റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് വീണ്ടും യുഎസിന്റെ പച്ചക്കൊടി; ഇളവുകള്‍ നീട്ടിനല്‍കി

യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നിലനില്‍ക്കെയാണ് നിര്‍ണായക തീരുമാനം

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് വീണ്ടും യുഎസിന്റെ പച്ചക്കൊടി; ഇളവുകള്‍ നീട്ടിനല്‍കി
dot image

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ യുഎസ് നീട്ടി. റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ക്ക് യുഎസ് ട്രഷറി വിഭാഗം നല്‍കിയിരുന്ന അനുമതിയാണ് നീട്ടിയിരിക്കുന്നത്. ഇന്ത്യയെപ്പോലെ റഷ്യയില്‍നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നിലനില്‍ക്കെയാണ് നിര്‍ണായക തീരുമാനം.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള ഇന്ധനവിതരണം തടസ്സപ്പെട്ടതോടെ വില പിടിച്ചുനിര്‍ത്താന്‍, ഉപരോധത്തിലുള്ള റഷ്യന്‍ എണ്ണ വാങ്ങുന്നതിന് യുഎസ് ഒരുമാസത്തെ താല്‍കാലിക ഇളവാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതിന്റെ കാലാവധി ഏപ്രില്‍ 11ന് അവസാനിച്ചു. കാലാവധി നീട്ടിനല്‍കുന്നത് പരിഗണിക്കുന്നില്ലെന്ന് രണ്ടുദിവസം മുന്‍പ് യുഎസ് ട്രഷറി സെക്രട്ടറി സ്ലോട്ട് ബെസന്റ് പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായാണ് ഇപ്പോള്‍ മേയ് 16 വരെ ഇളവു നല്‍കിയിരിക്കുന്നത്.

അതിനിടെ ഇന്ത്യക്ക് തടസ്സമില്ലാതെ എണ്ണ നല്‍കാന്‍ സന്നദ്ധമാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. അസംസ്‌കൃത എണ്ണ, എല്‍പിജി., എല്‍എന്‍ജി എന്നിവയടക്കം ഇന്ത്യയിലേക്കുള്ള ഊര്‍ജകയറ്റുമതി കൂട്ടുന്നതിന് തയ്യാറെടുക്കുകയാണെന്നും റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്. കുറഞ്ഞ വിലയില്‍ റഷ്യന്‍ എണ്ണ ലഭിക്കുന്നത് ഇന്ത്യയുടെ പണപ്പെരുപ്പം നിയന്ത്രിക്കാനും വിദേശനാണ്യ ശേഖരം ലാഭിക്കാനും സഹായിക്കുന്നു.

റഷ്യയുമായുള്ള എണ്ണ ഇടപാടുകള്‍ക്ക് പണം കൈമാറുന്നതില്‍ ഇന്ത്യന്‍ ബാങ്കുകള്‍ നേരിട്ടിരുന്ന സാങ്കേതിക തടസ്സങ്ങളും ഉപരോധ ഭീഷണികളും ഇളവ് നീട്ടുന്നതോടെ താല്‍ക്കാലികമായി ഒഴിവാകും. ആഗോള വിപണിയില്‍ എണ്ണലഭ്യത ഉറപ്പാക്കാനും വില കുതിച്ചുയരുന്നത് തടയാനുമാണ് അമേരിക്ക ഈ നീക്കം നടത്തുന്നത്. റഷ്യന്‍ എണ്ണ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായാല്‍ അത് ആഗോള ഇന്ധനവില വര്‍ധിക്കാന്‍ കാരണമാകും എന്നത് മുന്‍നിര്‍ത്തിയാണ് ഇളവ് തുടരുന്നത്.

Content Highlights: US makes a U-turn, extends sanctions waiver for Russian oil till May 16: How this benefits India

dot image
To advertise here,contact us
dot image