ജയേഷ് പൂക്കോട്ടൂരിന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പുരസ്‌കാരം

ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ഫ്രീസ്‌റ്റൈല്‍ ഫുട്ബോളര്‍ മുഹമ്മദ് റിസ്വാനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുരസ്‌കാരത്തിന് അര്‍ഹമായത്

ജയേഷ് പൂക്കോട്ടൂരിന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പുരസ്‌കാരം
dot image

കേരള ഫുട്ബോള്‍ അസോസിയേഷന്റെ മാധ്യമ പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവിക്ക്. റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ വിഭാഗം അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ജയേഷ് പൂക്കോട്ടൂരിനാണ് പുരസ്‌കാരം. വീഡിയോ കണ്ടന്റ് വിഭാഗത്തിലാണ് നേട്ടം. ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ഫ്രീസ്‌റ്റൈല്‍ ഫുട്ബോളര്‍ മുഹമ്മദ് റിസ്വാനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. അച്ചടി വിഭാഗത്തിലെ പുരസ്‌കാരം ദീപികയിലെ സെബി മാളിയേക്കലും മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് ദേശാഭിമാനിയിലെ ജഗത്ലാലും നേടി. കൊച്ചി ഐഎംഎ ഹാളില്‍ നടന്ന കേരള ഫുട്ബോള്‍ അസോസിയേഷന്റെ വാര്‍ഷിക പുരസ്‌കാര ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച മികച്ച താരങ്ങള്‍, പരിശീലകര്‍, റഫറിമാര്‍, സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സീനിയര്‍ വിഭാഗത്തില്‍ അര്‍ജുന്‍ വി (കോഴിക്കോട്-പുരുഷ വിഭാഗം), പി മാളവിക (കാസര്‍ഗോഡ്-വനിതാ വിഭാഗം) എന്നിവര്‍ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കാല്‍വിന്‍ തോമസ് (എറണാകുളം) യൂത്ത് U-20 മികച്ച താരത്തിനുള്ള അവാര്‍ഡ് നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഷാരോണ്‍ എസ്ആര്‍ (തൃശ്ശൂര്‍-ബോയ്‌സ്), ശ്രേയ എംഎസ് (കണ്ണൂര്‍-ഗേള്‍സ്) എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍ ദാരിസ് സക്കീര്‍ (കോഴിക്കോട്-ബോയ്‌സ്), അര്‍പ്പിത സാറാ ബൈജു (വയനാട്-ഗേള്‍സ്) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. ഗോകുലം കേരള എഫ്‌സി മികച്ച ക്ലബ്ബായും മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി മികച്ച അക്കാദമിയായും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷഫീഖ് ഹസ്സന്‍ (മെന്‍), ഡോ. പിവി പ്രിയ (വുമണ്‍) എന്നിവര്‍ മികച്ച പരിശീലകര്‍ക്കുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി. വിജയികള്‍ക്ക് ഉപഹാരങ്ങളും കാഷ് അവാര്‍ഡുകളും സമ്മാനിച്ചു. മാച്ച് ഒഫീഷ്യലുകളുടെ വിഭാഗത്തില്‍ ഫഹദ് യൂസഫ് (തൃശ്ശൂര്‍) മികച്ച റഫറിയായും, ഡോ. ആന്‍സണ്‍ സി. ആന്റോ (പാലക്കാട്) മികച്ച അസിസ്റ്റന്റ് റഫറിയായും ആദരിക്കപ്പെട്ടു.

കെ.എഫ്.എ ഓണററി പ്രസിഡന്റ് ടോം ജോസ്, പ്രസിഡന്റ് നവാസ് മീരാന്‍, ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന്‍, ട്രഷറര്‍ ഡോ. റെജിനോള്‍ഡ് വര്‍ഗീസ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് ടി.കെ.എം, ജോയിന്റ് സെക്രട്ടറിമാരായ പി.കെ. ഷാജി, കെ.എ. വിജയകുമാര്‍, വൈസ് പ്രസിഡന്റുമാരായ എം. ശിവകുമാര്‍, എം. മുഹമ്മദ് സലീം, വി.പി. പവിത്രന്‍, പി.സി. ജോണ്‍സണ്‍, പി. ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

content highlights: Jayesh Pookkottur Honored with Kerala Football Association Award

dot image
To advertise here,contact us
dot image