Top

ആലിയയുടെ 'ഗംഗുഭായ്' ചാരമാകും; 'ധാക്കഡി'ന്റെ പരാജയത്തോടെ വീണ്ടും ചര്‍ച്ചയായി കങ്കണയുടെ പരാമര്‍ശം

റിലീസ് ചെയ്ത ആദ്യ ദിനം ഒരു കോടി മാത്രമായിരുന്നു ധാക്കഡിന്റെ കളക്ഷന്‍

25 May 2022 2:11 PM GMT
ഫിൽമി റിപ്പോർട്ടർ

ആലിയയുടെ ഗംഗുഭായ് ചാരമാകും; ധാക്കഡിന്റെ പരാജയത്തോടെ വീണ്ടും ചര്‍ച്ചയായി കങ്കണയുടെ പരാമര്‍ശം
X

കങ്കണ റണൗത്ത് പ്രധാന കഥാപാത്രമായെത്തിയ 'ധാക്കഡി'ന്റെ പരാജയത്തോടെ വീണ്ടും ചര്‍ച്ചയായി ആലിയ ഭട്ടിന്റെ 'ഗംഗുഭായ് കത്തിയവാടി'. ചിത്രം വലിയ പരാജയമാകുമെന്നും മുടക്കിയ തുക ചാരമാകുമെന്നുള്ള കങ്കണയുടെ പരാമര്‍ശമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനെതിരെയും കങ്കണ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമയുടെ ഏറ്റവും വലിയ പോരായ്മ കാസ്റ്റിങ് ആണെന്നും 200 കോടി രൂപ ചാരമാകുമെന്നുമാണ് കങ്കണ പറഞ്ഞിരുന്നത്.

എന്നാല്‍ കങ്കണയുടെ പുതിയ ചിത്രം ധാക്കഡിന് ബോക്‌സോഫീസില്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. 80 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് ബോക്‌സോഫീസില്‍ ആഗോളതവലത്തില്‍ മൂന്ന് കോടി മാത്രമാണ് നേടാനായത്. റിലീസ് ചെയ്ത ആദ്യ ദിനം ഒരു കോടി മാത്രമായിരുന്നു ധാക്കഡിന്റെ കളക്ഷന്‍. അന്ന് പറഞ്ഞത് കങ്കണയുടെ കാര്യത്തില്‍ ശരിയായി എന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

തുടര്‍ച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് 'ധാക്കഡ്'. 'കാട്ടി ബാട്ടി', 'രന്‍ഗൂണ്‍', 'മണികര്‍ണിക', 'ജഡ്ജ്‌മെന്റല്‍ ഹേ ക്യാ', 'പങ്ക', 'തലൈവി' എന്നീ സിനിമകള്‍ക്കും ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ധാക്കഡിന്റെ പരാജയം കങ്കണയുടെ അടുത്ത ചിത്രങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാനിരുന്ന പലരും ഇതോടെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

'ഈ വെള്ളിയാഴ്ച 200 കോടിരൂപ ബോക്‌സ് ഓഫീസില്‍ ചാരമാകും. പപ്പയുടെ (മാഫിയ ഡാഡി) മാലാഖയ്ക്ക് (ഇപ്പോഴും ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന) വേണ്ടി. കാരണം പപ്പയ്ക്ക് അയാളുടെ സുന്ദരിയും ബുദ്ധിയുമില്ലാത്ത മകള്‍ക്ക് അഭിനയിക്കാന്‍ അറിയുമെന്ന് തെളിയിക്കണം. ഈ സിനിമയുടെ ഏറ്റവും പോരായ്മ കാസ്റ്റിങ് ആണ്. തിയേറ്റര്‍ സ്‌ക്രീനുകള്‍ തെന്നിന്ത്യന്‍, ഹോളിവുഡ് ചിത്രങ്ങള്‍ക്ക് പിറകെ പോകുന്നതിനെ കുറ്റം പറയാനാകില്ല. മാഫിയ ഉള്ള കാലത്തോളം ബോളിവുഡിന് നാശത്തിലേക്ക് പോകാനാണ് വിധി. ഡാഡി പപ്പയുടെ ബോളിവുഡ് മാഫിയയാണ് സിനിമയെ നശിപ്പിച്ചത്. ഒരുപാട് വലിയ സംവിധായകരെ സ്വാധീനിച്ച് സിനിമാറ്റിക് ബ്രില്ല്യന്‍സ് ഇല്ലാത്ത മോശം സിനിമകള്‍ നിര്‍ബന്ധപൂര്‍വ്വം ഇയാള്‍ ചെയ്യിപ്പിച്ചു. ഇയാളെ പ്രോത്സാഹിപ്പിക്കുന്നത് പ്രേക്ഷകര്‍ നിര്‍ത്തണം.'- എന്നായിരുന്നു ആലിയയുടെ ഗംഗുഭായ്ക്ക് എതിരായ കങ്കണയുടെ പരാമര്‍ശം.

Next Story