

മോസ്കോ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഔദ്യോഗിക ശേഖരത്തില്‍ നിന്നും വന്‍തോതില്‍ സ്വർണം വിറ്റഴിച്ച് റഷ്യ. 2026-ലെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രം ഏകദേശം 22 ടൺ സ്വർണം റഷ്യൻ സെൻട്രൽ ബാങ്ക് വിറ്റഴിച്ചുവെന്നാണ് കഴഞ്ഞ ദിവസം പുറത്ത് വന്ന ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. എണ്ണ-ഗ്യാസ് മേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതിനാൽ മാർച്ച് അവസാനത്തോടെ രാജ്യത്തെ ബജറ്റ് കമ്മി 4.6 ട്രില്യൺ റൂബിൾ (ഏകദേശം 61.3 ബില്യൺ ഡോളർ) ആയി ഉയർന്നിരുന്നു.
കാര്യമായ രീതിയിലുള്ള വില്‍പ്പന നടന്നതോടെ ഏപ്രിൽ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം റഷ്യയുടെ സ്വർണ ശേഖരം 0.7 മില്യൺ ട്രോയ് ഔണ്‍സ് കുറഞ്ഞ് 74.1 മില്യൺ ട്രോയ് ഔണ്‍സിലേക്ക് എത്തിയെന്ന് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മോസ്കോ എക്സ്ചേഞ്ചിലെ സ്വർണ വ്യാപാരത്തിലും ഗണ്യമായ വർധനവുണ്ടായി. ഈ വർഷം മാർച്ചില്‍ സ്വർണ വ്യാപാരം കഴിഞ്ഞ വർഷത്തേതിനെക്കാൾ 3.5 ഇരട്ടിയിലധികമായി 42.6 ടണ്ണിലെത്തി. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് മടങ്ങോളമാണ് വർധനവ്.
“ബജറ്റ് കമ്മി നികത്താൻ സ്വർണ വിൽപ്പന തുടരാനുള്ള സാധ്യതയുണ്ട്. സർക്കാർ ചെലവുകൾ വലിയ തോതില്‍ ഉയർന്നതാണ് ഇതിന് കാരണം. വികസിതരാജ്യങ്ങളിലെ മറ്റ് സെൻട്രൽ ബാങ്കുകളും ഇത്തരം നടപടികൾ സ്വീകരിക്കുന്നത് സാധാരണമാണ്,” ഫ്രീഡം ഫിനാൻസ് ഗ്ലോബലിന്റെ പ്രധാന അനലിസ്റ്റായ നതാലിയ മിൽച്ചകോവ പറഞ്ഞു.
2025 ന്‍റെ അവസാനം മുതൽ ബാങ്ക് ഓഫ് റഷ്യ ആഭ്യന്തര വിപണിയിൽ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. 775 ബില്യൺ ഡോളറോളം മൂല്യമുള്ള റഷ്യയുടെ വിദേശനാണ്യ ശേഖരത്തിൽ സ്വർണത്തിന്റെ അനുപാതം വിലവർധനവ് മൂലം വലിയ രീതിയില്‍ ഉയരുകയും ചെയ്തു. വിദേശ നാണ്യ ശേഖരത്തിന്‍റെ വൈവിധ്യം നിലനിർത്താൻ സ്വർണ വിൽപ്പന സഹായിക്കുമെന്നാണ് വിലയിരുത്തൽ.
2002 മുതൽ 2025 വരേയുള്ള സമയത്ത് റഷ്യ തങ്ങളുടെ സ്വർണ ശേഖരം വലിയ തോതിൽ വർധിപ്പിച്ചിരുന്നു. 1900 ടണ്ണിലധികം സ്വർണമാണ് ഇക്കാലയളവിൽ വാങ്ങിയത്. ഇതിൽ ഭൂരിഭാഗവും 2008-2012, 2014-2019 കാലഘട്ടങ്ങളിലായിരുന്നു. 2020 മുതൽ മൊത്തം വാങ്ങൽ 55.4 ടണ്ണ് മാത്രമാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
മിക്ക രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളും താഴ്ന്ന വിലയ്ക്ക് സ്വർണം വാങ്ങി, അത്യാവശ്യ ഘട്ടത്തിൽ ഉയർന്ന വിലയ്ക്ക് വിറ്റ് പ്രതിസന്ധികള്‍ പരിഹരിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വം ഇപ്പോൾ അത്തരമൊരു സാഹചര്യത്തിലേക്ക് റഷ്യയേയും എത്തിക്കുകയായിരുന്നു. തുർക്കിയുടെ സെൻട്രൽ ബാങ്കും സമാനമായ രീതിയില്‍ അടുത്തിടെ വലിയ തോതില്‍ സ്വർണം വിറ്റിരുന്നു.
സമീപകാലത്ത് റഷ്യയുടെ സാമ്പത്തിക സ്ഥിതി അത്ര നല്ല സാഹചര്യത്തിലൂടെയല്ല കടന്നുപോകുന്നത്. 2026 ലെ ബജറ്റ് കമ്മി കഴിഞ്ഞ വർഷത്തേതിന്റെ ഏതാണ്ട് ഇരട്ടിയിലെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.മാർച്ച് തുടക്കത്തിൽ തന്നെ യുദ്ധചെലവുകൾ സാമൂഹികക്ഷേമ പദ്ധതികളേയെല്ലാം മറികടന്നു. ഇത് ദേശീയ സമ്പത്ത് നിധിയിൽ നിന്നുള്ള പൈസ എടുക്കലിനെ റെക്കോർഡ് നിലയിലേക്ക് എത്തിക്കുകയും ചെയ്തു.
റഷ്യ സ്വർണം വിൽക്കുന്നത് ആഗോള സ്വർണ വിലയെ ബാധിക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റഷ്യയുടെ വിൽപ്പനയുടെ അളവ് ആഗോള സ്വർണ മാർക്കറ്റിന്റെ വലിപ്പത്തോട് താരതമ്യം ചെയ്താൽ വളരെ നിസ്സാരമാണ്. റഷ്യയുടെ വിൽപ്പന പ്രധാനമായും ആഭ്യന്തര വിപണിയിലൂടെയാണ് നടക്കുന്നത്. പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം റഷ്യൻ സ്വർണം പൂർണമായി അന്താരാഷ്ട്ര ഫ്യൂച്ചേഴ്സ് മാർക്കറ്റുകളിലേക്ക് (COMEX, London) എത്തുന്നില്ല. അതിനാൽ ആഗോള വിലയിൽ വലിയ ഇടിവ് ഉണ്ടാകുന്നില്ല.
Content Highlights: Russia is facing a severe economic crisis and is reportedly selling gold on a large scale to manage financial pressure. The move has drawn attention in global markets, as large gold sales by a major country could influence prices and supply dynamics. Analysts are closely watching the situation for its broader economic impact.