കാട്ടാക്കടയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്, ഭർത്താവിനായുള്ള തിരച്ചിൽ തുടരുന്നു

സംഭവത്തിന് ശേഷം ഭർത്താവ് രഞ്ജിത്ത് ഒളിവിൽ പോയിരുന്നു

dot image

തിരുവനന്തപുരം: കാട്ടാക്കടയിലെ യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെയായിരുന്നു യുവതിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭർത്താവ് രഞ്ജിത്ത് ഒളിവിൽ പോയിരുന്നു .ഭർത്താവിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. രഞ്ജിത്തിന്റെ വാഹനം പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.

പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ മുരളിയെ (39) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാട്ടാക്കട മുതിയാവിള കാവുവിളയിലെ വാടക വീടിനു സമീപമുള്ള റബർ പുരയിടത്തിലായിരുന്നു മൃതദേഹം. ഇന്നലെ രാവിലെ പതിനൊന്നോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിനടുത്ത് നിന്ന് ഒരു താക്കോൽ കൂട്ടവും ബീഡിയും കിട്ടിയിട്ടുണ്ട്. മൃതദേഹത്തിൽ മർദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. കണ്ണിനും മൂക്കിനുമെല്ലാം ക്ഷതമേറ്റ നിലയിലായിരുന്നുവെന്നാണ് വിവരം.

ഓട്ടോ ഡ്രൈവറായ രഞ്ജിത്തും മായ മുരളിയും ജനുവരിയിലാണ് ഈ വീട്ടിൽ താമസത്തിനെത്തിയത്. മായയുടെ ആദ്യ ഭർത്താവ് എട്ട് വർഷം മുമ്പ് മരിച്ചു. ആ ബന്ധത്തിൽ രണ്ട് പെൺമക്കളുണ്ട്. മക്കളെ മായയുടെ വീട്ടുകാരാണ് നോക്കുന്നത്. 8 മാസം മുമ്പാണ് മായ രഞ്ജിത്തിനൊപ്പം താമസം തുടങ്ങിയത്. ഇരുവരും ആദ്യം പേരൂർക്കടയ്ക്ക് സമീപമായിരുന്നു താമസം. മായയുടെ മൂത്ത മകൾ ഓട്ടിസം ബാധിതയാണ്. ഈ കുട്ടിയെ ചികിത്സയ്ക്കായി മായയുടെ ബന്ധുക്കൾ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു.

ചികിത്സയിലുള്ള കുട്ടിയെ കാണാൻ അവിടെയെത്തിയ മായയെ ഇളയ മകളുടെ സാന്നിധ്യത്തിൽ രഞ്ജിത്ത് മർദിച്ചതായി പിതാവ് പറയുന്നു. ഇതിൽ പേരൂർക്കട പൊലീസിൽ പരാതിയും നൽകി. എന്നാൽ, രഞ്ജിത്ത് മർദിച്ചില്ലെന്ന മായയുടെ മൊഴിയിൽ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ ചൊവ്വാഴ്ച കുട്ടിയുമായി വീണ്ടും ചികിത്സയ്ക്ക് പോയിരുന്നു. അവിടെയെത്താമെന്ന് മായ പറഞ്ഞിരുന്നെങ്കിലും എത്തിയില്ലെന്ന് സഹോദരിയും പിതാവും പറയുന്നു. രഞ്ജിത്ത് മായയെ സ്ഥിരമായി മർദ്ദിച്ചിരുന്നതായും പൊലീസിൽ നൽകിയ പരാതിയിൽ വീട്ടുകാർ പറയുന്നുണ്ട്.

കാട്ടാക്കടയിൽ യുവതിയുടെ ദുരൂഹമരണം; വീട്ടില് വന്നുപോയത് ആര്, തിരഞ്ഞ് പൊലീസ്
dot image
To advertise here,contact us
dot image