കലയും എഐയും കൈകോര്‍ക്കുന്നു; ഓറഞ്ച് ഇക്കോണമിയില്‍ 15,000 പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ വന്‍ നിക്ഷേപം

ഗൂഗിളിന്റെയും യൂട്യൂബിന്റെയും സാങ്കേതിക കരുത്തില്‍ എ.ഐ ടൂളുകള്‍ എങ്ങനെ ക്രിയേറ്റീവ് ജോലികള്‍ക്കായി ഉപയോഗിക്കാം എന്ന് പഠിക്കാം

കലയും എഐയും കൈകോര്‍ക്കുന്നു; ഓറഞ്ച് ഇക്കോണമിയില്‍ 15,000 പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ വന്‍ നിക്ഷേപം
dot image

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്തസാധ്യതകള്‍ യുവതലമുറയിലേക്ക് എത്തിക്കാന്‍ വമ്പന്‍ പദ്ധതിയുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. ഗൂഗിള്‍, യൂട്യൂബ് എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന ദേശീയ എഐ നൈപുണ്യ സംരംഭത്തിന് തുടക്കമായി. മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

artificial intelligence

ക്രിയേറ്റീവ് മേഖലയിലുള്ള 15,000 വിദ്യാര്‍ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും സൗജന്യ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഗൂഗിളിന്റെയും യൂട്യൂബിന്റെയും സാങ്കേതിക കരുത്തില്‍ എ.ഐ ടൂളുകള്‍ എങ്ങനെ ക്രിയേറ്റീവ് ജോലികള്‍ക്കായി ഉപയോഗിക്കാം എന്ന് പഠിക്കാം. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍, അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും താല്‍പര്യമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും.

കാലത്തിനൊത്ത് മുന്നേറാന്‍

ലോകം മാറുകയാണ്. പഴയ രീതിയിലുള്ള ഡിസൈനിംഗും എഡിറ്റിംഗും മാത്രം പോരാ, എ.ഐയുടെ സഹായത്തോടെ വേഗത്തിലും കൃത്യതയോടെയും കാര്യങ്ങള്‍ ചെയ്യാനാണ് വിപണി ആവശ്യപ്പെടുന്നത്. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഈ വമ്പന്‍ പദ്ധതിയുടെ ലക്ഷ്യം. വെറുതെ കുറച്ച് തിയറി പഠിപ്പിക്കുകയല്ല, മറിച്ച് പ്രൊഫഷണല്‍ ലോകത്ത് എഐ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാം എന്നാണ് ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നത്. ജോലിസ്ഥലത്തെ തിരക്കുകള്‍ക്കിടയില്‍ എ.ഐ ടൂളുകള്‍ എങ്ങനെ സമയം ലാഭിക്കാനും സര്‍ഗ്ഗാത്മകത കൂട്ടാനും സഹായിക്കും എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാം.

ഒരു വീഡിയോ നിര്‍മിക്കുമ്പോഴോ ഡിസൈന്‍ ചെയ്യുമ്പോഴോ എഐ എങ്ങനെ കൂടെക്കൂട്ടാമെന്ന് യുവാക്കളെ പഠിപ്പിക്കും. യൂട്യൂബ് പ്ലാറ്റ്ഫോമിലെ ഏറ്റവും പുതിയ രീതികളും കണ്ടന്റ് ക്രിയേഷനും പ്രത്യേകമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് നേരിട്ട് കമ്പനികളില്‍ ജോലി ചെയ്യാന്‍ പാകത്തിനുള്ള പ്രായോഗിക അറിവാണ് നല്‍കുന്നത്. പദ്ധതി നടപ്പാക്കുന്നത് പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ്.

തിരഞ്ഞെടുത്ത എല്ലാ പങ്കാളികള്‍ക്കും എഐയുടെ അടിസ്ഥാന കാര്യങ്ങളില്‍ പരിശീലനം നല്‍കും. ഇതിനായി ഗൂഗിള്‍ കരിയര്‍ സര്‍ട്ടിഫിക്കറ്റുകളും ഗൂഗിള്‍ ക്ലൗഡിന്റെ ജനറേറ്റീവ് എ.ഐ ലേണിംഗ് പാതകളും പ്രയോജനപ്പെടുത്തും.അടിസ്ഥാനം പഠിച്ചുകഴിഞ്ഞാല്‍, ഓരോരുത്തരുടെയും താല്‍പര്യത്തിനനുസരിച്ചുള്ള പ്രത്യേക മേഖലകളില്‍, ഉദാഹരണത്തിന് വീഡിയോ എഡിറ്റിങ്് അല്ലെങ്കില്‍ ഡേറ്റ അനലിറ്റിക്‌സില്‍ കൂടുതല്‍ ആഴത്തിലുള്ള പരിശീലനം നല്‍കും. ചെയ്തു പഠിച്ചാല്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന കാര്യത്തില്‍ ഊന്നിയാണ് നൈപുണ്യ വികസനത്തിന് യുവജനതയെ ഒരുക്കുന്നത്.

Content Highlights: Govt announces 15,000 scholarships, AI skilling program with Google, YouTube

dot image
To advertise here,contact us
dot image