Top

പാക് ബൗളറെ 'ഇങ്ങനെ' തല്ലാന്‍ എങ്ങനെ തോന്നി; വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

സംഭവത്തില്‍ ആര്‍ അശ്വിന്റെ അഭിപ്രായമെന്താണെന്നു അദ്ദേഹത്തെ ടാഗ് ചെയ്ത് ഗംഭീര്‍ ചോദിക്കുകയും ചെയ്തു.

12 Nov 2021 8:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാക് ബൗളറെ ഇങ്ങനെ തല്ലാന്‍ എങ്ങനെ തോന്നി; വിമര്‍ശനവുമായി ഗൗതം ഗംഭീര്‍
X

തീയുണ്ട പോലെ പന്തെറിയുന്ന പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ പഞ്ഞിക്കിട്ട് മാത്യു വേഡ് ഓസ്‌ട്രേലിയയെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ച പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അഫ്രീദി എറിഞ്ഞ 19-ാം ഓവറില്‍ തന്നെ ജയിക്കാന്‍ വേണ്ട 22 റണ്‍സും അടിച്ചെടുത്ത വേഡിന്റെ അവസാന മൂന്നു സിക്‌സറുകളുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

ഇതിനിടയില്‍ മറ്റൊരു പാകിസ്താന്‍ ബൗളറെ 'തല്ലിയ' ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരിക്കുയാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തതാണ് വാര്‍ണറിന്റെ ഷോട്ടെന്നും ഗംഭീര്‍ പറഞ്ഞു. മത്സരത്തില്‍ 30 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്‌സറുകളും ബൗണ്ടറികളും സഹിതം 49 റണ്‍സ് നേടിയ വാര്‍ണറായിരുന്നു ഓസ്‌ട്രേലിയയുടെ ടോപ്‌സ്‌കോറര്‍. ഓസീസ് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലായിരുന്നു വിവാദത്തിനും വിമര്‍ശനത്തിനും വഴിവച്ച വാര്‍ണറിന്റെ ഷോട്ട്.

സ്പിന്നര്‍ മുഹമ്മദ് ഹഫീസായിരുന്നു ആ ഓവര്‍ എറിഞ്ഞത്. ആദ്യ ബോള്‍ എറിയുന്നതിനിടെ ഹഫീസിന്റെ കൈയില്‍ നിന്നും നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബോള്‍ രണ്ടു തവണ പിച്ച് ചെയ്ത് വൈഡിലേക്കു നീങ്ങി. പക്ഷെ വാര്‍ണര്‍ അതിനെ വെറുതേ വിടാന്‍ തയാറായില്ല. ലെഗ് സൈഡിലേക്ക് ചാടിയിറങ്ങിയ വാര്‍ണര്‍ പന്ത് നിലം തൊടീക്കാതേ ഗാലറിയിലേക്കു പറത്തി. തൊട്ടുപിന്നാലെ അമ്പയര്‍ നോബോള്‍ വിളിക്കുകയും ചെയ്തു.


തുടര്‍ന്ന് ലഭിച്ച ഫ്രീഹിറ്റില്‍ വാര്‍ണര്‍ രണ്ടു റണ്‍സ് ഓടി നേടുകയും ചെയ്തു. ഇതോടെ എട്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് ഒമ്പതു റണ്‍സ് നേടി. ഡബിള്‍ ബൗണ്‍സ് ചെയ്ത പന്തില്‍ ഷോട്ട് കളിക്കാന്‍ വാര്‍ണര്‍ തയാറായതിനേയാണ് ഗംഭീര്‍ വിമര്‍ശിച്ചത്. ഇത്തരമൊരു ബോളില്‍ വാര്‍ണര്‍ ഷോട്ട് കളിച്ചത് ക്രിക്കറ്റിന്റെ സ്പിരിറ്റിനു ചേര്‍ന്ന നടപടിയല്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ഈ സംഭവത്തില്‍ ആര്‍ അശ്വിന്റെ അഭിപ്രായമെന്താണെന്നു അദ്ദേഹത്തെ ടാഗ് ചെയ്ത് ഗംഭീര്‍ ചോദിക്കുകയും ചെയ്തു. നേരത്തേ ഐ.പി.എല്ലിനിടെ മങ്കാദിങ് റണ്ണൗട്ടിലൂടെ വിവാദ നായകനായിട്ടുള്ള താരമാണ് അശ്വിന്‍. ക്രിക്കറ്റിന്റെ സ്പിരിറ്റിനു എതിരായിരുന്നു ഇതെന്നു അന്നു വലിയ വിമര്‍ശനങ്ങളും അദ്ദേഹം നേരിട്ടിരുന്നു.

അതേസമയം മത്സരത്തില്‍ വാര്‍ണറിന്റെ പുറത്താകലും വിവാദമായിരുന്നു. യഥാര്‍ഥത്തില്‍ ഔട്ടല്ലാതിരുന്നിട്ടും അംപയറിങ് പിഴവിലാണ് വാര്‍ണര്‍ മടങ്ങിയത്. ഷദാബ് ഖാന്‍ എറിഞ്ഞ 11-ാം ഓവറില്‍ ഷോട്ടിന് ശ്രമിച്ച വാര്‍ണറിന് കണക്ട് ചെയ്യാനായില്ല. എന്നാല്‍ വിക്കറ്റിനു പിന്നില്‍ കീപ്പര്‍ പിടികൂടിയെന്ന് അവകാശപ്പെട്ട് പാക് താരങ്ങള്‍ അപ്പീല്‍ ചെയ്തത് അമ്പയര്‍ അനുവദിക്കുകയായിരുന്നു. അമ്പയിനെയും പാക് താരങ്ങളെയും വിശ്വസിച്ച വാര്‍ണര്‍ ഡി.ആര്‍.എസിനു ശ്രമിക്കാതെ ഉടന്‍ ക്രീസ് വിടുകയും ചെയ്തു. എന്നാല്‍ പിന്നീട് റീപ്ലേകളില്‍ പന്ത് ബാറ്റില്‍ കൊണ്ടില്ലെന്നു വ്യക്തമായി. മല്‍സരത്തില്‍ ഓസീസ് ജയിച്ചതിനാല്‍ ഈ പിഴവ് അത്ര വലിയ വിവാദമാകില്ല. മറിച്ചായിരുന്നെങ്കില്‍ ആരാധക രോഷമുണ്ടായേനെ.
Next Story

Popular Stories