
കാസർകോട്: തീവണ്ടി കടന്നു പോയി അരമണിക്കൂർ കഴിഞ്ഞിട്ടും ഗേറ്റ് മാൻ ഗേറ്റ് തുറന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മെംഗളുരുവിൽ നിന്ന് കാച്ചിഗുഡെയിലേക്കുളള എക്സ്പ്രസ് തീവണ്ടി കടന്നു പോകുന്നതിനായി രാത്രി 9.45നാണ് ബീച്ചേരി ഗേറ്റ് അടച്ചിട്ടത്.
തീവണ്ടി കടന്ന് പോയി അരമണിക്കൂർ കഴിഞ്ഞും ഗേറ്റ് തുറക്കാതെ വന്നതോടെ കാത്തിരുന്ന യാത്രക്കാർ അന്വേഷിക്കുകയായിരുന്നു. അടുത്ത ട്രെയിൻ ഉടൻ പോകുന്നതിനായാണ് സമയം നീണ്ടു പോയിട്ടും ഗേറ്റ് തുറക്കാത്തത് എന്നാണ് ആദ്യം കരുതിയത്. സമയം കഴിയും തോറും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായതോടെ ഗേറ്റ് മാന്റെ കാബിനിൽ എത്തി അന്വേഷിക്കുകയായിരുന്നു. യാത്രക്കാർ കാബിനിൽ എത്തുമ്പോൾ ഗേറ്റ് മാൻ നല്ല ഉറക്കത്തിലായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. ഉടൻ തന്നെ അയാളെ വിളിച്ചുണർത്തുകയും ഗേറ്റ് തുറന്ന് ഗതാഗത കുരുക്ക് ഒഴിവാക്കുകയായിരുന്നു.
Content Highlights: The passengers woke up the gate man who was sleeping