

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്വര്‍ണ ഖനന പദ്ധതിക്ക് ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ തുടക്കമാകുന്നു. കുര്‍ണൂലിലെ ജോന്നഗിരി ഗ്രാമത്തില്‍ ആരംഭിക്കുന്ന ഈ വന്‍കിട പദ്ധതി, രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതിനും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും നിര്‍ണായക ചുവടുവെപ്പായി മാറും. ജിയോമൈസൂര്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ജോന്നഗിരി പദ്ധതി വികസിപ്പിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ഇന്ത്യ പ്രതിവര്‍ഷം 800 ടണ്ണിലധികം സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന് വലിയ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. കര്‍ണാടകയിലെ ഹട്ടി സ്വര്‍ണ ഖനിയില്‍നിന്നും പ്രതിവര്‍ഷം ലഭിക്കുന്ന 1.5 ടണ്‍ സ്വര്‍ണം മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രധാന ആഭ്യന്തര ഉല്‍പാദനം. 2000ല്‍ കോലാര്‍ സ്വര്‍ണ്ണ ഖനി അടച്ചുപൂട്ടിയതോടെ വന്‍കിട ഖനന മേഖലയില്‍ ഉണ്ടായ വിടവ് നികത്താന്‍ പുതിയ പദ്ധതിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

ജോന്നഗിരി, എരഗുഡി, പഗിഡിരായി എന്നീ ഗ്രാമങ്ങളിലായി ഏകദേശം 598 ഹെക്ടറിലധികം പ്രദേശത്താണ് ഖനി വ്യാപിച്ചു കിടക്കുന്നത്. 400 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഇതിനകം പദ്ധതിക്കായി നടത്തിയിരിക്കുന്നത്. വെറും 13 മാസത്തിനുള്ളില്‍ തന്നെ സ്വര്‍ണ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈ ഖനി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും.
13.1 ടണ്‍ സ്വര്‍ണ ശേഖരം
പദ്ധതിയുടെ ഭാഗമായി നിലവില്‍ 13.1 ടണ്‍ സ്വര്‍ണ ശേഖരം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പര്യവേക്ഷണം തുടരുന്നതോടെ ഇത് 42.5 ടണ്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഖനി പൂര്‍ണ തോതില്‍ സജ്ജമാകുന്നതോടെ അടുത്ത 15 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1,000 കിലോഗ്രാം ശുദ്ധീകരിച്ച സ്വര്‍ണം ഇവിടെനിന്ന് ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഇത് ഇന്ത്യയുടെ ആഭ്യന്തര വിപണിക്ക് വന്‍ കരുത്താകും. ഇറക്കുമതി കുറഞ്ഞാല്‍ അതിന്റെ നേട്ടം സമ്പദ്‌വ്യവസ്ഥക്കാണ്.
പദ്ധതിയുടെ വിജയം സ്വര്‍ണം, ക്രിട്ടിക്കല്‍ മിനറല്‍സ് തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് ജിയോമൈസൂര്‍ ഡയറക്ടര്‍ ഡോ. ഹനുമ പ്രസാദ് മൊദാലി പറഞ്ഞു. അടുത്ത ദശകത്തില്‍ ഇന്ത്യ പ്രതിവര്‍ഷം 50 മുതല്‍ 100 ടണ്‍ വരെ സ്വര്‍ണം ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി പെട്ടെന്ന് കുറയ്ക്കാന്‍ സാധിച്ചില്ലെങ്കിലും, സ്വന്തം സ്വര്‍ണ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പായി ഇതിനെ വിദഗ്ധര്‍ കാണുന്നു.
പ്രാദേശിക വികസനം
ഖനനത്തോടൊപ്പം തന്നെ പ്രദേശത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും കമ്പനി വിഭാവനം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, കുടിവെള്ളം, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഇന്ത്യയുടെ സ്വര്‍ണ വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന ജോന്നഗിരി ഖനി രാജ്യത്തിനും ഒരുപോലെ അഭിമാനകരമായ നേട്ടമായി മാറും.
Content Highlights: Andhra Pradesh is set to host India’s first large-scale private gold mine since Independence, with the Jonnagiri project in Kurnool district preparing to begin operations in early May. Developed by Geomysore Services India Pvt Ltd, the project signals a possible shift in India’s gold import pattern, as the country looks to strengthen domestic production