Top

'സാലി പ്രിയ കഥാപാത്രം'; വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് ശാരി

താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സാലി എന്ന കഥാപാത്രത്തിന്റെ ആഴവും ആണ് 'ദേശാടനക്കിളി കരയാറില്ല' എന്ന സിനിമ കൂടുതൽ ഇഷ്ടമാകാൻ കാരണം

15 April 2022 10:27 AM GMT
വി.എസ് ഹൈദരലി

സാലി പ്രിയ കഥാപാത്രം; വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് ശാരി
X

മലയാളത്തിലെ ക്ലാസിക് സിനിമകളുടെ പട്ടികയിൽ പത്മരാജൻ ചിത്രങ്ങൾക്ക് ഒരു വലിയ സ്ഥാനം തന്നെയുണ്ട്. ഇന്നും പത്മരാജൻ സിനിമകൾക്ക് ആരാധകർ ഏറെയുമാണ്. അത്തരത്തിൽ വ്യത്യസ്തമായ കഥകൾ പറഞ്ഞ ചിത്രങ്ങളായിരുന്നു 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ', 'ദേശാടനക്കിളി കരയാറില്ല' എന്നിവ. ശാരി എന്ന നടിയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്ത ചിത്രങ്ങൾ കൂടിയാണ് ഇവ രണ്ടും. എന്നാൽ താൻ അഭിനയിച്ച ചിത്രങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ട സിനിമ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' ആണെങ്കിലും തന്റെ ഇഷ്ട ചിത്രം അന്നും എന്നും 'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രമാണ് എന്നാണ് ശാരി പറയുന്നത്.

താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സാലി എന്ന കഥാപാത്രത്തിന്റെ ആഴവും ആണ് 'ദേശാടനക്കിളി കരയാറില്ല' എന്ന സിനിമ കൂടുതൽ ഇഷ്ടമാകാൻ കാരണം എന്ന് താരം പറയുന്നു. സാലി വളരെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു. ഒപ്പം ഒരു ലെജൻഡറി ഡയറക്ടറിന്റെ ചിത്രവും. അത് തന്നെ വലിയ ഭാഗ്യമാണ് എന്നും താരം വെളിപ്പെടുത്തി. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തത്തിലാണ് ആദ്യ ചിത്രത്തെ കുറിച്ച് ശാരി മനസ് തുറന്നത്.

ശാരിയുടെ വാക്കുകൾ

പ്രേക്ഷകർക്ക് എന്റെ ഇഷ്ടപ്പെട്ട ചിത്രം 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' ആണെങ്കിലും എനിക്ക് 'ദേശാടനക്കിളി കരയാറില്ല' എന്ന സിനിമയാണ് കൂടുതൽ ഇഷ്ടം. രണ്ട് സിനിമകളും ഒരുപോലെ നല്ലതാണ്. എന്നിരുന്നാലും എന്റെ ആദ്യത്തെ പടം ആയതുകൊണ്ടും എനിക്ക് അത് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ്. സാലിയുടേത് വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു. ആദ്യത്തെ ചിത്രത്തിൽ തന്നെ അത്രയും ശക്തമായ ഒരു കഥാപാത്രമാണ് കിട്ടിയത്. അതും ഒരു ലെജൻഡറി ഡയറക്ടറുടെ ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. അത് തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. പത്മരാജൻ സാറിനൊപ്പം എനിക്ക് നല്ല നല്ല ചിത്രങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. അദ്ദേഹം ഇല്ല എന്ന് പറയുന്നത് എനിക്ക് മാത്രമല്ല മുഴുവൻ മലയാള സിനിമയ്ക്കും ഒരു തീരാ നഷ്ടം തന്നെയാണ്.

മലയാളത്തിൽ ആദ്യമായി സ്വവർഗാനുരാഗം തുറന്നു സംസാരിച്ച, ആ ബന്ധത്തിന്റെ തീവ്രത പറഞ്ഞ ചിത്രമാണ് 1986ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ദേശാടനക്കിളികൾ കരയാറില്ല'. രണ്ട് പെൺസുഹൃത്തുക്കളുടെ ഇടയിൽ അവർ പോലും അറിയാതെ വളരുന്ന സ്നേഹത്തെ വളരെ മനോഹരമായാണ് ചിത്രത്തിൽ ആവിഷ്കരിച്ചത്. അശ്ലീലം എന്ന കാറ്റഗറിയിൽ മലയാളികൾ മാറ്റിനിർത്തിയ സ്വവർഗാനുരാഗത്തെ കാഴ്ചക്കാരുടെ മനസ്സിൽ തങ്ങി നിൽക്കത്തക്ക കഥാപാത്രങ്ങളാക്കി സൃഷ്ടിച്ചത് പത്മരാജന്റെ ബ്രില്യൻസ് തന്നെയാണ്.

Story highlights: 'Sali is the favorite Character'; Shari said it was full of challenges

Next Story