
ജോലിയും വ്യക്തിജീവിതവും പരസ്പരം ഇടകലരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. സോഷ്യല്‍ മീഡിയയുടെ കടന്ന് വരവിലൂടെ ബന്ധുക്കളുമായും, സുഹൃത്തുക്കളുമായും സംസാരിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങളെ ഉപയോഗപ്പെടുത്താറുണ്ട് നമ്മള്‍. എന്നാല്‍ ഈ ഡിജിറ്റല്‍ ടൂള്‍സ് വന്നതോടെ ജോലിയും വ്യക്തിജീവിതവും ഇടകലരാതിരിക്കാന്‍ പാടുപെടുകയാണ് മനുഷ്യര്‍. രാത്രി വൈകിയും, അവധി ദിവസങ്ങളിലും, വാരാന്ത്യത്തിലുമെല്ലാം ജോലി കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ ചില മീറ്റിങ്ങുകളും മെസ്സേജുകളുമെല്ലാം പ്രേരിപ്പിക്കും. ഇതിനിടയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരിക്കാനും, സാമൂഹിക ഇടപെടലുകള്‍ നടത്താനും സമയം എപ്പോഴാണ്?
നിലവില്‍ തൊഴിലാളികളുടെ പ്രശ്നം അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതല്ല, മറിച്ച് എപ്പോഴും ഓണ്‍ലൈനില്‍ ഉണ്ടായിരിക്കുക എന്നതാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതങ്ങള്‍, വ്യത്യസ്തങ്ങളായ മാര്‍ക്കെറ്റുകള്‍, പുതിയ പുതിയ ഉത്തരവാദിത്തങ്ങള്‍ ഇതൊക്കെ കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന്റെയെല്ലാം പരിണിത ഫലങ്ങള്‍ എന്താണ്, സമ്മര്‍ദം, ഉറക്കക്കുറവ്, ക്ഷീണം. ഈ വാക്കുകളൊക്കെ ദൈന്യം ദിന ജീവിതത്തിന്റെ ഭാഗമാവുകയാണ്.
സത്യത്തില്‍ പെട്ടെന്നൊരു പരിഹാരം ഈ കാര്യങ്ങള്‍ക്കുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. തൊഴിലിനെയും ജീവിതത്തെയും എങ്ങനെ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാം, ചിന്തിക്കേണ്ട കാര്യമാണ്.
ആരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ജോലി ചെയ്യാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ സമ്മര്‍ദത്തിലാവുകയും, ജോലിഭാരം കൂടുകയും ചെയ്യുമ്പോള്‍ അത് ജോലി സമയത്തെ മാത്രമല്ല നമ്മുടെ വ്യക്തിപരമായ ജീവിതത്തെയും ബാധിക്കുന്നു. ശാരീരികവും, മാനസികവുമായി ഇത്തരം പ്രശ്നങ്ങള്‍ ഓരോരുത്തരെയും ബാധിക്കും.
മെഡിറ്റേഷനായി അല്‍പ്പം സമയം മാറ്റിവയ്ക്കുക. നിങ്ങള്‍ ഒരു കമ്പനിയുടെ സിഇഒ ആയാലും, ഫ്രീലാന്‍സ് ജോലിക്കാരനായാലും മെഡിറ്റേഷന്‍ ചെയ്യുന്നത് ഒരിക്കലും ആഡംബരമല്ല. ജോലി തുടങ്ങുന്നതിന് മുന്‍പ്, സമ്മര്‍ദം അനുഭവപ്പെടുമ്പോള്‍ ദീര്‍ഘനിശ്വാസം എടുക്കുന്നത് പോലെ എളുപ്പത്തില്‍ മെഡിറ്റേഷനും ചെയ്യാം.
മനുഷ്യശരീരം ഒരിക്കലും നിര്‍മ്മിച്ചിരിക്കുന്നത് 10 മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കാന്‍ കഴിയുന്ന രീതിയിലല്ല. ജോലിക്കിടയിലും ചില സ്ട്രെച്ചുകള്‍, ചെറിയ നടത്തങ്ങളൊക്കെ ശീലമാക്കുന്നത് മാനസികമായും ശാരീരികമായും ഗുണം ചെയ്യും.
ഭക്ഷണം വിശക്കുമ്പോള്‍ ശരീരത്തിന് നല്‍കേണ്ട ഇന്ധനം മാത്രമല്ല, അത് ഊര്‍ജവും കൂടിയാണ്. കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് പ്രാധാന്യം നല്‍കുക. സ്‌ക്രീനിന് മുന്‍പില്‍ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
Content Highlights: Strategies for a Healthier Work-Life Balance