കാലടി സർവകലാശാല സമരം: 'VC യെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും സംരക്ഷിക്കാൻ മീഡിയവൺ നുണ പ്രചാരണം നടത്തുന്നു'

ഇടതുപക്ഷ സിന്‍ഡിക്കേറ്റ് വിദ്യാര്‍ത്ഥികളോട് അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിച്ചില്ലെന്ന് പറഞ്ഞ് മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഫോട്ടോയും വെച്ച് മീഡിയ വണ്‍ വ്യാജ പ്രചരണം നടത്തിയതെന്നും അരുണ്‍ കുമാര്‍ ആരോപിച്ചു

കാലടി സർവകലാശാല സമരം: 'VC യെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും സംരക്ഷിക്കാൻ മീഡിയവൺ നുണ പ്രചാരണം നടത്തുന്നു'
dot image

കൊച്ചി: കാലടി സര്‍വകലാശാല സമരത്തില്‍ വിസിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും സംരക്ഷിക്കാന്‍ മീഡിയവണ്‍ നുണ പ്രചാരണം നടത്തുന്നുവെന്ന് കെ എസ് അരുണ്‍ കുമാര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന സംഘപരിവാര്‍ നിയമിത വൈസ് ചാന്‍സിലറെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും സംരക്ഷിക്കാന്‍ മീഡിയ വണ്‍ ചാനല്‍ രംഗത്തെത്തിയിരിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് കെ എസ് അരുണ്‍ കുമാര്‍ രംഗത്ത് വന്നത്.

2024 ൽ ഓണാഘോഷങ്ങൾക്കിടയിൽ മദ്യപിച്ച് ക്യാമ്പസിൽ എത്തി നിരവധി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ഒരു വിദ്യാർത്ഥിയെ വിവസ്ത്രനാക്കി മർദ്ദിച്ച് കൊല്ലും എന്നു ഭീഷണിപ്പെടുത്തിയതിന്റെയും ഭാഗമായി ആറു വിദ്യാർഥികളെ ക്യാമ്പസിൽ നിന്നും സസ്പെൻഡ് ചെയ്ത വിഷയമാണ് മീഡിയവൺ തെറ്റായ നിലയിൽ പ്രചരിക്കുന്നതെന്നാണ് അരുൺ കുമാർ കുറ്റപ്പെടുത്തുന്നത്. വിഷയത്തില്‍ സര്‍വ്വകലാശാല കൊടുത്ത മെമ്മോയ്ക്ക് മറുപടി പോലും കൊടുക്കാതെ ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തി പോയവരെയാണ് ഇപ്പോള്‍ വെള്ളപൂശാന്‍ മീഡിയവണ്‍ പ്രത്യേക അജണ്ടയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അരുൺ കുമാർ വിമർശിക്കുന്നുണ്ട്.

മുന്‍കാലങ്ങളില്‍ ക്യാമ്പസില്‍ സസ്‌പെന്‍ഷനുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ ഒരു വിദ്യാര്‍ത്ഥിയെ ഒഴിച്ച് മറ്റാരെയും ക്യാമ്പസില്‍ തിരിച്ചെടുത്തില്ലെന്ന തരത്തില്‍ മീഡിയ വണ്‍ നല്‍കിയെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. ഇടതുപക്ഷ സിന്‍ഡിക്കേറ്റ് വിദ്യാര്‍ത്ഥികളോട് അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിച്ചില്ലെന്ന് പറഞ്ഞ് മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഫോട്ടോയും വെച്ച് മീഡിയ വണ്‍ വ്യാജ പ്രചരണം നടത്തിയതെന്നും അരുണ്‍ കുമാര്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി തിരിച്ചു വരും........

കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സംഘപരിവാർ നിയമിത വൈസ് ചാൻസിലറെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും സംരക്ഷിക്കാൻ മീഡിയ വൺ ചാനൽ രംഗത്തെത്തിയിരിക്കുന്നു.

സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാർഥികളുടെ സമരം 4 മാസം പിന്നിട്ടിരിക്കുന്നു. ഒരു പ്രതീകാത്മക നാടകം കളിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം 16 ദിവസം പിന്നിട്ടപ്പോഴാണ് മീഡിയ വണ്ണിന്റെ ഈ നുണപ്രചരണം. മുൻകാലങ്ങളിൽ ക്യാമ്പസിൽ സസ്പെൻഷനുകൾ ഉണ്ടായിട്ടുണ്ട് എന്നും അതിൽ ഒരു വിദ്യാർഥിയെ ഒഴിച്ച് മറ്റാരെയും ക്യാമ്പസിൽ തിരിച്ചെടുത്തില്ല എന്നുമാണ് മീഡിയ വണ്ണിന്റെ കണ്ടെത്തൽ.

