

മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ ഉസ്മാന് ഖവാജയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പേസ് ബൗളറും പരിശീലകനുമായ ആന്റണി സ്റ്റുവര്‍ട്ട് രംഗത്തെത്തി. ഖവാജ 'ഇടപെടാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള വ്യക്തിയാണ്' എന്ന് വിശേഷിപ്പിച്ച സ്റ്റുവര്‍ട്ട്, ഖവാജ തന്റെ ആത്മകഥയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് തിരിച്ചടിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
1997-ല്‍ ഓസ്ട്രേലിയയ്ക്കായി മൂന്ന് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള സ്റ്റുവര്‍ട്ട്, പിന്നീട് ന്യൂ സൗത്ത് വെയില്‍സ് ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് ഖവാജയ്ക്കൊപ്പം പ്രവര്‍ത്തിച്ചത്. സ്റ്റുവര്‍ട്ടുമായി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ താന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തില്‍ നിന്ന് കാര്യമായ പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് ഖവാജ തന്റെ ആത്മകഥയില്‍ അവകാശപ്പെട്ടത്. മുന്‍ പേസറുടെ പരിശീലന രീതികളെയും ഖവാജ വിമര്‍ശിച്ചിരുന്നു. 'ആന്റണി സ്റ്റുവര്‍ട്ട് ഒരു നല്ല മനുഷ്യനായിരുന്നു, എന്നാല്‍ ഒരു പരിശീലകനെന്ന നിലയില്‍ അദ്ദേഹം എനിക്കായി ഒന്നും ചെയ്തില്ല' എന്നായിരുന്നു ഖവാജ പുസ്തകത്തില്‍ എഴുതിയത്.
ഈ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി ഫേസ്ബുക്കില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലാണ് സ്റ്റുവര്‍ട്ട്, ന്യൂ സൗത്ത് വെയില്‍സില്‍ ഖവാജയ്ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ വിവരിക്കുകയും താരത്തിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്യുകയും ചെയ്തത്. 'കഴിഞ്ഞ 15 വര്‍ഷമായി എന്റെ പല സുഹൃത്തുക്കളോടും നിങ്ങളെക്കുറിച്ചും നിങ്ങള്‍ ടീമിന് നല്കിയ 'സംഭാവനകളെ'ക്കുറിച്ചും എന്റെ അഭിപ്രായം ഞാന്‍ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ എന്നെക്കുറിച്ച് വളരെ മാന്യമായി ആദ്യം പരാമര്‍ശിച്ച സ്ഥിതിക്ക് ഇപ്പോള്‍ അത് പരസ്യമായി പങ്കുവെക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ' സ്റ്റുവര്‍ട്ട് കുറിച്ചു.
വ്യക്തിപരമായ ഇടപെടലുകളെക്കുറിച്ചുള്ള ഖവാജയുടെ പരാമര്‍ശങ്ങളോടും സ്റ്റുവര്‍ട്ട് പ്രതികരിച്ചു. ഖവാജ തന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചതായി ഓര്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ എന്റെ കുടുംബത്തെക്കുറിച്ച് എപ്പോഴെങ്കിലും ചോദിച്ചതായി എനിക്ക് ഓര്‍മ്മയില്ല, ഇനി അഥവാ ചോദിച്ചിട്ടുണ്ടെങ്കില്‍ തന്നെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പ്രതികരിക്കാത്തതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍, ഒരുപക്ഷേ നമ്മള് നിങ്ങളുടെ കുടുംബത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു സമയം ചെലവഴിക്കേണ്ടിയിരുന്നത്' അദ്ദേഹം എഴുതി.
ന്യൂ സൗത്ത് വെയില്‍സ് ടീമിലുണ്ടായിരുന്ന കാലത്ത് ഖവാജ ഉള്‍പ്പെട്ട നിരവധി സംഭവങ്ങളും സ്റ്റുവര്‍ട്ട് അക്കമിട്ട് നിരത്തി. ഫീല്‍ഡിംഗ് പരിശീലനങ്ങളില്‍ പങ്കെടുക്കാനുള്ള വിമുഖതയും ബാറ്റിംഗ് പൊസിഷനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പരിശീലന സെഷനുകളില്‍ ബാറ്റിംഗ് കഴിഞ്ഞാലും പാഡ് അഴിച്ചുമാറ്റാതെ ഖവാജ ചുറ്റിനടക്കുമായിരുന്നെന്നും, ഇത് സഹതാരങ്ങള്‍ക്ക് ബൗള്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാനായിരുന്നെന്നും സ്റ്റുവര്‍ട്ട് ആരോപിച്ചു. 'ബാറ്റിംഗ് കഴിഞ്ഞ ശേഷവും എപ്പോഴും പാഡ് ധരിച്ച് പരിശീലന മൈതാനത്ത് നടക്കുമായിരുന്നു. അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക് പന്തെറിഞ്ഞു തന്ന സഹതാരങ്ങള്‍ക്ക് തിരിച്ച് ബൗള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാകുമല്ലോ. അതോ അതൊരു യാദൃച്ഛികത മാത്രമായിരുന്നോ? എപ്പോഴും പരാതി പറയുകയും ഫീല്‍ഡിംഗ് പരിശീലനം ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു' -സ്റ്റുവര്‍ട്ട് കുറിച്ചു.
