

എഥനോള്‍ ഡീസലില്‍ കലര്‍ത്താനുള്ള സാധ്യത തള്ളിക്കളഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ എണ്ണ കമ്പനികള്‍ നടത്തിയ പരിശോധനയില്‍ ഡീസലില്‍ എഥനോള്‍ ചേര്‍ക്കുമ്പോള്‍ ഫ്‌ളാഷ് പോയിന്റ് ഗണ്യമായി കുറയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്ധനം സംഭരിക്കല്‍, ഗതാഗതം, കൈകാര്യം ചെയ്യല്‍ എന്നിവയ്ക്കിടെ ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നാണ് വിലയിരുത്തല്‍. പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപിയാണ് രാജ്യസഭയെ ഇക്കാര്യം അറിയിച്ചത്.
വിവിധ അനുപാതത്തിലുള്ള എഥനോള്‍-ഡീസല്‍ മിശ്രിതങ്ങള്‍ എണ്ണ വിപണന കമ്പനികള്‍ അവരുടെ ഗവേഷണ-വികസന കേന്ദ്രങ്ങളിലൂടെ പരിശോധിച്ചിരുന്നു. അംഗീകൃത ലബോറട്ടറികളുടെയും വാഹന നിര്‍മാതാക്കളുടെയും സഹകരണത്തോടെയായിരുന്നു പരിശോധന. പരിശോധനയില്‍ എഥനോള്‍ കലര്‍ന്ന ഡീസല്‍ നിശ്ചിത ഡീസല്‍ ഫ്‌ലാഷ് പോയിന്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി.
എന്താണ് ഫ്‌ലാഷ് പോയിന്റ്?
ഒരു ഇന്ധനത്തില്‍ നിന്ന് തീപിടിക്കാന്‍ ആവശ്യമായ അളവില്‍ നീരാവി രൂപപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ് ഫ്‌ളാഷ് പോയിന്റ്. ഫ്‌ളാഷ് പോയിന്റ് ഗണ്യമായി കുറയുന്നത് ഇന്ധനം സംഭരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും തീപിടിത്ത സാധ്യത വര്‍ധിപ്പിക്കാം. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഡീസലില്‍ എഥനോള്‍ കലര്‍ത്താനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
പെട്രോളിലെ എഥനോള്‍ മിശ്രിതം 20%ന് മുകളിലേക്ക് ഉയര്‍ത്തുമോ?
നിലവിലെ 20% എഥനോള്‍ മിശ്രിത പരിധിക്ക് മുകളിലേക്ക് പെട്രോളിലെ എഥനോള്‍ അളവ് വര്‍ധിപ്പിക്കുന്ന കാര്യത്തിലും കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൂടുതല്‍ എഥനോള്‍ മിശ്രിതത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് വിശദമായ ശാസ്ത്രീയവും സാങ്കേതികവുമായ പഠനങ്ങള്‍ നടത്തുമെന്നും വാഹന നിര്‍മാതാക്കള്‍, എണ്ണ കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവരുമായി കൂടിയാലോചിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഡീസലില്‍ എഥനോള്‍ കലര്‍ത്തുന്നത് ഒഴിവാക്കിയെങ്കിലും നിലവിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പഴയ വാഹനങ്ങളുടെ പ്രകടനത്തില്‍ കാര്യമായ വ്യത്യാസമോ ഇ20 മൂലമുണ്ടാകുന്ന അസാധാരണമായ തേയ്മാനമോ കണ്ടെത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇ15ന് മുകളിലുള്ള എഥനോള്‍ മിശ്രിത പെട്രോള്‍ 3.5 വര്‍ഷത്തിലേറെയായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇ19-ഇ20 മിശ്രിതങ്ങള്‍ രണ്ടര വര്‍ഷത്തിലേറെയായി ഉപയോഗത്തിലുണ്ട്. 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോള്‍ കാറുകളും ഇത്തരം എഥനോള്‍ മിശ്രിത ഇന്ധനം ഉപയോഗിക്കുന്നതായി സുരേഷ് ഗോപി അറിയിച്ചു. എഥനോള്‍ മിശ്രിതം മൂലം വ്യാപകമായ എഞ്ചിന്‍ തകരാറുകളോ വാഹന ബ്രേക്ക്ഡൗണുകളോ ഉണ്ടായതായി സ്ഥിരീകരിച്ച തെളിവുകളില്ലെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു.
Content Highlights: The Centre has ruled out ethanol blending with diesel after tests showed a sharp drop in diesel’s flash point, raising safety concerns during storage, transportation and handling