Top

ക്വാളിഫയര്‍ രണ്ടില്‍ ടോസ് കൊല്‍ക്കത്തയ്ക്ക്; ഡല്‍ഹിയെ ബാറ്റിങ്ങിന് അയച്ചു

ക്വാളിഫയര്‍ വണ്ണില്‍ കളിച്ച് ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങിയത്. ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ടോം കറനു പകരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് തിരിച്ചെത്തി. എന്നാല്‍ കൊല്‍ക്കത്ത ടീമില്‍ മാറ്റമില്ല.

13 Oct 2021 1:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്വാളിഫയര്‍ രണ്ടില്‍ ടോസ് കൊല്‍ക്കത്തയ്ക്ക്; ഡല്‍ഹിയെ ബാറ്റിങ്ങിന് അയച്ചു
X

ഐ.പി.എല്‍. 2021-ലെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിനു ബാറ്റിങ്. ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ക്വാളിഫയര്‍ വണ്ണില്‍ കളിച്ച് ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങിയത്. ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ടോം കറനു പകരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് തിരിച്ചെത്തി. എന്നാല്‍ കൊല്‍ക്കത്ത ടീമില്‍ മാറ്റമില്ല.

ഫൈനല്‍ ബെര്‍ത്ത് തേടിയാണ് ഇരുടീമുകളും ഇന്നു കൊമ്പുകോര്‍ക്കുന്നത്. നിലവിലെ റണ്ണറപ്പുകളായ ഡല്‍ഹിയും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയും ലീഗ് റൗണ്ടില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ ജയം പങ്കിട്ടെടുക്കുകയായിരുന്നു.

ക്വാളിഫയര്‍ വണ്ണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു നാലു വിക്കറ്റിനു തോറ്റതിന്റെ ക്ഷീണത്തിലാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ജീവനമരണ പോരാട്ടത്തിനിറങ്ങുന്നത്. മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്തയാവട്ടെ എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാലു വിക്കറ്റിനു തകര്‍ത്തതിന്റെ ആവേശത്തിലാണ്.

ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ടീമായിരുന്നു ഡല്‍ഹിയെങ്കില്‍ കൊല്‍ക്കത്ത നാലാംസ്ഥാനക്കാരായിരുന്നു. 14 മല്‍സരങ്ങളില്‍ 10 ജയവും നാലു തോല്‍വിയുമടക്കം 20 പോയിന്റോടെയായിരുന്നു ഡല്‍ഹി ഒന്നാംസ്ഥാനക്കാരായത്. കൊല്‍ക്കത്തയാവട്ടെ 14 മല്‍സരങ്ങളില്‍ ഏഴെണ്ണത്തിലാണ് വിജയിച്ചത്.

ഇന്ത്യയിലെ ആദ്യപാദത്തില്‍ വിജയം ഡല്‍ഹിക്കായിരുന്നു. ഏഴു വിക്കറ്റിനായിരുന്നു അന്നു കൊല്‍ക്കത്തയെ ഡല്‍ഹി തുരത്തിയത്. എന്നാല്‍ ഇടവേളയ്ക്കു ശേഷം യു.എ.ഇയില്‍ ആരംഭിച്ച രണ്ടാം പാദത്തില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന കൊല്‍ക്കത്ത മൂന്നു വിക്കറ്റിനു ഡല്‍ഹിയെ വീഴ്ത്തി കണക്കുതീര്‍ത്തു. ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഡല്‍ഹിക്കെതിരേ നേരിയ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കാണ്. 15 മല്‍സരങ്ങളില്‍ കൊല്‍ക്കത്ത ജയം നേടിയപ്പോള്‍ 12 കളികളില്‍ ഡല്‍ഹിയും ജയിച്ചു.

Popular Stories

    Next Story