ടാസ്മാനിയയില്‍ നടന്ന ഒരു ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ ന്യൂ സൗത്ത് വെയില്‍സിനായി ഓപ്പണറായി ഇറങ്ങാന്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കവും അദ്ദേഹം ഓര്‍ത്തെടുത്തു. ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ മൂന്നാം നമ്പറിലാണ് കളിക്കേണ്ടതെന്ന് വാദിച്ച് ഖവാജയും അന്നത്തെ മാനേജരും തീരുമാനത്തെ എതിര്‍ത്തതായി സ്റ്റുവര്‍ട്ട് ആരോപിച്ചു. 'ടാസ്മാനിയയിലെ ഷീല്‍ഡ് മത്സരത്തില്‍ നിങ്ങള്‍ ഓപ്പണ്‍ ചെയ്യണമെന്ന തീരുമാനത്തിനെതിരെ നിങ്ങളും അന്നത്തെ നിങ്ങളുടെ മാനേജരും വലിയ ബഹളമുണ്ടാക്കി. മികച്ച താരം മൂന്നാം നമ്പറില്‍ കളിക്കണമെന്നായിരുന്നു വാദം. നിങ്ങള്‍ ഓപ്പണ്‍ ചെയ്യണമെന്ന കാര്യത്തില്‍ പരിശീലകനും ക്യാപ്റ്റനും സെലക്ഷന് കമ്മിറ്റി ചെയര്‍മാനും യോജിച്ചിരുന്നു, എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ വഴിയിലൂടെ പോകണമായിരുന്നു. നിങ്ങളുടെ ടെസ്റ്റ് കരിയറിലെ അവസാന ആറ് വര്‍ഷങ്ങളിലെ വിരോധാഭാസം ഞാന്‍ മറന്നിട്ടില്ല' -സ്റ്റുവര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ആ മത്സരത്തില്‍ കളിച്ച മറ്റ് താരങ്ങളെ പരാമര്‍ശിച്ച സ്റ്റുവര്‍ട്ട്, അന്ന് സ്റ്റീവ് സ്മിത്ത്, സൈമണ്‍ കാറ്റിച്ച്, ഫില്‍ ഹ്യൂസ് എന്നിവര്‍ ഖവാജയേക്കാള് മികച്ച കളിക്കാരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ആ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ സ്മിത്ത് 98 റണ്‍സ് നേടിയെന്നും അദ്ദേഹം വ്യക്തമാക്കി. 'ആ കളിയില്‍ ന്യൂ സൗത്ത് വെയില്‍സ് ടീമിലുണ്ടായിരുന്ന മറ്റ് താരങ്ങള്‍ സ്റ്റീവ് സ്മിത്ത്, സൈമണ്‍ കാറ്റിച്ച്, ഫില്‍ ഹ്യൂസ് എന്നിവരായിരുന്നു. നിങ്ങളോട് ഇത് പറയാന്‍ വിഷമമുണ്ട്, പക്ഷേ അവരെല്ലാം നിങ്ങളേക്കാള്‍ മികച്ച കളിക്കാരായിരുന്നു. നിങ്ങളുടെ മാനേജര്‍ പറഞ്ഞത് ശരിയാണ്; ഞങ്ങളുടെ ഏറ്റവും മികച്ച താരം മൂന്നാം നമ്പറില്‍ കളിക്കണം. അദ്ദേഹം (സ്മിത്ത്) അവിടെ കളിക്കുകയും 98 റണ്‍സ് നേടുകയും ചെയ്തു,' സ്റ്റുവര്‍ട്ട് പറഞ്ഞു.
പെര്‍ത്തില്‍ വെച്ച് ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ടീമിന്റെ ട്രാവല്‍ കിറ്റ് ധരിക്കാന്‍ ക്യാപ്റ്റന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഖവാജ നിരസിച്ചതായും സ്റ്റുവര്‍ട്ട് ആരോപിച്ചു. 'പെര്‍ത്തില്‍ ഹോട്ടലിലേക്ക് മടങ്ങുന്ന വഴി ടീമിന്റെ ട്രാവല്‍ കിറ്റ് ധരിക്കാന്‍ ക്യാപ്റ്റന്‍ പലതവണ ആവശ്യപ്പെട്ടിട്ടും നിങ്ങള്‍ അത് നിരസിക്കുകയും അദ്ദേഹവുമായി തര്‍ക്കിക്കുകയും ചെയ്തു' -സ്റ്റുവര്‍ട്ട് പറഞ്ഞു. മുന്‍ ഓപ്പണര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം ചുരുക്കിപ്പറഞ്ഞുകൊണ്ട് സ്റ്റുവര്‍ട്ട് ഇങ്ങനെ എഴുതി: 'അന്ന് നിങ്ങളോടും നിങ്ങളുടെ മാനേജരോടും ഇടപെടുന്നത്, നിങ്ങളുടെ തന്നെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, അങ്ങേയറ്റം ഭീകരമായിരുന്നു.' ഖവാജ സ്വയം വിശേഷിപ്പിക്കുന്ന 'ജനങ്ങളുടെ ചാമ്പ്യന്‍' എന്ന വിശേഷണത്തെയും പരിഹസിച്ച സ്റ്റുവര്‍ട്ട്, 'നിങ്ങളുടെ പാരമ്പര്യം ആസ്വദിക്കൂ' എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.
content highlights: 'Difficult to Deal With': Former Coach Anthony Stuart Slams Usman Khawaja