Top

ധോണി ഇറങ്ങുമെന്നു ഞാന്‍ പറഞ്ഞു, പക്ഷേ റിഷഭ് പ്രതീക്ഷിച്ചിരുന്നില്ല; തോല്‍വിയില്‍ പ്രതികരിച്ചു 'സൂപ്പര്‍' കോച്ച്

അത്തരത്തില്‍ ഒരു നീക്കം ധോണിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നു താന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നെന്നും വെളിപ്പെടുത്തുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്.

11 Oct 2021 12:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധോണി ഇറങ്ങുമെന്നു ഞാന്‍ പറഞ്ഞു, പക്ഷേ റിഷഭ് പ്രതീക്ഷിച്ചിരുന്നില്ല; തോല്‍വിയില്‍ പ്രതികരിച്ചു സൂപ്പര്‍ കോച്ച്
X

ഐ.പി.എല്‍. 2021-ന്റെ ആദ്യ ക്വാളിഫയറില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ കടന്നതിന്റെ ആരവം അടങ്ങിയിട്ടില്ല. ചെന്നൈ നായകനും ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറുമായ മഹേന്ദ്ര സിങ് ധോണിയുടെ സൂപ്പര്‍ ഫിനിഷിങ്ങാണ് ചെന്നൈയെ വിജയത്തിലേക്കു നയിച്ചത്.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്നു വിഭിന്നമായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു മുമ്പേയാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. ഈ നീക്കം ശരിക്കും ഡല്‍ഹി ക്യാപിറ്റല്‍സിനെ അമ്പരപ്പിച്ചിരുന്നു. നിലവില്‍ മോശം ഫോമിലുണ്ടായിരുന്ന ധോണിയെ എളുപ്പത്തില്‍ കീഴടക്കാമെന്നാണ് ഡല്‍ഹി നായകന്‍ റിഷഭ് പന്ത് ചിന്തിച്ചിരുന്നതെന്നു വ്യക്തം.

എന്നാല്‍ അതിനായി ഡല്‍ഹി തയാറെടുത്തിരുന്നില്ലെന്നും അത്തരത്തില്‍ ഒരു നീക്കം ധോണിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നു താന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നെന്നും വെളിപ്പെടുത്തുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണിയെന്നതില്‍ യാതൊരു സംശയവുമില്ല. ധോണിക്കെതിരേ നന്നായി പന്തെറിയാന്‍ ഞങ്ങള്‍ക്കു സാധിച്ചില്ല. ആ സമയത്ത് ധോണിയാണോ രവീന്ദ്ര ജഡേജയാണോ അടുത്തതായി ഇറങ്ങുകയെന്ന ചര്‍ച്ചയിലായിരുന്നു ഡഗ്ഗൗട്ടില്‍. എന്നാല്‍ അടുത്തതായി ധോണി തന്നെ ഇറങ്ങുമെന്നും കളി പിടിക്കുമെന്നും ഞാന്‍ കൈയുയര്‍ത്തി പറഞ്ഞു''- പോണ്ടിങ് വ്യക്തമാക്കി.

ആ നീക്കം ഫീല്‍ഡില്‍ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പോണ്ടിങ് പരോക്ഷമായി കൂട്ടിച്ചേര്‍ത്തു. ''അത്തരമൊരു നീക്കം ടീം പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. ഞങ്ങള്‍ക്ക് കാര്യങ്ങള്‍ വേണ്ടവിധം ചെയ്യാന്‍ കഴിഞ്ഞില്ല. ധോണിക്കെതിരേ ഒന്നു പിഴച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. അത്തരമൊരു പിഴവ് ടീമിനു സംഭവിച്ചു. അതിനു നല്‍കേണ്ടി വന്ന വില വലുതായിരുന്നു''- പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories