'എഡ്ജ്ബാസ്റ്റൺ ഇന്ത്യൻ പിച്ചുകളുടെ സ്വഭാവത്തിലേക്ക് മാറി'; തോൽവിക്ക് കാരണം പറഞ്ഞ് ബെൻ സ്റ്റോക്സ്

'മികച്ച പോരാട്ടത്തിനൊടുവിലാണ് ഇം​ഗ്ലണ്ട് ഇന്ത്യയ്ക്ക് പിന്നിലായിപ്പോയത്'

dot image

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയത്തിൽ പ്രതികരണവുമായി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. എഡ്ജ്ബാസ്റ്റൺ ഇന്ത്യൻ പിച്ചുകളുടെ സ്വഭാവത്തിലേക്ക് മാറിയെന്നും ഇത്തരം സാഹചര്യങ്ങളിൽ നന്നായി കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് അറിയാമെന്നുമാണ് ബെൻ സ്റ്റോക്സിന്റെ വാക്കുകൾ.

'മത്സരം പുരോഗമിക്കും തോറും എഡ്ജ്ബാസ്റ്റൺ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിച്ചുകളുടെ സ്വഭാവത്തിലേക്ക് മാറി. അതുകൊണ്ട് ഇം​ഗ്ലണ്ട് ടീമിന്റെ ബലഹീനതകൾ ഇന്ത്യൻ ടീമിന് മനസിലായി. രണ്ടാം ടെസ്റ്റ് ഇം​ഗ്ലണ്ടിന് കടുത്ത പോരാട്ടമായിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് പരിചയമുള്ള ബൗളിങ് സാഹചര്യങ്ങളായിരുന്നു. ഇത്തരം സാഹചര്യത്തിൽ നന്നായി കളിക്കാൻ ഇം​ഗ്ലണ്ട് ടീമിന് അറിയാം. ഇത്തരത്തിൽ പിച്ചിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നേക്കാം. എന്തായാലും തോൽവിയിൽ അമിതമായി നിരാശപ്പെടാൻ ഒന്നുമില്ല. മികച്ച പോരാട്ടത്തിനൊടുവിലാണ് ഇം​ഗ്ലണ്ട് ഇന്ത്യയ്ക്ക് പിന്നിലായിപ്പോയത്. ഇത് അം​ഗീകരിക്കാൻ കഴിയും,' സ്റ്റോക്സ് ബിബിസിയോട് പറഞ്ഞു.

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ വിജയമാണ് ശുഭ്മൻ ​ഗില്ലിന്റെ ഇന്ത്യൻ ടീം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. 180 റൺസിന്റെ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ട് 271 റൺസിൽ എല്ലാവരും പുറത്തായി.

Content Highlights: Ben Stokes excuses pitch condition after England lost in second test

dot image
To advertise here,contact us
dot image