Top

മൃതദേഹം മറവുചെയ്യാന്‍ കൂട്ടുനിന്നു; തൃശൂരില്‍ ജേഷ്ഠനെ അനിയന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ടയാളുടെ സഹോദരനുമായ സാബുവിന്റെ സുഹൃത്ത് സുനിലാണ് പിടിയിലായത്

2 April 2022 8:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൃതദേഹം മറവുചെയ്യാന്‍ കൂട്ടുനിന്നു; തൃശൂരില്‍ ജേഷ്ഠനെ അനിയന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍
X

തൃശൂർ: ചേർപ്പ് മുത്തുള്ളിയിൽ ജേഷ്ഠനെ അനിയൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ടയാളുടെ സഹോദരനുമായ സാബുവിന്റെ സുഹൃത്ത് സുനിലാണ് പിടിയിലായത്. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം മറവു ചെയ്യാൻ സഹായിച്ചത് സുനിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ 2011ൽ നടന്ന കൊലപാതക കേസിലും പ്രതിയാണ്.

കഴിഞ്ഞ മാർച്ച് 19ന് രാത്രിയോടെ ചേർപ്പ് മുത്തുള്ളി സ്വദേശി കെ ജെ ബാബുവിനെ സഹോദരൻ സാബുവാണ് കൊല്ലപ്പെടുത്തിയത്. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബുവിന്റെ മൊഴി. എന്നാൽ കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരൻ സാബു കുഴിച്ച് മൂടിയതാകാമെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം ഉണ്ടെന്ന് വ്യക്തമായി. ഇതോടെ അബോധാവസ്ഥയിലായ സഹോദരനെ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസിയാണ് മണ്ണ് ഇളകി കിടക്കുന്നതായി കണ്ടത്. സംശയം തോന്നിയ പ്രദേശവാസി നാട്ടുകാരെ കൂട്ടി മണ്ണ് മാറ്റി നോക്കിയപ്പോൾ മണ്ണിനടിയിൽ ഹോളോ ബ്രിക്‌സ് കട്ടകൾ നിരത്തിയതായി കണ്ടെത്തി. കട്ടകൾ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. കയ്യിൽ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സാബു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

Story highlights: Another one has been arrested in connection with the murder in Thrissur

Next Story

Popular Stories