
സാൻ ഡീയാഗോ കോമിക്-കോണിൽ ആദ്യമായി ഒരു ഇന്ത്യൻ സിനിമ പ്രഖ്യാപിക്കുന്നു എന്ന വാർത്ത വളരെ അവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. പാൻ ഇന്ത്യൻ ചിത്രമായൊരുങ്ങുന്ന പ്രഭാസിന്റെ 'പ്രൊജക്ട് കെ' കോമിക്- കോണിലെത്തുമ്പോൾ സിനിമയിൽ സ്ത്രീ സാന്നിധ്യമായ ദീപിക പദുകോൺ ചടങ്ങിൽ പങ്കെടുക്കാനെത്തിയില്ല.
ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനയായ എസ്എജി -എഎഫ്ടിആര്എയിൽ ദീപിക പദുക്കോണും അംഗമാണ്. ഹോളിവുഡില് സംഘടന ഏതാനും ദിവസങ്ങളായി സമരത്തിലാണ്. സംഘടനയുടെ നിർദേശമനുസരിച്ച് അംഗങ്ങള് ആരും യുഎസില് നടക്കുന്ന ഒരു ചലച്ചിത്ര പരിപാടിയിലും പങ്കെടുക്കുന്നില്ല. അതിനാലാണ് ദീപികയും കോമിക്-കോണിൽ നടക്കുന്ന പ്രൊജക്ട് കെ ലോഞ്ചിൽ പങ്കെടുക്കാതിരുന്നതെന്നാണ് റിപ്പോർട്ട്. താത്കാലികമായി പേരിട്ടിരിക്കുന്ന പ്രൊജക്ട് കെയുടെ യഥാർത്ഥ പേര് അണിയറക്കാർ കോമിക്-കോൺ വേദിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും.
ഡിസിയും മാര്വലുമടക്കം ലോകത്തിലെ വമ്പന് പ്രൊഡക്ഷന് കമ്പനികള് തങ്ങളുടെ പ്രൊജക്ടുകള് പ്രഖ്യാപിക്കുന്ന വേദിയാണ് സാൻ ഡീയാഗോ കോമിക്-കോൺ. ഇവിടേക്കാണ് ഇന്ത്യയിൽ നിന്ന് ആദ്യമായി പ്രൊജക്ട് കെ എത്തുന്നത്. മലായളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളിയുടെ കോമിക് വേർഷനും ഇതേ വേദിയിൽ പ്രദർശിപ്പിക്കും എന്ന പ്രത്യേകത കൂടിയുണ്ട്. വൈജയന്തി മൂവീസാണ് പ്രൊജക്ട് കെ അവതരിപ്പിക്കുക. ചിത്രത്തിന്റെ ടൈറ്റിൽ, ട്രെയിലർ, റിലീസ് തീയതി തുടങ്ങിയവയും അനാച്ഛാദനം ചെയ്യപ്പെടും. ചടങ്ങിൽ പ്രധാന അഭിനേതാക്കളോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിനും പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.