

ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള അന്തരം കൂടുതൽ പ്രകടമാകുകയാണ്. ഒരു വശത്ത് സാധാരണ കുടുംബങ്ങൾ താങ്ങാനാകുന്ന വീടുകൾ തേടുമ്പോൾ, മറുവശത്ത് കോടികൾ മാത്രമല്ല, നൂറുകണക്കിന് കോടികൾ വിലവരുന്ന വീടുകൾ സ്വന്തമാക്കുന്ന അതിസമ്പന്നരുടെ വിപണി അതിവേഗം വളരുകയാണ്. 60 കോടിയിൽ തുടങ്ങി 600 കോടിയിലേറെ വിലയുള്ള വീടുകൾ വരെ ഈ വിപണിയിൽ ഇടംപിടിക്കുന്നു.
2025 മുതൽ ഇന്ത്യയിലെ അതിസമ്പന്ന വിഭാഗത്തിൽപ്പെട്ട ബിസിനസ് കുടുംബങ്ങളും സംരംഭകരും ഉന്നത എക്സിക്യൂട്ടീവുകളും രാജ്യത്തെ ഏറ്റവും വിലകൂടിയ വീടുകൾക്കായി വൻതുക ചെലവഴിക്കുന്ന പ്രവണത ശക്തമായി. ഒരുകാലത്ത് അപൂർവമായിരുന്ന 100 കോടിക്ക് മുകളിലുള്ള ഭവന ഇടപാടുകളും ഇപ്പോൾ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിലെ ശ്രദ്ധേയമായ വിഭാഗമായി മാറുകയാണ്.
20 കോടിക്കും 50 കോടിക്കും ഇടയിൽ വിലവരുന്ന വീടുകളുടെ വിൽപ്പനയിലാണ് ഏറ്റവും ശ്രദ്ധേയമായ വളർച്ച. 2026ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലായി ഈ വിഭാഗത്തിൽ 371 വീടുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റത് 181 വീടുകളായിരുന്നു. അതായത് ഒരു വർഷത്തിനിടെ 105 ശതമാനം വളർച്ച. സ്വതന്ത്ര ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം എല്ലാ വിലവിഭാഗങ്ങളിലും ഏറ്റവും വേഗത്തിൽ വളർന്ന സെഗ്മെന്റാണിത്.
ഈ വിൽപ്പനയിൽ മുംബൈയാണ് മുന്നിൽ. 371 ഇടപാടുകളിൽ 214 എണ്ണവും മുംബൈയിലാണ് നടന്നത്. 50 കോടിക്ക് മുകളിലുള്ള വീടുകളുടെ വിൽപ്പനയിലും മുംബൈ തന്നെയാണ് മുന്നിൽ. 2026ന്റെ ആദ്യ പകുതിയിൽ രാജ്യത്താകെ 35 വീടുകൾ 50 കോടിക്ക് മുകളിൽ വിലയ്ക്ക് വിറ്റപ്പോൾ, അതിൽ 23 എണ്ണവും മുംബൈയിലായിരുന്നു.
100 കോടിക്ക് മുകളിലുള്ള വീടുകളുടെ ഇടപാടുകളും രാജ്യത്തെ ആഡംബര വിപണിയിൽ വർധിക്കുകയാണ്. 2024ൽ ഇന്ത്യയിൽ 40 കോടിക്ക് മുകളിൽ വിലവരുന്ന 59 വീടുകൾ വിറ്റതായി ഇന്ത്യയിലെ മുൻനിര സ്വതന്ത്ര റിയൽ എസ്റ്റേറ്റ് സേവന കമ്പനിയായ അനറോക്ക് പുറത്തിവിട്ട
കണക്കുകൾ വ്യക്തമാക്കുന്നു. ഈ ഇടപാടുകളുടെ ആകെ മൂല്യം 4,754 കോടിയായിരുന്നു. ഇതിൽ കുറഞ്ഞത് 17 ഇടപാടുകൾ 100 കോടിക്ക് മുകളിലായിരുന്നു. 59 ഇടപാടുകളിൽ 52 എണ്ണവും മുംബൈയിലായിരുന്നു.
2025ലും 2026ലുമായി നടന്ന ചില ഇടപാടുകൾ ഈ വിപണിയുടെ വലുപ്പം വ്യക്തമാക്കുന്നു. ഉദയ് കോട്ടക്കും കുടുംബവും മുംബൈയിൽ നടത്തിയ വിവിധ പ്രോപ്പർട്ടി വാങ്ങലുകളുടെ മൂല്യം 400 കോടിക്ക് മുകളിലാണ്.
ഇന്ത്യയുടെ അൾട്രാ ലക്ഷ്വറി വിപണിയിൽ മുംബൈയുടെ ആധിപത്യം തുടരുമ്പോഴും ഗുരുഗ്രാം അതിവേഗം പുതിയ ലക്ഷ്വറി ഹബ്ബായി ഉയരുകയാണ്. പ്രത്യേകിച്ച് DLF The Dahlias പോലുള്ള പ്രോജക്ടുകൾ വൻതുകയുടെ ഇടപാടുകൾ ആകർഷിക്കുന്നു. 10 കോടിക്ക് മുകളിൽ വിലയുള്ള വീടുകളുടെ വിപണിയിലും ഗുരുഗ്രാമിന്റെ വളർച്ച ശ്രദ്ധേയമാണ്.
2025ൽ നഗരത്തിൽ ഇത്തരം1,494 ഇടപാടുകൾ നടന്നു. ഇടപാടുകളുടെ ആകെ മൂല്യം 24,120 കോടിയായിരുന്നു. 2023ൽ ഇത് 4,004 കോടി മാത്രമായിരുന്നു. രണ്ട് വർഷത്തിനിടെ ഇടപാട് മൂല്യം ഏകദേശം ആറിരട്ടിയായി. 2025ൽ 10 കോടിക്ക് മുകളിലുള്ള വീടുകളുടെ ഇടപാട് മൂല്യത്തിൽ ഗുരുഗ്രാം മുംബൈയെയും മറികടന്നു.
Content Highlights: 60 crore to ₹600 crore: Meet India's ultra-rich buying homes that cost more than private jets