Top

'രാജ് ഷെട്ടിയിലെ പെർഫോമറെ ഡിമാന്റ് ചെയ്യുന്ന കഥാപാത്രം'; 'രുധിരം' റിവഞ്ച് ഡ്രാമയെന്ന് സംവിധായകൻ

രുധിരത്തേക്കുറിച്ചും രാജ് സിനിമയിൽ എത്തിയതിനേക്കുറിച്ചും സംവിധായകൻ റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുന്നു.

1 Nov 2022 8:31 AM GMT
​ഗൗരി പ്രിയ ജെ

രാജ് ഷെട്ടിയിലെ പെർഫോമറെ ഡിമാന്റ് ചെയ്യുന്ന കഥാപാത്രം; രുധിരം റിവഞ്ച് ഡ്രാമയെന്ന് സംവിധായകൻ
X

കന്നഡ സിനിമ ഇൻഡസ്ട്രിയിലെ പാത്ത് ബ്രേക്കിംഗ് സിനിമകൾക്ക് തുടക്കം കുറിച്ച ത്രയങ്ങളിൽ ഒരാളാണ് രാജ് ബി ഷെട്ടി. രാജ് സംവിധാനം ചെയ്തതും അഭിനയിച്ചതുമായ സിനിമകൾ കണ്ട പ്രേക്ഷകർക്ക് ആവേശകരമായ വാർത്തയാണ് അദ്ദേഹത്തിന്റെ മലയാള സിനിമാ പ്രവേശം. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'രുധിരം' എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തിൽ എത്തുന്നത്. രാജ് ബി ഷെട്ടിക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്. രുധിരത്തേക്കുറിച്ചും രാജ് സിനിമയിൽ എത്തിയതിനേക്കുറിച്ചും സംവിധായകൻ റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുന്നു.

'മലയാളത്തിൽ പരിചിതമല്ലാത്ത പശ്ചാത്തലത്തിൽ റിവഞ്ച് ഡ്രാമ ഴോണറിൽ ആണ് 'രുധിരം' ഒരുങ്ങുന്നത്. നായകൻ - പ്രതിനായകൻ എന്ന വേർതിരിവില്ല. കഥാപാത്രങ്ങൾക്കും പ്രകടനങ്ങൾക്കുമാണ് പ്രാധാന്യം. അപർണ ബാലമുരളിക്കും രാജ് ബി ഷെട്ടിക്കും തുല്യ പ്രാധാന്യമാണ് ചിത്രത്തിൽ ഉള്ളത്. കഥാപാത്രങ്ങൾക്ക് വലിയ അഭിനയ സാധ്യതയാകും സിനിമ നൽകുക.'

ചിത്രത്തിനായി രാജ് ബി ഷെട്ടിയെ സമീപിച്ചതിനേക്കുറിച്ചും സംവിധായകൻ സംസാരിച്ചു. 'കഥ രൂപപ്പെട്ട് വന്നപ്പോൾ സാധാരണ ഒരാൾ ചെയ്താൽ മതിയാകില്ലെന്ന് ഉറപ്പായിരുന്നു. രാജിലെ പെർഫോമറെ ഡിമാന്റ് ചെയ്യുന്നതാണ് കഥാപാത്രം. ഒരു അഭിനേതാവ് മാത്രമല്ലല്ലോ അദ്ദേഹം, മികച്ച സംവിധായകൻ കൂടിയാണ്. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങൾ കണ്ടിട്ടുള്ള പ്രേക്ഷകൻ എന്ന നിലയ്ക്ക് കഥാപാത്രത്തെ രാജിന്റെ വിശ്വാസത്തിൽ കൊണ്ടുവരിക എന്നത് പ്രധാനമായിരുന്നു. എന്നാൽ അദ്ദേഹത്തിന് കഥാപാത്രം റിലേറ്റബിൾ ആയി തോന്നി,' ജിജോ ലോണ്‍ ആന്റണി പറഞ്ഞു.

2021ൽ പുറത്തിറങ്ങിയ 'ഗരുഡ ഗമന ഋഷഭ വാഹനാ'യിലെ ശിവയും 2022ൽ പുറത്തിറങ്ങിയ '777 ചാർലി'യിലെ വെറ്റിനറി ഡോക്ടർ കഥാപാത്രവും നടന്റെ അഭിനയത്തിലെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ അനാവരണം ചെയ്തതായിരുന്നു. മികച്ച പെർഫോമറായ രാജിനൊപ്പം അപര്‍ണയും ഒന്നിച്ചെത്തുന്ന ചിത്രം മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. 2023ൽ രുധിരത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Story highlights: Raj B Shetty to Malayalam Film Industry in Jisho Lon Antonys Rudhiram movie

Next Story

Popular Stories