പക..അത് വീട്ടാനുള്ളതാണ്;ചാമിന്ദ വാസും ജയസൂര്യയും ഇന്ത്യയെ തകര്‍ത്തെറിഞ്ഞ ഷാര്‍ജാ ദിനം മറന്നിട്ടില്ല!

ആ തോല്‍വി നല്‍കിയ വേദനക്കുള്ള മറുപടി ഇന്ന് പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ കണക്കുതീര്‍ത്ത് നല്‍കി
പക..അത് വീട്ടാനുള്ളതാണ്;ചാമിന്ദ വാസും ജയസൂര്യയും ഇന്ത്യയെ തകര്‍ത്തെറിഞ്ഞ ഷാര്‍ജാ ദിനം മറന്നിട്ടില്ല!

ശ്രീലങ്കയെ തകര്‍ത്ത് 2023 ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരെ പത്ത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ തങ്ങളുടെ എട്ടാം ഏഷ്യന്‍ കപ്പ് സ്വന്തമാക്കിയത്. ഇന്ത്യന്‍ പേസര്‍മാര്‍ നിലം തൊടീക്കാതെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ 15.2 ഓവറില്‍ വെറും 50 റണ്‍സിന് ലങ്ക പുറത്തായി. ക്രിക്കറ്റ് ചരിത്രത്തില്‍ ഏകദിന ഫോര്‍മാറ്റില്‍ ഒരു ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനാണ് ശ്രീലങ്ക പുറത്തായത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ 20 ഓവര്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ തകര്‍ന്നടിയുകയുന്ന ശ്രീലങ്കയെയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ ഇന്ത്യയുടെ ഈ വിജയത്തിന് മാധുര്യമേറുന്നത് 23 വര്‍ഷം പഴക്കമുള്ള പ്രതികാരദാഹമാണ് ഇന്ന് പൂവണിഞ്ഞതെന്ന് അറിയുമ്പോഴാണ്.

വര്‍ഷം 2000. വേദി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. കൊക്കകോള ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുകയാണ്. ശ്രീലങ്ക ഉയര്‍ത്തിയ 300 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വൈറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫൈനലിലെ അന്നത്തെ ഏറ്റവും ചെറിയ സ്‌കോറായ 54 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വികളിലൊന്നായിരുന്നു അത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അവരുടെ അതികായനായ താരം സനത് ജയസൂര്യയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് 299 റണ്‍സ് അടിച്ചെടുത്തത്. ഒമ്പത് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചാമിന്ദ വാസാണ് അന്ന് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. ഗാംഗുലിയും സച്ചിനും യുവരാജും കാംബ്ലിയും അടങ്ങിയ പേര് കേട്ട ഇന്ത്യന്‍ ബാറ്റിങ് നിര അന്ന് ചാമിന്ദ വാസിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞ, നാണംകെടുത്തിയ ശ്രീലങ്കയോടുള്ള പകരം വീട്ടലായിരുന്നു 2023ലെ ഏഷ്യാ കപ്പ് ഫൈനല്‍. അന്ന് തലകുനിച്ച് മൈതാനം വിട്ട ഗാംഗുലിയുടെയും സച്ചിന്റെയും കാംബ്ലിയുടേയും മുഖം ഇന്ത്യ മറന്നിട്ടില്ല. ആ തോല്‍വി നല്‍കിയ വേദനക്കുള്ള മറുപടി ഇന്ന് പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ കണക്കുതീര്‍ത്ത് നല്‍കി. 23 വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീലങ്കയെ അവരുടെ തട്ടകത്തില്‍ ചെന്ന് അതേ നാണയത്തില്‍ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തോട് നീതി പുലര്‍ത്തി.

ഏഷ്യാ കപ്പിന്റെ കലാശപ്പോരില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 51 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ അനായാസം മറികടന്നു. എട്ടാമത്തെ തവണയും ഏഷ്യ കപ്പില്‍ ചുംബിച്ചുകൊണ്ട് ലോകകപ്പിന് തങ്ങള്‍ സജ്ജമായി കഴിഞ്ഞിരിക്കുന്നു എന്ന വിളിച്ചു പറയല്‍ കൂടിയായിരുന്നു അത്. ഏഷ്യയിലെ കിരീട ജേതാക്കള്‍ക്ക് മുന്നില്‍ ഇനിയുള്ള കടമ്പ അടുത്ത മാസം ആരംഭിക്കുന്ന ഏകദിന ലോകകപ്പ് കിരീടമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com