

കോഴിക്കോട്: ചാലിയാറില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് പുഴയില്‍ കാണാതായ മാവൂര്‍ കുതിരാടം സ്വദേശി ബാസിലിന്റെ(23) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തേക്കാലോടെയാണ് കരയില്‍ നിന്നും ഏകദേശം ഇരുപത് മീറ്ററോളം ദൂരത്ത് തോണി മറിഞ്ഞ് കാണാതായ അതേ സ്ഥലത്ത് വെച്ച് മൃതദേഹം ലഭിച്ചത്. ഈ ഭാഗത്ത് ഏകദേശം മൂന്ന് ആളുടെ ഉയരത്തില്‍ വെള്ളം ഉണ്ടായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം അംഗങ്ങളാണ് മൃതദേഹം ചാലിയാറില്‍ നിന്നും മുങ്ങിയെടുത്തത്. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ചാലിയാറില്‍ മത്സ്യബന്ധനത്തിന് പോയ തോണി ആണ് മറിഞ്ഞത്. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു.
Content Highlights: Body of Youth Missing After Boat Capsizes in Chaliyar River Found