യുദ്ധം അടുക്കള ബജറ്റിനെ ബാധിക്കുന്നു; ഇന്ത്യയില്‍ എല്‍പിജി ഉപഭോഗത്തില്‍ ഇടിവ്

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി ഉപഭോഗത്തിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് വ്യവസായങ്ങള്‍ എന്നിവ പാചകവാതക ഉപയോഗം കുറച്ചതും ബദല്‍ മാര്‍ഗങ്ങള്‍ തേടിയതും ഇതിന് കാരണമായി

യുദ്ധം അടുക്കള ബജറ്റിനെ ബാധിക്കുന്നു; ഇന്ത്യയില്‍ എല്‍പിജി ഉപഭോഗത്തില്‍ ഇടിവ്
dot image

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ഇന്ത്യയിലെ പാചകവാതക (എല്‍പിജി) വിതരണത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിന് ഉള്‍പ്പെടെ നിയന്ത്രണത്തോടെ ഗ്യാസ് ഉപയോഗിക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങള്‍ക്ക് പുറമെ കഴിഞ്ഞ മാസം വിലയും വര്‍ധിപ്പിച്ചു. ഇതിനു പിന്നാലെ മാര്‍ച്ച് മാസം ആകെ എല്‍പിജി ഉപഭോഗം 4.2% കുറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി ഉപഭോഗത്തിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത് -ഏകദേശം 7.5 ശതമാനം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് വ്യവസായങ്ങള്‍ എന്നിവ പാചകവാതക ഉപയോഗം കുറച്ചതും ബദല്‍ മാര്‍ഗങ്ങള്‍ തേടിയതും ഇതിന് കാരണമായി. വീടുകളിലെ എല്‍പിജി ഉപഭോഗത്തില്‍ 2.1 ശതമാനം കുറവുണ്ടായി. വില വര്‍ധനവിനോടുള്ള ഉപഭോക്താക്കളുടെ പ്രതികരണമായാണ് ഇതിനെ വിലയിരുത്തുന്നത്.

ഇന്ത്യക്കാവശ്യമായ പാചകവാതകത്തിന്റെ വലിയൊരു ഭാഗം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ കടല്‍മാര്‍ഗമുള്ള ചരക്ക് നീക്കത്തിന് സംഘര്‍ഷം തടസ്സമായത് വിതരണത്തില്‍ 13 ശതമാനം കുറവുണ്ടാക്കി. ഇത് വിപണിയില്‍ എല്‍പിജി ലഭ്യതയെ ബാധിച്ചു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ എല്‍പിജി ഇറക്കുമതി ചെലവും ഉയര്‍ന്നു. ഇത് ആഭ്യന്തര വിപണിയില്‍ വീണ്ടും വില കൂടാന്‍ കാരണമായേക്കാം എന്ന ഭീതി ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞ ഉപഭോഗത്തിന് വഴിവെച്ചു.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ചരക്ക് നീക്കത്തിനുള്ള ഇന്‍ഷുറന്‍സ് ചെലവ് 15 മുതല്‍ 20 ശതമാനം വരെ വര്‍ധിച്ചു. ഇത് ഇറക്കുമതി ചെയ്യുന്ന എല്‍പിജിയുടെ മൊത്തം ചെലവ് ഉയരാന്‍ കാരണമായി. ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 60 ശതമാനവും വരുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്. സംഘര്‍ഷം കാരണം കപ്പല്‍ ഗതാഗതത്തില്‍ 10% കുറവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി നീണ്ടുനില്‍ക്കുകയാണെങ്കില്‍ വരും മാസങ്ങളിലും വിതരണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Content Highlights: India's cooking gas LPG consumption fell in March as supply disruptions linked to the West Asia conflict hit availability for both household kitchens and commercial users, according to latest official data. 

dot image
To advertise here,contact us
dot image