
ന്യൂഡല്ഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില് നിന്ന് മലയാളി താരം സഞ്ജു സാംസണ് പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് സ്ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഏഷ്യന് ഗെയിംസിനുള്ള ഇന്ത്യന് സ്ക്വാഡിനെ നയിക്കുന്ന റുതുരാജ് ഗെയ്ക്വാദ്, പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്, മോശം ഫോമിലുള്ള സൂര്യകുമാര് യാദവ് എന്നിവര്ക്കുള്പ്പടെ ടീമില് സ്ഥാനം ലഭിച്ചപ്പോഴും സഞ്ജുവിനെ പരിഗണിച്ചില്ല. ഏഷ്യ കപ്പ്, ലോകകപ്പ്, ഏഷ്യന് ഗെയിംസ് ടീമുകള്ക്ക് പിന്നാലെ ഓസീസ് പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിനെ ഒഴിവാക്കിയതില് കടുത്ത വിമര്ശനങ്ങളാണ് ഉയരുന്നത്.
സഞ്ജുവിനോടുള്ള അവഗണനയില് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന് ഇന്ത്യന് താരം റോബിന് ഉത്തപ്പ. ഇപ്പോള് ആരും സഞ്ജുവിന്റെ സ്ഥാനത്ത് ഇരിക്കാന് ആഗ്രഹിക്കുന്നുണ്ടാവില്ലെന്നാണ് ഉത്തപ്പ സമൂഹമാധ്യമമായ എക്സില് കുറിച്ചത്. 'ടീമിലുണ്ടെങ്കിലും ഒരുപക്ഷേ അദ്ദേഹത്തിന് ഒരു മത്സരം പോലും ലഭിക്കില്ല എന്നതാകാം ന്യായീകരണം. എന്നാല് ടീമില് ഇടം പോലുമില്ല എന്നത് നിരാശാജനകമാണ്', ഉത്തപ്പ മറ്റൊരു പോസ്റ്റില് കൂട്ടിച്ചേര്ത്തു.
ബിസിസിഐയുടെ തീരുമാനത്തില് നിരാശ പ്രകടിപ്പിച്ച് മുന് ഇന്ത്യന് ഓള്റൗണ്ടര് ഇര്ഫാന് പത്താനും രംഗത്തെത്തിയിരുന്നു. 'സഞ്ജുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില് ഇപ്പോള് അങ്ങേയറ്റത്തെ നിരാശ അനുഭവിക്കുന്നുണ്ടാവും', എന്നായിരുന്നു താരത്തിന്റെ പ്രതികരണം. എക്സ് പ്ലാറ്റ്ഫോമില് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇര്ഫാന് പത്താന് തന്റെ നിലപാട് അറിയിച്ചത്.
പരമ്പരയിലെ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും രോഹിത് ശര്മ, വിരാട് കോഹ്ലി എന്നിവര്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിലും കെ എല് രാഹുലാണ് ടീമിനെ നയിക്കുന്നത്. ഈ രണ്ട് മത്സരങ്ങള്ക്കുള്ള ടീമിലേക്ക് തിലക് വര്മ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ ഉള്പ്പെടുത്തി. അപ്പോഴും ഏകദിന മത്സരങ്ങളില് മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ ടീമില് ഉള്പ്പെടുത്താതിരുന്നത് വലിയ പ്രതിഷേധങ്ങള്ക്കിടക്കാണ് വഴിവെക്കുന്നത്. സെപ്റ്റംബര് 22നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്.