എഫ്ഡി പലിശ ഉയര്‍ത്തി എസ്ബിഐ; ഓഹരി വിപണിയില്‍നിന്ന് കാശ് ബാങ്കിലേക്ക് മാറ്റണോ?

2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ ബാധകം

എഫ്ഡി പലിശ ഉയര്‍ത്തി എസ്ബിഐ; ഓഹരി വിപണിയില്‍നിന്ന് കാശ് ബാങ്കിലേക്ക് മാറ്റണോ?
dot image

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്ക് വര്‍ധിപ്പിച്ചു. ഹ്രസ്വകാല, ഇടക്കാല നിക്ഷേപങ്ങള്‍ക്കാണ് ഇപ്പോള്‍ പലിശ കൂട്ടിയിരിക്കുന്നത്. ഇതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പരമാവധി പലിശ ഏഴ് ശതമാനമായി ഉയര്‍ന്നു. ഇന്ത്യയിലെ മറ്റു ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ കുറക്കുന്ന സമയത്താണ് എസ്ബിഐ പലിശ കൂട്ടിയത്.

fixed deposite

സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പരിഗണനയാണ് ബാങ്ക് നല്‍കുന്നത്. 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ ബാധകം. സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 0.50% മുതല്‍ 1% വരെ അധിക പലിശ മുതിര്‍ന്നവര്‍ക്ക് ഇനി മുതല്‍ സ്വന്തമാക്കാം.

പുതിയ നിരക്കുകള്‍ പ്രകാരം, 46 ദിവസം മുതല്‍ 179 ദിവസം വരെ പലിശ 5.60 ശതമാനത്തില്‍ നിന്നും 5.85 ശതമാനമായി കൂട്ടി. 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെവരെ പലിശ 6.10 ശതമാനത്തില്‍ നിന്നും 6.35 ശതമാനമായി ഉയര്‍ത്തി. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ വരെയുള്ള പലിശ 6.75 ശതമാനത്തില്‍ നിന്നും 7 ശതമാനമായി വര്‍ധിപ്പിച്ചു.

പുതിയ നിരക്ക് എല്ലാവര്‍ക്കും കിട്ടുമോ?

പുതുതായി നടത്തുന്ന നിക്ഷേപങ്ങള്‍ക്കും കാലാവധി കഴിഞ്ഞ് പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും മാത്രമേ പുതിയ പലിശനിരക്ക് ലഭിക്കൂ. പഴയ നിക്ഷേപങ്ങളുടെ നിബന്ധനകളില്‍ മാറ്റമുണ്ടാകില്ല. നിശ്ചയിച്ച കാലാവധി എത്തുന്നതിന് മുന്‍പ് പണം പിന്‍വലിക്കുകയാണെങ്കില്‍, ബാങ്ക് 1 ശതമാനം പിഴ ഈടാക്കും. അതായത്, നിങ്ങള്‍ക്ക് ലഭിക്കേണ്ട പലിശ നിരക്കില്‍നിന്നും 1 ശതമാനം കുറച്ചേ ബാങ്ക് പണം നല്‍കൂ. പുതിയ നിക്ഷേപങ്ങള്‍ക്കും പുതുക്കുന്നവയ്ക്കും ഇത് ബാധകമാണ്.

വിപണിയിലെ പണലഭ്യതയും മറ്റ് ബാങ്കുകളുടെ മത്സരവും കണക്കിലെടുത്താണ് എസ്.ബി.ഐയുടെ ഈ നീക്കം. ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഭയന്ന് സുരക്ഷിത നിക്ഷേപം തേടുന്ന സാധാരണക്കാര്‍ക്ക് എസ്.ബി.ഐയുടെ ഈ തീരുമാനം വലിയ നേട്ടമാകും. പുതുക്കിയ നിരക്കുകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.

Content Highlights: Good news for SBI FD investors: Bank hikes interest rates on select deposits

dot image
To advertise here,contact us
dot image