'നീ എന്തിനാണ് എന്നെ നോക്കുന്നത്?'; മത്സരത്തിനിടെ വാഷിങ്ടണ് സുന്ദറിനോട് രോഹിത്, വൈറല്

പന്തെറിഞ്ഞ വാഷിങ്ടണും ഒന്നും പ്രതികരിക്കാതെ നില്ക്കുന്നതുകണ്ടപ്പോഴായിരുന്നു രോഹിത്തിന്റെ ചോദ്യം

dot image

കൊളംബോ: ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം സമനിലയില് അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊളംബോയില് നടന്ന മത്സരത്തില് ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 50 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 230 റണ്സ് നേടി. വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ 47.5 ഓവറില് 230 റണ്സിന് ഓള്ഔട്ടാവുകയായിരുന്നു. മത്സരത്തില് ലങ്കയുടെ ബാറ്റിങ്ങിനിടെ ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മയും ബൗളര് വാഷിങ്ടണ് സുന്ദറുമായുള്ള ഒരു സംഭാഷണം വൈറലായിരിക്കുകയാണ്.

ശ്രീലങ്കയുടെ ഇന്നിങ്സിനിടെ 29-ാം ഓവറിലാണ് സംഭവം. ക്രീസിലുണ്ടായിരുന്ന ദുനിത് വെല്ലാലഗെയെ ബൗള് ചെയ്ത ശേഷം വാഷിങ്ടണും മറ്റു ഇന്ത്യന് താരങ്ങളും എല്ബിഡബ്ല്യുവിനായി അപ്പീല് ചെയ്തെങ്കിലും അംപയര് അനുവദിച്ചിരുന്നില്ല. ഇതോടെ ഇന്ത്യ റിവ്യൂ നല്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല് എന്തുചെയ്യണമെന്നറിയാതെ നിന്ന ക്യാപ്റ്റന് ടീമംഗങ്ങളോട് ചോദിക്കുന്നുണ്ടെങ്കിലും ആരും കാര്യമായി പ്രതികരിച്ചില്ല.

പന്തെറിഞ്ഞ വാഷിങ്ടണും ഒന്നും പ്രതികരിക്കാതെ നില്ക്കുന്നതുകണ്ടപ്പോഴായിരുന്നു രോഹിത്തിന്റെ ചോദ്യം. 'എന്താണെന്ന് നീ പറയൂ. നീ എന്തിനാണ് എന്നെ നോക്കുന്നത്? നിനക്ക് വേണ്ടി ഞാന് എല്ലാം ചെയ്യണോ?', രോഹിത് ചിരിച്ചുകൊണ്ട് ഹിന്ദിയില് ചോദിച്ചു. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത ഈ രസകരമായ സംഭാഷണം സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്.

ഒടുവില് ഇന്ത്യ റിവ്യൂ വേണ്ടെന്ന് വെക്കുകയായിരുന്നു. ഈ തീരുമാനം ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. പാഡില് പതിക്കുന്നതിനുമുന്പ് ബാറ്റില് പന്ത് തട്ടിയിരുന്നുവെന്ന് റിപ്ലേയില് വ്യക്തമായി. ഇന്ത്യ ആ റിവ്യൂ എടുത്തിരുന്നെങ്കില് ഒരു റിവ്യൂ നഷ്ടമാകുമായിരുന്നു.

dot image
To advertise here,contact us
dot image