'ക്രൈസിസ് സ്യൂട്ട് കോപ്പിയടിച്ചോ, തലയൊട്ടിച്ചപ്പോൾ തെറ്റിപ്പോയോ'; ട്രോളിൽ കുളിച്ച് 'പ്രൊജക്റ്റ് കെ'

ഇത് ഔദ്യോഗികമാണോ അതോ ഫാൻ-മേഡ് പോസ്റ്ററാണോ എന്ന് ആശ്ചര്യപ്പെടുന്നവരും കുറവല്ല

dot image

കഴിഞ്ഞ ആറു വർഷത്തിൽ ഇൻഡസ്ട്രി ഹിറ്റുകൾ സാധ്യമാകാതെപോയ പ്രഭാസിന്റെ ഏറ്റവും പ്രതീക്ഷയുള്ള ലൈൻഅപ്പുകളിൽ ഒന്നാണ് 'പ്രൊജക്റ്റ് കെ'. ബോളിവുഡ് താരങ്ങളെ കൂടി ഉൾപ്പെടുത്തി ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെ ട്രോളുകളിൽ നിറയുകയാണ്. നാഗ് അശ്വിനാണ് പ്രൊജക്റ്റ് കെയുടെ സംവിധായകൻ.

വൈജയന്തി മൂവീസിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് അണിയറക്കാർ പുറത്തുവിട്ടത്. ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണം ലഭിച്ച പോസ്റ്റർ പക്ഷേ പിന്നീട് പല താരതമ്യങ്ങൾക്കും വിധേയമാകുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പ്രഭാസ് ചിത്രങ്ങൾ നേരിട്ട 'എഡിറ്റഡ് ആണോ' എന്ന ചോദ്യം പ്രൊജക്റ്റ് കെയും നേരിടുന്നുണ്ട്. താരത്തിന്റെ തല വെട്ടിയൊട്ടിച്ചതുപോലെ ഉണ്ടെന്നാണ് ഇക്കൂട്ടർ വിമർശിക്കുന്നത്. പ്രഭാസ് ധരിക്കുന്ന പടച്ചട്ട പോലുള്ള വസ്ത്രത്തിനും വിമർശനമുണ്ട്. ക്രൈസിസ് എന്ന വീഡിയോ ഗെയിമിലെ സ്യൂട്ട് അപ്പാടെ പകർത്തിയിരിക്കുകയാണോ എന്നാണ് ഒരുകൂട്ടരുടെ ചോദ്യം. അയൺ മാൻ പോസിനോട് പ്രഭാസിന്റെ ഇരിപ്പിനെ താരതമ്യപ്പെടുത്തുന്നവരുമുണ്ട്. ഇത് ഔദ്യോഗികമാണോ അതോ ഫാൻ-മേഡ് പോസ്റ്ററാണോ എന്ന് ആശ്ചര്യപ്പെടുന്നവരും കുറവല്ല. അതേസമയം ട്രോളുകൾ മനപ്പൂർവ്വമാണെന്നും സിനിമയിൽ പ്രതീക്ഷയുണ്ടെന്നും പ്രതികരിക്കുന്നവരുമുണ്ട്.

600 കോടി രൂപയാണ് പ്രൊജക്റ്റ് കെയുടെ ബജറ്റ്. നാഗ് അശ്വിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാസിന് പുറമെ ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, ദിഷ പഠാനി, കമൽ ഹാസൻ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. സയൻസ് ഫിക്ഷനാണ് സിനിമയുടെ ഴോണറെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും 'പ്രൊജക്റ്റ് കെ' ഒരു ടൈം ട്രാവൽ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ ഒരു ഴോണർ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image