'ആ ആസക്തി ഒഴിവാക്കണോ, സച്ചിനെ ഒന്നു വിളിക്കൂ'; കോഹ്ലിക്ക് ഉപദേശവുമായി ഗാവസ്കര്‍
"എല്ലാ ബാറ്റര്‍മാരും പിഴവുകള്‍ വരുത്താറുണ്ട്. പലര്‍ക്കും ഭാഗ്യം തുണയാകും. എന്നാല്‍ കോഹ്ലിക്ക് ഒപ്പം ആ ഭാഗ്യമില്ല''
31 Dec 2021 5:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ഉപദേശവുമായി ഇതിഹാസ താരം സുനില്‍ ഗാവസ്കര്‍. ടെസ്റ്റ് ഒരു സെഞ്ചുറി നേടിയിട്ട് കോഹ്ലി രണ്ടു വര്‍ഷം പിന്നിടുന്ന വേളയില്‍ താരത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് ഫോമിലേക്കു മടങ്ങിയെത്താനും പിഴവുകള്‍ തിരുത്താനും എന്തു ചെയ്യണമെന്ന ഉപദേശവുമായി ഗാവസ്കര്‍ രംഗത്തു വന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ഓഫ്സൈഡിനു പുറത്തേക്കു പോകുന്ന പന്തില്‍ ബാറ്റ്വച്ചു തുടര്‍ച്ചയായി താരം പുറത്താകുന്നതാണ് വിമര്‍ശനങ്ങള്‍ക്കു കാരണം. തന്റെ ട്രേഡ്മാര്‍ക്ക് ഷോട്ടായ കവര്‍ഡ്രൈവ് കളിക്കാനുള്ള ശ്രമത്തിലാണ് കോഹ്ലി തുടര്‍ച്ചയായി വിക്കറ്റുകള്‍ വലിച്ചെറിയുന്നത്. ഇതിനെതിരേ മുന്‍താരങ്ങളടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.
ക്രിക്കറ്റില്‍ ഒരു താരം മോശം ഫോമിലൂടെ കടന്നുപോകുന്നത് സ്വാഭാവികമാണെന്നും പൂര്‍ണ അര്‍പ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇതു മറികടക്കാനാകുമെന്നുമാണ് ഗാവസ്കര്‍ പറഞ്ഞത്. കോഹ്ലിയുടെ കാര്യത്തില്‍ നേരിയ പിഴവു മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ ബാറ്റിങ് ഇപ്പോഴും മനോഹരമാണെന്നും ഭാഗ്യമില്ലാത്തതാണ് പ്രശ്നമെന്നും ഗാവസ്കര്‍ കൂട്ടിച്ചേര്‍ത്തു.
''നിങ്ങള്‍ അയാളുടെ ബാറ്റിങ് നോക്കൂ. ഒരു പിഴവുമില്ലാതെ അയാള്‍ ബാറ്റ് ചെയ്യുന്നു. പക്ഷേ ആദ്യം വരുത്തുന്ന പിഴവില്‍ അയാള്‍ പുറത്താകുന്നു. ഭാഗ്യം അയാള്‍ക്കൊപ്പമില്ല. ചില പന്തുകള്‍ ഒഴിവാക്കാമെന്ന് നിങ്ങള്‍ക്ക് അയാളെ ഉപദേശിക്കാം. എന്നാല്‍ പലപ്പോഴും അതിനു കഴിയണമെന്നില്ല. എല്ലാ ബാറ്റര്‍മാരും പിഴവുകള്‍ വരുത്താറുണ്ട്. പലര്‍ക്കും ഭാഗ്യം തുണയാകും. എന്നാല്‍ കോഹ്ലിക്ക് ഒപ്പം ആ ഭാഗ്യമില്ല''- ഗാവസ്കര്‍ പറഞ്ഞു.
കവര്‍ഡ്രൈവ് കളിക്കാനുള്ള ആസക്തി കുറയ്ക്കാനുള്ള വഴിയും ഗാവസ്കര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉപദേശിച്ചു. 2003-04 സീസണിലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സിഡ്നി ടെസ്റ്റില്‍ തന്റെ 241 നോട്ടൗട്ട് എന്ന ഐതിഹാസിക ഇന്നിങ്സില്‍ ഒറ്റ കവര്‍ഡ്രൈവ് പോലും കളിക്കാതിരുന്ന സച്ചിനെയാണ് ഇതിന് ഗാവസ്കര്‍ കൂട്ടുപിടിച്ചത്.
അക്കാലത്ത് തുടര്‍ച്ചയായി കവര്‍ഡ്രൈവ് കളിക്കാനുള്ള ശ്രമത്തില്‍ പുറത്തായിരുന്ന സച്ചിന് സിഡ്നി ടെസ്റ്റില്‍ ആ ഷോട്ടിനായി ശ്രമിച്ചതേയില്ല. പകരം ലെഗ് സൈഡ് ഷോട്ടുകളിലൂടെ വലിയ സ്കോര്‍ നേടുകയായിരുന്നു. അത് എങ്ങനെ എന്നു മനസിലാക്കാന്‍ സച്ചിനെ ഒന്നു ഫോണ്‍ ചെയ്ത് ഉപദേശം തേടാനും ഗാവസ്കര്‍ ഉപദേശിച്ചു.
''നിങ്ങള്‍ സച്ചിനെ ഒന്നു ഫോണില്‍ വിളിക്കൂ... ഒരു പുതുവത്സരാശംസ നേരൂ... ആ സംസാരത്തിനിടയില്‍ ചോദിക്കണം സിഡ്നിയില്‍ എങ്ങനെ ഓഫ്സൈഡ് ഷോട്ടുകള്‍ കളിക്കാതെ പിടിച്ചുനിന്നു എന്ന്. അതു നിങ്ങളെ ഏറെ സഹായിക്കും. ഒപ്പം സീനിയര്‍ താരത്തിന് ആശംസയും നേരാം''- ഗാവസ്കര്‍ കോഹ്ലിയോടു പറഞ്ഞു.