
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയുമായുള്ള തന്റെ ബന്ധം ടിആര്‍പി റേറ്റിങ്ങിന് നല്ലതാണെങ്കിലും പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍. കോഹ്‌ലിയും ഗംഭീറുമായുള്ള അസ്വാരസ്യങ്ങള്‍ പലതവണ വാര്‍ത്തയായിട്ടുള്ളതാണ്. ഇപ്പോള്‍ അജിത്ത് അഗാര്‍ക്കറുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തത വരുത്തി ഗംഭീര്‍ രംഗത്തെത്തിയത്.
'വിരാട് കോഹ്‌ലിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നത് ടിആര്‍പി റേറ്റിങ്ങിന് നല്ലതാണ്. പക്ഷേ അത് പരസ്യമാക്കാന്‍ ഞാന്‍ തയ്യാറല്ല. പക്വതയുള്ള രണ്ട് വ്യക്തികള്‍ക്കിടയിലുള്ള ബന്ധമാണത്. ഫീല്‍ഡിലാണെങ്കില്‍ ഞങ്ങള്‍ ഇരുവര്‍ക്കും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുകയെന്ന ഒരേ ലക്ഷ്യമാണുള്ളത്. ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതിലാണ്. അങ്ങനെതന്നെ തുടരുകയും ചെയ്യും', ഗംഭീര്‍ പറഞ്ഞു.
ഫീല്‍ഡിന് പുറത്തും വളരെ നല്ല ബന്ധം തന്നെയാണ് പുലര്‍ത്തുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി. 'ഞങ്ങളുടേത് ഏതുതരത്തിലുള്ള ബന്ധമാണെന്ന് പരസ്യമാക്കേണ്ട ആവശ്യമില്ല. അത് രണ്ട് വ്യക്തികള്‍ക്കിടയിലുള്ളതാണ്. ഞങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. അതൊന്നും വാര്‍ത്തയാക്കേണ്ട പ്രാധാന്യം ഇപ്പോഴില്ല. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ കഠിനമായി പരിശ്രമിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം. അതാണ് ഞങ്ങളുടെ ജോലി', ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.