'അന്ന് മുതല്‍ നിങ്ങള്‍ക്ക് എന്നെ കാണാനാവില്ല'; വിരമിക്കല്‍ പദ്ധതികളെക്കുറിച്ച് കോഹ്‌ലി

'കളിക്കുന്ന കാലത്തോളം ക്രിക്കറ്റിന് വേണ്ടി എന്റെ എല്ലാം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'
'അന്ന് മുതല്‍ നിങ്ങള്‍ക്ക് എന്നെ കാണാനാവില്ല'; വിരമിക്കല്‍ പദ്ധതികളെക്കുറിച്ച് കോഹ്‌ലി

ബെംഗളൂരു: ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഒരു നീണ്ട ഇടവേള എടുക്കുമെന്ന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ താരത്തിന്റെ പ്രകടനത്തിനായി ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെയാണ് തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തലുമായി 35കാരനായ കോഹ്‌ലി രംഗത്തെത്തിയത്.

ഐപിഎല്ലില്‍ മെയ് 18ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള നിര്‍ണായക മത്സരത്തിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ആര്‍സിബിയുടെ റോയല്‍ ഗാല ഡിന്നറിലാണ് കോഹ്‌ലിയോട് വിരമിക്കല്‍ പദ്ധതികളെ കുറിച്ച് ചോദ്യം ഉയര്‍ന്നത്. 'അത് വളരെ ലളിതമാണ്. ഒരു കായികതാരമെന്ന നിലയില്‍ നമ്മുടെ കരിയറിന് ഒരു അവസാന തീയതി ഉണ്ടെന്ന് എനിക്കറിയാം. അത് ഈ പ്രത്യേക ദിവസമായിരിക്കുമല്ലോ എന്നെല്ലാം ആലോചിച്ച് കരിയര്‍ അവസാനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല', കോഹ്‌ലി പറഞ്ഞു.

'എപ്പോഴും ഒരേ വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒരു ജോലിയും ഞാന്‍ പാതിവഴിയില്‍ അവസാനിപ്പിക്കില്ല. അതില്‍ പിന്നീട് കുറ്റബോധം തോന്നുകയുമില്ല', കോഹ്‌ലി പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താന്‍ ഒരു നീണ്ട ഇടവേള എടുക്കുമെന്ന സൂചനയും കോഹ്‌ലി നല്‍കി.

'ക്രിക്കറ്റില്‍ എന്റെ റോള്‍ അവസാനിച്ചെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. കുറച്ചുകാലത്തേക്ക് നിങ്ങള്‍ക്ക് എന്നെ കാണാനാകില്ല. അതുകൊണ്ട് തന്നെ കളിക്കുന്ന കാലത്തോളം എന്റെ എല്ലാം ക്രിക്കറ്റിന് വേണ്ടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും', കോഹ്‌ലി ചിരിച്ചുകൊണ്ട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com