Top

'കാമുകിയോട് കലിപ്പ്'; ആശുപത്രിയില്‍ യുവാവിന്റെ അക്രമം, ഡോക്ടറുള്‍പ്പടെ രണ്ടുപേര്‍ക്ക് കുത്തേറ്റു

15 Dec 2021 7:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാമുകിയോട് കലിപ്പ്; ആശുപത്രിയില്‍ യുവാവിന്റെ അക്രമം, ഡോക്ടറുള്‍പ്പടെ രണ്ടുപേര്‍ക്ക് കുത്തേറ്റു
X

സിക്കിം തലസ്ഥാനമായ ഗങ്ങടോക്കിലെ ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. ഡോക്ടറുള്‍പ്പടെ രണ്ടുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗങ്ങ്‌ടോക്കിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കത്തിയുയര്‍ത്തി കൊലവിളിയുമായി നിന്ന യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചത്.

സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള എസ്ടിഎന്‍എം ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിന് കൂട്ടുനിന്നിരുന്ന കാമുകി സംസാരിക്കാന്‍ തയ്യാറാവാതിരുന്നതോടെ യുവാവ് അക്രമാസക്തനാവുകയായിരുന്നു. ദിവസങ്ങളായി ഇയാളോട് സംസാരിക്കാനും ഫോണെടുക്കാനും കാമുകി വിസമ്മതിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഷാകുലനായ യുവാവ് മുന്നില്‍ കണ്ടവരെയെല്ലാം ആക്രമിക്കുന്ന നിലയാണ് ഉണ്ടായത്. ഇതിനിടെയാണ് ഡോക്ടറെയും നഴ്‌സിങ് അറ്റന്റിന്റര്‍ക്കും കുത്തേറ്റത്. പിന്നീട് ചോരപുരണ്ട കത്തി ഉയര്‍ത്തിപ്പിടിച്ച് ആശുപത്രിയില്‍ ചുറ്റിനടന്ന യുവാവ് മണിക്കുറുകളോളം ഭീതിപരത്തി. കുത്തേറ്റ രണ്ട് പേരുടെയും ആരോഗ്യ നില ഗൂരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തന്റെ സഹോദരീ ഭര്‍ത്താവുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും ഇയാളെ തേടിയാണ് അവിടെയെത്തിയതെന്നുമാണ് യുവാവിന്റെ പ്രതികരണം. സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു ആശുപത്രിയിലെത്തിയതിന്റെ ലക്ഷ്യമെന്നു പിന്നിലെന്നും യുവാവ് പൊലീസിന് മൊഴിനല്‍കിയത്. ഇതിനിടെയാണ് കാമുകിയെ കാണുന്നതും അക്രമങ്ങള്‍ അരങ്ങേറിയതും. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Next Story