്ക് ഒരു അപകടമുണ്ടായി. കട്ടിലിൽ തന്നെ കിടന്ന ദിവസങ്ങൾ, പിന്നീട് വീൽ ചെയറിലുമായി ഏറെ നാളുകൾ കടന്നുപോയി.

ഞാൻ ഒരു വർഷത്തോളം ആ കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെല്ലാം പാഴായതായിരുന്നു ഏറ്റവും വലിയ സങ്കടം. അപ്പോഴൊന്നും ജോൺ ഡെൻവറിനെ പോലെ അല്ലായിരുന്നു ഞാൻ. ആശുപത്രികിടക്കയിൽ കിടന്ന് കുട്ടികളെ പോലെ വാവിട്ടു കരഞ്ഞു. എന്നാൽ ഇപ്പോൾ. 18 മാസങ്ങൾക്ക് ശേഷം, ഞങ്ങൾ പൂർവാധികം ശക്തിയോടെ, ഷൂട്ടിംഗ് ആരംഭിക്കുകയാണ്,' ആസിഫ് അലി പറയുന്നു.

ടിക്കി ടാക്കയുടെ പുറത്തുവന്ന പോസ്റ്ററുകളും അപ്‌ഡേറ്റുകളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്ന നിമിഷത്തെയും ആവേശത്തോടെയാണ് സിനിമാപ്രേമികൾ നോക്കിക്കാണുന്നത്.

ഭാഗ്യരാജിന്റെ കഥയ്ക്ക് നിയോഗ് തിരക്കഥയൊരുക്കുന്ന ടിക്കിടാക്ക സിജു മാത്യു, നവിസ് സേവ്യർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സോണി സെബാൻ ക്യാമറയും ചമൻ ചാക്കോ എഡിറ്റും ഡോൺ വിൻസന്റ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.

Content Highlights: Asif Ali pens down an emotional note before resuming Tik iTaka shoot

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us