ഇടതുപക്ഷ സിൻഡിക്കേറ്റ് വിദ്യാർഥികളോട് അനുഭാവപൂർവ്വമായ സമീപനം സ്വീകരിച്ചില്ല എന്നു പറഞ്ഞ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഫോട്ടോയും വെച്ച് വച്ചാണ് മീഡിയ വണ്ണിന്റെ വ്യാജ പ്രചരണം. 2024 ൽ ഓണാഘോഷങ്ങൾക്കിടയിൽ മദ്യപിച്ച് ക്യാമ്പസിൽ എത്തി നിരവധി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ഒരു വിദ്യാർത്ഥിയെ വിവസ്ത്രനാക്കി മർദ്ദിച്ച് കൊല്ലും എന്നു ഭീഷണിപ്പെടുത്തിയതിന്റെയും ഭാഗമായിട്ടാണ് ആറു വിദ്യാർഥികളെ ക്യാമ്പസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

സർവകലാശാലയിലെ MSW, BSW വിദ്യാർത്ഥികളാണ് 19.9.2024ന് സർവ്വകലാശാലക്ക് പരാതി നൽകിയത്. അനന്തു എ എസ് എന്ന വിദ്യാർത്ഥിയെ ഇതിലെ കുറ്റാരോപിതർ മദ്യാസക്‌തിയിൽ ബിഎഫ്എ ബ്ലോക്കിൽ വച്ച് വിവസ്ത്രനാക്കുകയും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ഘോഷയാത്രയിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് തലക്കും ചെവിക്കും കൈകാലുകൾക്കും മർദ്ദനമേൽപ്പിച്ച് ശ്രദ്ധമേൽപ്പിച്ചു എന്നും തുടർന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇടയാക്കുകയും ചെയ്തിട്ടുണ്ട് എന്നതായിരുന്നു പരാതി.

മേൽ പരാതികളുടെ അടിസ്ഥാനത്തിൽ സർവകലാശാല ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ വിദ്യാർത്ഥികൾക്ക് മെമ്മോ നൽകുകയും തുടർനടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ രേഖപ്പെടുത്തി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അതിൽ ഒരു വിദ്യാർത്ഥി ഒഴിച്ച് മറ്റാരും അന്വേഷണ കമ്മീഷനോട് സഹകരിക്കാനോ തങ്ങൾക്കെതിരായിട്ടുള്ള പരാതിയിൽ മറുപടി കൊടുക്കുവാനോ ഏതെങ്കിലും തരത്തിൽ സസ്പെൻഷനുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിവരിച്ച് സർവകലാശാലയ്ക്ക് മറുപടിയോ കത്തോ കൊടുക്കുവാനോ തയ്യാറായില്ല.

അതായത് ഗുരുതരമായ ക്രിമിനൽ കേസുകളിൽ പെട്ട, സഹപാഠികളെ ക്രൂരമായി ആക്രമിച്ച വനിതകളെയും ട്രാൻസ്ജെന്റ് വിദ്യാർഥികളെയും ആക്രമിച്ച , മദ്യപിച്ച് ക്യാമ്പസിൽ എത്തി ഒരു വിദ്യാർത്ഥിയെ വിവസ്ത്രനാക്കി ആക്രമിച്ച ഏറ്റവും ക്രൂരമായി പെരുമാറിയ വിദ്യാർത്ഥികൾക്ക് സർവ്വകലാശാല കൊടുത്ത മെമ്മോയ്ക്ക് മറുപടി പോലും കൊടുക്കാതെ ഇടയ്ക്കുവെച്ച് പഠനം നിർത്തി പോയവരെയാണ് വെള്ളപൂശാൻ ഇപ്പോൾ മീഡിയവൺ പ്രത്യേക അജണ്ടയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളുടെ മേൽ സർവ്വകലാശാല നടത്തിയ ഒരു അന്വേഷണത്തിൽ മെമ്മോ കൊടുത്ത് മറുപടി ആവശ്യപ്പെട്ടിട്ട് അത് കൊടുക്കാൻ തയ്യാറാകാതെ സ്വന്തം ഇഷ്ടപ്രകാരം ക്യാമ്പസ് വിട്ടവരെ മഹത്വവത്ക്കരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന മീഡിയവൺ ആർക്കൊപ്പം ആണ്. സർവ്വകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി സമരം നടത്തുന്ന വിദ്യാർത്ഥികളെ, മേൽ ക്രിമിനൽ കേസുകളിൽ പെട്ട വിദ്യാർത്ഥികളുമായി താരതമപ്പെടുത്തി ഇപ്പോൾ നടക്കുന്ന സമരത്തിന്റെ ജനപിന്തുണയെ തകർക്കാൻ വേണ്ടിയിട്ടാണ് മീഡിയ വണ്ണിന്റെ ശ്രമം. ഈ നുണപ്രചരണങ്ങളെ ജനം തിരിച്ചറിയുക തന്നെ ചെയ്യും.

അഡ്വ. കെ.എസ് അരുൺ കുമാർ

Content Highlights: K.S. Arun Kumar has accused MediaOne of spreading false information to protect the Vice-Chancellor and the Higher Education Minister amid a controversy surrounding Kalady University

dot image
To advertise here,contact us
dot image