
കേരള ക്രിക്കറ്റ് ലീഗിനെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ ആഭ്യന്തര ട്വന്റി20 ലീഗായി വളർത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇതിനായി കെസിഎ സമഗ്ര പദ്ധതികൾ ആവിഷ്കരിക്കും. നിലവിൽ രാജ്യത്തെ ഒന്നാം നമ്പർ ലീഗായ തമിഴ്‌നാട് പ്രീമിയർ ലീഗിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നത്. ലീഗിന്റെ നിലവാരം ഉയർത്തുന്നതിനൊപ്പം കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാനും സംപ്രേക്ഷണത്തിലൂടെ ആഗോള ശ്രദ്ധ നേടാനും ലക്ഷ്യമിട്ടുള്ളതാകും പുതിയ പദ്ധതികൾ. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വരവ് കെസിഎൽ രണ്ടാം സീസണിന്റെ താരമൂല്യം ഉയർത്തുമെന്നും കൂടതൽ ആരാധകരെ ലീഗിലേക്ക് അടുപ്പിക്കുമെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അഭിപ്രായപ്പെട്ടു.
ആദ്യ സീസണിൽ നിന്ന് വ്യത്യസ്തമായി ലീഗിന്റെ പ്രചാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംപ്രേക്ഷണ അവകാശത്തിലും വലിയ മാറ്റങ്ങളാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. രണ്ടാം സീസണിലെ എല്ലാ മത്സരങ്ങളും ഏഷ്യാനെറ്റ് പ്ലസ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതോടൊപ്പം പ്രമുഖ സ്പോർട്സ് ശൃംഖലയായ സ്റ്റാർ സ്പോർട്സിലും ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലും മത്സരങ്ങൾ ലഭ്യമാക്കും. ആദ്യ സീസണിൽ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ മാത്രമായിരുന്നു ഏഷ്യാനെറ്റ് പ്ലസ് സംപ്രേക്ഷണം ചെയ്തിരുന്നത്. സ്റ്റാർ സ്പോർട്സ്, ഫാൻകോഡ് എന്നി പ്ലാറ്റ്ഫോമുകളിൽ ആദ്യ സീസണിലെ മുഴുവൻ മത്സരങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. എങ്കിലും ഉദ്ഘാടന, ഫൈനൽ മത്സരങ്ങളിലൂടെ ഏഷ്യാനെറ്റ് പ്ലസിൽ മാത്രം 3.4 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചത് കെസിഎക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ഇത്തരത്തിൽ വരും വർഷങ്ങളിലും കെസിഎൽ സംപ്രേക്ഷണം വിപുലപ്പെടുത്തി കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനാണ് കെസിഎ ശ്രമം.
കൂടാതെ, ഓരോ ജില്ലകളിലും കേരളത്തിന് പുറത്തും ഫാൻ പാർക്കുകൾ സ്ഥാപിക്കുന്നതും മത്സരത്തിനിടയിൽ വിനോദ പരിപാടികൾ ഉൾപ്പെടുത്തുന്ന കാര്യവും ആലോചിക്കും. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഇതര സംസ്ഥാനത്തുള്ളവർക്ക് നേരിട്ട് കളികാണുവാനുള്ള പ്രത്യേക ടൂർ പാക്കേജ് ക്രിക്കറ്റ് ടൂറിസത്തിന്റെ ഭാഗമായി അവലംബിക്കുമെന്നും കെസിഎ ഭാരവാഹികൾ പറഞ്ഞു. സോഷ്യൽ മീഡിയ സാന്നിധ്യം കൂടുതൽ മെച്ചപ്പെടുത്തി ഡിജിറ്റൽ ഇടത്തിലും കെസിഎൽ ആരാധകരെ സൃഷ്ടിക്കും. മത്സരം നേരിട്ട് കാണുന്നതിനായി സെലിബ്രിറ്റികൾ, ദേശിയ ക്രിക്കറ്റ് താരങ്ങൾ, ഐപിഎൽ ഫ്രാഞ്ചൈസി ടീം മാനേജ്മെന്റ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി എത്തിക്കും. ഇതിലൂടെ കേരളത്തിലെ ലീഗിന് താരപ്പരിവേഷവും ആഭ്യന്തര ശ്രദ്ധയും കൂടുതലായി നേടാൻ സാധിക്കുമെന്നും കെസിഎ വ്യക്തമാക്കുന്നു.
പുരുഷന്മാരുടെ ലീഗ് മത്സരത്തിനൊപ്പം വനിതാ ക്രിക്കറ്റിനും തുല്യ പ്രാധാന്യം നൽകാനാണ് കെസിഎ ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ സീസണുകൾക്കുള്ളിൽ വനിതാ കെസിഎൽ ആരംഭിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ അറിയിച്ചു. ഇതിന്റെ മുന്നോടിയായി ഈ സീസണിൽ വനിതാ ലീഗിനായി പ്രത്യേക ഭാഗ്യചിഹ്നം പുറത്തിറക്കും. കഴിഞ്ഞ സീസണിൽ മൂന്ന് വനിതാ അംപയർമാർ മത്സരങ്ങൾ നിയന്ത്രിച്ചതും ഈ രംഗത്തേക്കുള്ള കെസിഎയുടെ ചുവടുവെപ്പായിരുന്നു.
കെസിഎല്ലിനെ മുൻനിര ലീഗായി വളർത്തുന്നതിന്റെ ഭാഗമായി വരും സീസണുകളിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുക, ഓരോ ടീമിന്റെയും ലേലത്തിനുള്ള തുക ഉയർത്തുക, കളിക്കാർക്ക് മികച്ച പ്രതിഫലം നൽകുക തുടങ്ങിയ കാര്യങ്ങളും കെസിഎ പരിഗണിക്കും. നിലവിൽ താരലേലത്തിൽ ഓരോ ഫ്രാഞ്ചൈസിക്കും ചെലവഴിക്കാൻ കഴിയുന്ന തുക 50 ലക്ഷം രൂപയായിരുന്നു. ഇത് ഉയർത്താനുള്ള നടപടികളും സ്വീകരിക്കും. സൂപ്പർതാരം മോഹൻലാലിനെ ബ്രാൻഡ് അംബാസഡറാക്കിയത് ലീഗിന്റെ ഗ്ലാമർ വർധിപ്പിച്ചിട്ടുണ്ട്. ഇത്തരം നടപടികളിലൂടെ കൂടുതൽ ജനശ്രദ്ധ നേടുകയാണ് ലക്ഷ്യം.
കൂടുതൽ മികച്ച താരങ്ങളെ വാർത്തെടുക്കാനും അവർക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി കെസിഎല്ലിൽ നിന്നുള്ള വരുമാനം വിനിയോഗിക്കുന്ന കാര്യവും ചർച്ച ചെയ്യും. ജില്ലാ തലങ്ങളിലും സമാനമായ ലീഗുകൾ സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്താനുള്ള കാര്യവും പരിഗണനയിലുണ്ട്. രണ്ടാം സീസണിന് ശേഷം വിശദമായ ചർച്ചയിലൂടെ കർമ്മ പദ്ധതികൾക്ക് രൂപം നൽകും. ഇതിലൂടെ അഞ്ചുവർഷം കൊണ്ട് കെസിഎല്ലിനെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ശക്തവും ജനപ്രിയവുമായ ലീഗാക്കി മാറ്റാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ.
Content Highlights: KCA aims to make KCL India's number one domestic league