ക്രെഡിറ്റ് കാര്‍ഡ് നിങ്ങളെ കടത്തിലാക്കിയോ ? ഇങ്ങനെ ചെയ്താല്‍ രക്ഷപെടാം

കടം തിരിച്ചടക്കുന്നതിന് കൃത്യമായ പദ്ധതി തയ്യാറാക്കേണ്ടത് അനിവാര്യമാണ്

ക്രെഡിറ്റ് കാര്‍ഡ് നിങ്ങളെ കടത്തിലാക്കിയോ ? ഇങ്ങനെ ചെയ്താല്‍ രക്ഷപെടാം
dot image

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം വളരെ വേഗത്തില്‍ വര്‍ധിക്കുകയാണ്. ഉപയോഗം വര്‍ധിച്ചതിനൊപ്പം ആളുകളുടെ കുടിശികയും കുത്തനെ ഉയരുന്നു. ആളുകളുടെ ഉപഭോഗ സംസ്‌ക്കാരത്തില്‍ വന്ന മാറ്റമാണ് ഇതിലൂടെ പ്രകടമാകുന്നത്.

credit card

കയ്യില്‍ കാശില്ലെങ്കിലും പിന്നീട് തിരിച്ചടയ്ക്കാമെന്ന രീതിയില്‍ പലതും വാങ്ങികൂട്ടുകയാണ് പുതു തലമുറ. അതിനനുസരിച്ച് കുടിശിക ഭാരവും വര്‍ധിക്കുന്നു. കുറഞ്ഞ തുക മാത്രം അടച്ച് ബാക്കി തുക നീട്ടിവെച്ചാല്‍ ഉയര്‍ന്ന പലിശ കാരണം കടം നിയന്ത്രണാതീതമാകാനും സാധ്യതയുണ്ട്. ഇത് ആള്‍ക്കാരെ തീരാക്കടത്തിലേക്ക് എത്തിക്കും. പിഴപ്പലിശിയിനത്തിലും നല്ലൊരു തുക ലഭിക്കുന്നതിനാല്‍ ഇത് ബാങ്കുകള്‍ക്ക് ലാഭമാണ്. എന്നാല്‍ അപകട സാധ്യത കൂടുതലാണ്. തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കൂടും.

ക്രെഡിറ്റ് കാര്‍ഡ് കടത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?

കടം തിരിച്ചടക്കുന്നതിന് കൃത്യമായ പദ്ധതി തയ്യാറാക്കേണ്ടത് അനിവാര്യമാണ്. അടക്കുവാനുള്ള മൊത്തം കുടിശിക, പലിശ നിരക്ക്, അടക്കേണ്ട അവസാന തിയതി എന്നിവയെല്ലാം ആദ്യം കൃത്യമായി എഴുതി വെക്കണം.

പ്രശ്‌നത്തിന്റെ മുഴുവന്‍ സാഹചര്യം മനസ്സിലാക്കുന്നതാണ് ആദ്യ പടി. താല്‍ക്കാലികമായി കാര്‍ഡ് ഉപയോഗം നിര്‍ത്തണം. പുതിയ കടം കൂടാതിരിക്കാനായി ആദ്യം ചെയ്യേണ്ടത് അതാണ്. ആവശ്യങ്ങള്‍ക്കായി കയ്യിലുള്ള പണമനുസരിച്ച് മാത്രം ചെലവഴിക്കുക. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളുണ്ടെങ്കില്‍ എല്ലാ കാര്‍ഡുകളിലും മിനിമം തുക അടയ്ക്കുക. ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുള്ള കാര്‍ഡിലേക്ക് കൂടുതല്‍ തുക അടയ്ക്കുക. അത് തീര്‍ന്നാല്‍ അടുത്ത ഉയര്‍ന്ന പലിശയുള്ള കാര്‍ഡിലേക്ക് നീങ്ങുക. ഇതിലൂടെ മൊത്തത്തിലുള്ള പലിശഭാരം കുറയും. എല്ലാ കാര്‍ഡുകളിലും മിനിമം തുക അടച്ച ശേഷം ഏറ്റവും ചെറിയ കുടിശികയുള്ള കാര്‍ഡ് ആദ്യം തീര്‍ക്കുക.

credit card

അത് തീര്‍ന്നാല്‍ അടുത്ത ചെറിയ കുടിശികയിലേക്ക് നീങ്ങുക. ചെറിയ കടങ്ങള്‍ തീരുന്നതിലൂടെ മാനസികമായി തന്നെ അല്പം ആശ്വാസം ലഭിക്കും. തുക അടക്കുന്നതിനു മുമ്പായി ബാങ്കുമായി സംസാരിച്ചു കൊണ്ട് കുറഞ്ഞ പലിശ നിരക്ക് ആവശ്യപ്പെടാനാവും. ഇഎംഐ ആയി മാറ്റാനുള്ള ഓപ്ഷന്‍ ചോദിക്കാം. കുറഞ്ഞ പലിശയുള്ള കാര്‍ഡിലേക്ക് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതും സഹായകരമാവും. സാഹചര്യം മോശമാണെങ്കില്‍ സെറ്റില്‍മെന്റ് മാര്‍ഗവും അന്വേഷിക്കാം. ഇത് വലിയൊരു കടഭാരം എടുത്തുമാറ്റും.

