Top

പരിശീലന മത്സരം: മുന്‍നിര പരാജയപ്പെട്ടപ്പോള്‍ നങ്കൂരമിട്ടത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത്; അംമ്പെയറുടെ തീരുമാനത്തില്‍ അതൃപ്തനായി കോഹ്ലി

24 Jun 2022 5:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരിശീലന മത്സരം: മുന്‍നിര പരാജയപ്പെട്ടപ്പോള്‍ നങ്കൂരമിട്ടത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത്; അംമ്പെയറുടെ തീരുമാനത്തില്‍ അതൃപ്തനായി കോഹ്ലി
X

മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ താരങ്ങളെ വെള്ളം കുടിപ്പിച്ച് ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബ് ലെസസ്റ്റര്‍ഷെയര്‍. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിന് മുന്നോടിയായിട്ടുള്ള പരിശീലന മത്സരത്തില്‍ ലെസസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ ആദ്യദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തു. 81 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയുടെ സ്‌കോര്‍ താരതമ്യേന മെച്ചപ്പെട്ട നിലയിലേക്കെത്തിച്ചത് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ ചെറുത്തുനില്‍പ്പാണ്. ഭരത് 70 റണ്‍സുമായി ക്രീസിലുണ്ട്. മുഹമ്മദ് ഷമി(18) ആണ് ഭരതിന് കൂട്ടായി ക്രീസിലുള്ളത്. പ്രസിദ്ധ് കൃഷ്ണ, റിഷഭ് പന്ത്, ബുംമ്ര, പൂജാര എന്നീ ഇന്ത്യന്‍ താരങ്ങള്‍ ലെസസ്റ്റര്‍ഷെയറിനായി ഇറങ്ങി.

അതേസമയം ഓപ്പണറായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(25), ശുഭ്മാന്‍ ഗില്‍(21), ഹനുമ വിഹാരി(3), ശ്രേയസ്സ് അയ്യര്‍(0) വിരാട് കോഹ്ലി(33), രവീന്ദ്ര ജഡേജ(13), ശര്‍ദ്ദൂല്‍ ഠാക്കൂര്‍(6), ഉമേഷ് യാദവ്(23) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. ലെസസ്റ്റര്‍ഷെയറിനായി 11 ഓവറില്‍ 24 റണ്‍സിന് റൊമാന്‍ വാക്കര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഫോം നഷ്ടപ്പെട്ട ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ വിരാട് കോഹ്ലി മികച്ച രീതിയിലാണ് ബാറ്റിങ്ങ് തുടങ്ങിയത്. ബൗളര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട കോഹ്ലി നാല് ബൗണ്ടറിയും ഒരു സിക്‌സും നേടി. വോക്കറുടെ പന്തില്‍ എല്‍ബിബ്ല്യു ആയാണ് കോഹ്ലി പുറത്തായത്. അംമ്പെയറുടെ തീരുമാനത്തില്‍ അതൃപ്തനായിട്ടാണ് കോഹ്ലി ക്രീസ് വിട്ടത്.

അതേസമയം പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ മികച്ച പ്രകടനമാണ് ആന്ദ്രയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ശ്രീകര്‍ ഭരത് പുറത്തെടുത്തത്. 158 മിനിറ്റ് ക്രീസില്‍ നിന്ന ഭരത് 111 പന്തുകള്‍ നേരിട്ടു. എട്ട് ഫോറുകളും ഒരു സിക്‌സും നേടിയ 28-കാരന്‍ പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായി.ഇന്ത്യക്കായി ഇതുവരെ അന്തര്‍ദേശീയ മത്സരം കളിക്കാത്ത ശ്രീകര്‍ ഭരത് 79 കളികളില്‍ നിന്ന് 4,289 റണ്‍സാണ് ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ അടിച്ചെടുത്തത്. 274 ക്യാച്ചും 31 സ്റ്റെംമ്പിങ്ങും ഭരത്തിന്റെ പേരിലുണ്ട്.

STORY HIGHLIGHTS :indian top-order batting line up fails in warm-up match against Leicestershire



Next Story