സൂപ്പര്‍ സ്റ്റോക്‌സ്; സെഞ്ച്വറിയും റെക്കോര്‍ഡും നേടി തകര്‍പ്പന്‍ തിരിച്ചുവരവ്

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 182 റണ്‍സാണ് സ്റ്റോക്‌സ് അടിച്ചുകൂട്ടിയത്
സൂപ്പര്‍ സ്റ്റോക്‌സ്; സെഞ്ച്വറിയും റെക്കോര്‍ഡും നേടി തകര്‍പ്പന്‍ തിരിച്ചുവരവ്

ലണ്ടന്‍: ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി ഇംഗ്ലണ്ട് ഇതിഹാസം ബെന്‍ സ്റ്റോക്‌സ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പര്‍താരം. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 182 റണ്‍സാണ് സ്റ്റോക്‌സ് അടിച്ചുകൂട്ടിയത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന നേട്ടമാണ് സ്റ്റോക്‌സ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്.

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ശേഷം കളിക്കുന്ന തന്റെ മൂന്നാം മത്സരത്തിലാണ് സ്റ്റോക്‌സ് തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരെ 13 റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയില്‍ ഇംഗ്ലണ്ട് പതറി നില്‍ക്കെയാണ് നാലാമനായി സ്റ്റോക്‌സ് ക്രീസില്‍ എത്തിയത്. സമ്മര്‍ദ്ദ ഘട്ടത്തിലും തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കുവാന്‍ വെറും 76 പന്ത് മാത്രമാണ് താരത്തിന് വേണ്ടി വന്നത്. പിന്നീട് 124 പന്തില്‍ നിന്ന് 15 ബൗണ്ടറിയും ഒമ്പത് സിക്‌സും ഉള്‍പ്പടെ സ്റ്റോക്‌സ് 182 റണ്‍സ് നേടുകയായിരുന്നു.

2018 ല്‍ ഓസ്‌ട്രേലിയക്കെതിരെ 151 പന്തില്‍ 180 റണ്‍സ് നേടിയ ജേസണ്‍ റോയിയെ പിന്നിലാക്കിയാണ് സ്റ്റോക്‌സ് ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ ആയത്. ഏകദിനത്തില്‍ സ്റ്റോക്‌സിന്റെ നാലാം സെഞ്ച്വറിയാണിത്. കൂടാതെ 2017ന് ശേഷം ഇതാദ്യമായാണ് താരം ഇംഗ്ലണ്ടിനായി ഏകദിന സെഞ്ച്വറി നേടുന്നത്.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് 48.1 ഓവറില്‍ 368 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി. 96 റണ്‍സ് നേടിയ ഡേവിഡ് മലാനാണ് സ്റ്റോക്‌സിന് കൂട്ടായി ഇംഗ്ലണ്ട് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് 9.1 ഓവറില്‍ 51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com