
മുംബൈ: ഐസിസി ചാമ്പ്യന്സ് ട്രോഫി വരെ ഇന്ത്യയുടെ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശര്മ്മ തന്നെ തുടരും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഹിത് ശര്മ്മയുടെ നായകത്വത്തില് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പും ഐസിസി ചാമ്പ്യന്സ് ട്രോഫിയും നേടുമെന്നും ജയ് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'ഏകദിന ലോകകപ്പ് ഫൈനലില് പരാജയം വഴങ്ങിയപ്പോള് ബാര്ബഡോസില് ഇന്ത്യന് പതാക ഉയരുമെന്ന് ഞാന് പറഞ്ഞിരുന്നു. നമ്മുടെ ക്യാപ്റ്റന് അതു ചെയ്തുകാണിച്ചുതന്നു. ഈ ടീമില് എനിക്ക് നല്ല വിശ്വാസമുണ്ട്. രോഹിത് ശര്മ്മയുടെ നായകത്വത്തില് നമ്മള് ടെസ്റ്റ് ചാമ്പ്യന്ഷിപ്പും ചാമ്പ്യന്സ് ട്രോഫിയും വിജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്', വീഡിയോ സന്ദേശത്തിലൂടെ ജയ് ഷാ വ്യക്തമാക്കി.
Jay Shah dedicates the World Cup Final victory to Dravid, Rohit, Kohli and Jadeja.
— Mufaddal Vohra (@mufaddal_vohra) July 7, 2024
- He also confirms Rohit will lead India in WTC Final and Champions Trophy. 🏆pic.twitter.com/120pGNNKS7
ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ സ്റ്റാര് ബാറ്റര് വിരാട് കോഹ്ലിക്കൊപ്പം ക്യാപ്റ്റന് രോഹിത് ശര്മ്മയും ടി 20 ഫോര്മാറ്റില് നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 2023 ഏകദിന ലോകകപ്പോടെ രോഹിത്തും കോഹ്ലിയും ഏകദിനങ്ങളില് നിന്ന് വിരമിക്കല് പ്രഖ്യാപിക്കുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് ഏകദിന ലോകകപ്പ് ഉയര്ത്താന് കഴിയാതെ പോയതോടെ ഇരുതാരങ്ങളും വിരമിക്കല് തീരുമാനത്തില് നിന്ന് പിന്മാറുകയായിരുന്നു.