രോഹിത്- ഗില്‍ പോരാട്ടത്തിന് ശേഷം സര്‍ഫറാസ്- പടിക്കല്‍ ആക്രമണം; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

കുല്‍ദീപ് യാദവും (27*) ജസ്പ്രീത് ബുംറയുമാണ് (19*) ക്രീസില്‍
രോഹിത്- ഗില്‍ പോരാട്ടത്തിന് ശേഷം സര്‍ഫറാസ്- പടിക്കല്‍ ആക്രമണം; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 255 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയ 218 റണ്‍സിനെതിരെ ബാറ്റേന്തിയ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെടുത്തിട്ടുണ്ട്. കുല്‍ദീപ് യാദവും (27*) ജസ്പ്രീത് ബുംറയുമാണ് (19*) ക്രീസില്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (103) ശുഭ്മാന്‍ ഗില്ലും (110) സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഇതിന് പിന്നാലെ സര്‍ഫറാസ് ഖാനും (56) അരങ്ങേറ്റ മത്സരം കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലും (65) ഇംഗ്ലണ്ടിനെ അടിച്ചുപറത്തിയതോടെ ആതിഥേയര്‍ മികച്ച ടോട്ടല്‍ പിന്നിട്ടു. ഇംഗ്ലണ്ടിന് വേണ്ടി ശുഐബ് ബഷീര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനെ (57) മാത്രമാണ് ഇന്ത്യയ്ക്ക് ആദ്യ ദിനം നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വണ്‍ഡൗണായി എത്തിയ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് രണ്ടാം ദിനം പോരാട്ടം തുടര്‍ന്നു. ഇതിനിടെ രോഹിത്തും ഗില്ലും സെഞ്ച്വറി തികച്ചു. ഹിറ്റ്മാന്റെ കരിയറിലെ 12-ാമത് ടെസ്റ്റ് സെഞ്ച്വറിയാണിത്. ഗില്ലിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയും.

രോഹിത്- ഗില്‍ പോരാട്ടത്തിന് ശേഷം സര്‍ഫറാസ്- പടിക്കല്‍ ആക്രമണം; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്
ധര്‍മ്മശാലയില്‍ 'ഹിറ്റ്മാന്‍ ഷോ'; ഒറ്റ സെഞ്ച്വറിയില്‍ തകര്‍ന്നത് നിരവധി റെക്കോര്‍ഡുകള്‍

മൂന്നക്കം തികച്ചതിന് പിന്നാലെ രോഹിത്തിന് മടങ്ങേണ്ടി വന്നു. 162 പന്തില്‍ മൂന്ന് സിക്സും 13 ബൗണ്ടറിയുമടക്കം 103 റണ്‍സെടുത്ത ഇന്ത്യന്‍ നായകനെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ക്ലീന്‍ ബൗള്‍ഡാക്കി പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഗില്ലിനും പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. 150 പന്തില്‍ നിന്ന് 12 ബൗണ്ടറിയും അഞ്ച് സിക്‌സുമടക്കം 110 റണ്‍സെടുത്ത ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ബൗള്‍ഡാക്കി.

പിന്നാലെ പോരാട്ടം ഏറ്റെടുത്ത് ദേവ്ദത്ത് പടിക്കല്‍- സര്‍ഫറാസ് ഖാന്‍ സഖ്യം ക്രീസിലൊരുമിച്ചു. അര്‍ദ്ധസെഞ്ച്വറി നേടി ചെറുത്തുനിന്ന ഇരുവരെയും പുറത്താക്കി ശുഐബ് ബഷീര്‍ ഇംഗ്ലണ്ടിന് ആശ്വാസം നല്‍കി. 60 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ബൗണ്ടറിയും സഹിതം 56 റണ്‍സെടുത്താണ് സര്‍ഫറാസ് മടങ്ങിയത്. അരങ്ങേറ്റക്കാരനായ ദേവ്ദത്ത് പടിക്കല്‍ 103 പന്തുകള്‍ നേരിട്ട് 65 റണ്‍സ് അടിച്ചുകൂട്ടി. പത്ത് ബൗണ്ടറിയും ഒരു സിക്‌സുമാണ് ഈ മലയാളി താരത്തിന്റെ ബൗണ്ടറിയില്‍ നിന്ന് പിറന്നത്. ടീം ടോട്ടല്‍ 400 കടത്തിയായിരുന്നു ദേവ്ദത്ത് കൂടാരം കയറിയത്.

എന്നാല്‍ പിന്നീടെത്തിയ ആര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ധ്രുവ് ജുറേലിനെ (15) ശുഐബ് ബഷീര്‍ ബെന്‍ ഡക്കറ്റിന്റെ കൈകളിലെത്തിച്ചപ്പോള്‍ രവീന്ദ്ര ജഡേജയെ (15) ടോം ഹാര്‍ട്‌ലി വിക്കറ്റിന് മുന്നില്‍ കുരുക്കി. രവിചന്ദ്രന്‍ അശ്വിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ ടോം ഹാര്‍ട്‌ലി ബൗള്‍ഡാക്കി. 27 റണ്‍സെടുത്ത് കുല്‍ദീപ് യാദവും 19 റണ്‍സെടുത്ത് ജസ്പ്രീത് ബുംറയുമാണ് ക്രീസിലുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com