നിയന്ത്രണം ഏറിയേക്കും

വ്യവസായ കണക്കുകളും ആര്‍ബിഐ ഡാറ്റയും പ്രകാരം, സജീവ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 2020 സാമ്പത്തിക വര്‍ഷത്തില്‍ 55 ദശലക്ഷമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 111 ദശലക്ഷത്തിലധികമായി. അതേസമയം, കുടിശ്ശിക തുക 2015 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 30,500 കോടിയായിരുന്നത് 2025 സാമ്പത്തിക വര്‍ഷത്തോടെ ഏകദേശം 2.9 ലക്ഷം കോടിയായി വര്‍ദ്ധിച്ചു. ഈ വിഷയത്തില്‍ ആര്‍ബിഐ നിരീക്ഷണം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രെഡിറ്റ് വളര്‍ച്ചയും കടബാധ്യതയും കൂടുമ്പോള്‍ നിയന്ത്രണ നടപടികള്‍ കടുപ്പിക്കാനുള്ള സാധ്യതയേറുന്നു.

credit card

ഇന്ത്യയുടെ ഉപഭോഗ ശക്തി ഉയരുന്നു

ക്രെഡിറ്റ് കാര്‍ഡുകളുടെ വേഗത്തിലുള്ള വളര്‍ച്ച ഇന്ത്യയുടെ ഉപഭോഗ ശക്തി ഉയരുന്നതിന്റെ സൂചനയായി കാണാം. എന്നാല്‍ നിയന്ത്രണമില്ലാത്ത ചെലവും ഉയര്‍ന്ന പലിശയും ചേര്‍ന്നാല്‍ നിരവധി പേര്‍ കടബാധ്യതയിലേക്ക് വഴുതിപ്പോകാന്‍ സാധ്യതയുണ്ട്. ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും, മുഴുവന്‍ ബില്ലും കൃത്യ സമയത്ത് അടയ്ക്കുകയും, പലിശ നിരക്ക് മനസ്സിലാക്കുകയും ചെയ്യുന്നതാണ് കടബാധ്യത നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗം. ഇപ്പോള്‍ കടക്കെണിയില്‍ പെട്ടു പോയവര്‍ക്ക് ഇതില്‍ നിന്ന് പുറത്തു വരാന്‍ മാര്‍ഗമുണ്ടോ? അതിനായി എന്താണ് ചെയ്യേണ്ടത് എന്നതു പ്രധാനമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ എന്നതല്ല അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് പ്രധാനം. കാര്‍ഡ് ഉപയോഗിച്ച് നിക്ഷേപം, ആവശ്യമായ ചെലവ്, അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്കാണോ ചെലവഴിക്കുന്നത്, അല്ലെങ്കില്‍ അനാവശ്യ ആഡംബരങ്ങള്‍ക്കായാണോ എന്നത് നിര്‍ണായകമാണ്.

credit card

സാമ്പത്തിക സാക്ഷരത അനിവാര്യം

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വേഗത്തില്‍ ഉയരുമ്പോഴും സാമ്പത്തിക സാക്ഷരത അതിനൊപ്പം ഉയരുന്നില്ലെങ്കില്‍, ക്രെഡിറ്റ് സൗകര്യത്തില്‍ ഉപരിയായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള 'സര്‍വൈവല്‍ ടൂള്‍' ആയി ഇത് മാറും. പ്രശ്‌നം ക്രെഡിറ്റ് കാര്‍ഡുകളുടെ വളര്‍ച്ചയല്ല, അത് ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നുണ്ടോ എന്നതാണ്. ജനങ്ങള്‍ക്ക് പലിശ നിരക്ക്, മിനിമം പേയ്‌മെന്റ്, കടം വരുമ്പോഴുള്ള ദീര്‍ഘകാല ബാധ്യത എന്നിവയെക്കുറിച്ചുള്ള അറിവില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. പ്രതിസന്ധി കാലത്ത് ഇത് കൂനിന്മേല്‍ കുരുവായി മാറും. വരുമാനത്തിന് പകരമായി ഉപയോഗിക്കാതെ പണം ലഭിക്കുന്നതുവരെ ഇടക്കാല സൗകര്യമായി മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കണം.

റിസര്‍വ് ബാങ്ക് 2023 നവംബറില്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള സുരക്ഷിതമല്ലാത്ത വായ്പകളുടെ റിസ്‌ക്ക് പരിധി ഉയര്‍ത്തി. ഇതിന്റെ ഫലമായി ബാങ്കുകള്‍ക്ക് ഇത്തരം വായ്പകള്‍ കൂടുതല്‍ ചെലവേറിയതായി മാറി. ആര്‍ബിഐ വായ്പ നല്‍കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ഡിജിറ്റല്‍, ഫിന്‍ടെക് വായ്പകള്‍ക്ക് കൂടുതല്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. ഈ നിയന്ത്രണത്തിന്റെ ഫലമായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തി ബാങ്കുകള്‍ 4.4 മില്യണ്‍ പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമാണ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6.1 മില്യണ്‍ കാര്‍ഡുകള്‍ നല്‍കിയിരുന്നു. അതായത് ഏകദേശം 28 ശതമാനത്തിന്റെ ഇടിവ് പ്രകടമായി.

ബാങ്കുകള്‍ കര്‍ശനമായാലും, കടം എടുത്ത വ്യക്തിക്ക് അപകടസാധ്യത നിലനില്‍ക്കുകയാണ്. ഉയര്‍ന്ന പലിശ നിരക്കുകള്‍, മിനിമം പേയ്‌മെന്റ് മാത്രം അടക്കുന്ന തിയതി, സ്ഥിരമല്ലാത്ത വരുമാനം എന്നിവ കാരണം ആളുകള്‍ കടത്തിലാകാനുള്ള സാധ്യത തുടരുകയാണ്.

Content Highlights: Over the past five years, the use of credit cards in the country has been increasing rapidly.

dot image
To advertise here,contact us
dot image