വരയുടെ ക്യാൻവാസിൽ സാഹിത്യം തീർത്ത മാന്ത്രികൻ, ആർട്ടിസ്റ്റ് നമ്പൂതിരി

ജീവിതത്തിന്റെ പലരസങ്ങള്‍ ചേര്‍ത്തുവച്ച് നമ്പൂതിരിയുടെ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രങ്ങളിൽ കഥാപാത്രങ്ങൾ അനവധിയാണ്
വരയുടെ ക്യാൻവാസിൽ സാഹിത്യം തീർത്ത മാന്ത്രികൻ, ആർട്ടിസ്റ്റ് നമ്പൂതിരി

വര പെയിന്റിങ്ങ് ശിൽപ്പവിദ്യ കലാസംവിധാനം എന്നിങ്ങിനെ കൈവച്ച മേഖലകളിലെല്ലാം വിസ്മയം തീ‍‌ർത്ത കലാകാരനായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. രണ്ടാമൂഴത്തിലെ ദ്രൗപദി, വി കെ എൻ കഥകൾക്ക് വരച്ച രേഖാചിത്രങ്ങൾ തുടങ്ങി നിരവധി കഥാപാത്രങ്ങളെ വരയിലൂടെ ജീവിപ്പിച്ച, വികെഎന്നിന്റെ ഭാഷയിൽ പറഞ്ഞാൽ 'വരയുടെ പരമശിവൻ' ആണ് അദ്ദേഹം. രേഖാ ചിത്രങ്ങള്‍ കൊണ്ട് മലയാളിയുടെ മനസില്‍ മായാരൂപങ്ങള്‍ തീര്‍ത്ത മഹാപ്രതിഭ നിത്യതയിലേക്ക് മടങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്.

ജീവിതത്തിന്റെ പലരസങ്ങള്‍ ചേര്‍ത്തുവച്ച് നമ്പൂതിരിയുടെ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രങ്ങളിൽ പുരാണ കഥപാത്രങ്ങളും എഴുത്തുകാരും സിനിമ നടന്മാരും സാധാരണക്കാരും ആരാധന മൂർത്തികളുമുണ്ടായിരുന്നു. ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ച വരയുടെ വരദാനമാണ് ആർട്ടിസ്റ്റ് നമ്പൂതിരി എന്ന് മോഹൻലാൽ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഏഴുപതിറ്റാണ്ടിലേറെക്കാലം മലയാളി കലാസ്വാദകരെ മോഹിപ്പിക്കുന്ന വരയുടെ മാന്ത്രികം തീർത്ത നമ്പൂതിരി സിനിമയിൽ കലാസംവിധാനം രംഗത്തും മികവ് തെളിയിച്ച പ്രതിഭയാണ്.

1925 സെപ്റ്റംബര്‍ 13-ന് പൊന്നാനിയില്‍ പരമേശ്വരൻ നമ്പൂതിരി-ശ്രീദേവി അന്തർജനം ദമ്പതികളുടെ മകനായാണ് കെ എം വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജനനം. മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ കെസിഎസ് പണിക്കർ, റോയ് ചൗധരി തുടങ്ങി പ്രമുഖരുടെ കീഴിലായിരുന്നു നമ്പൂതിരി ചിത്രകലാ പഠനം നടത്തിയത്. തുടർന്ന് 1960ൽ മാതൃഭൂമിയിൽ ചിത്രകാരനായി. 1981 മുതൽ കലാകൗമുദിയിലും പിന്നീട് മലയാളം വാരികയിലേക്കും. സ്വന്തം ശൈലിയിൽ, മെലിഞ്ഞ വരകളിലൂടെ, പകർപ്പല്ലാത്ത ദൃശ്യലോകമാണ് ആർട്ടിസ്റ്റ് നമ്പൂതിരി തീർത്തത്.

അക്ഷരങ്ങൾ കൊണ്ടെഴുതിയ മഹത്തായ സാഹിത്യ സൃഷ്ടികൾക്കൊപ്പം രേഖകളിൽ നമ്പൂതിരി തീര്‍ത്ത ചിത്രങ്ങളും മലയാളത്തെ വിസ്മയിപ്പിച്ചു. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളിലൂടെ മലയാള സിനിമയിള കലാ സംവിധായകന്റെ കുപ്പായവും നമ്പൂതിരി അണിഞ്ഞു. അതേ സിനിമയ്ക്ക് തന്നെ മികച്ച കലാ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്രം പുരസ്കരാവും അദ്ദേഹത്തിന് ലഭിച്ചു.

എം ടി വാസുദേവൻ നായര്‍, എസ് കെ പൊറ്റെക്കാട്ട്, തകഴി, തിക്കോടിയൻ, ഒ വി വിജയൻ, വി കെ എൻ, മാധവിക്കുട്ടി, എം മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങി എത്രയോ എഴുത്തുകാരുടെ കഥാപാത്രങ്ങളാണ് നമ്പൂതിരി വരച്ചത്. മനസ്സിൽ പൂർണതയില്ലാതിരുന്ന കഥാപാത്രങ്ങൾക്കുപോലും നമ്പൂതിരിയുടെ വര മൂർത്തരൂപം കൈവരുന്നത് കണ്ട് എഴുത്തുകാർ പോലും അദ്ഭുതപ്പെട്ടിട്ടുണ്ട്.

ചിത്രകലയോളം തന്നെ അദ്ദേഹത്തിന് പ്രിയമുള്ള കലയായിരുന്നു സംഗീതം. സംഗീതവും ചിത്രകലയും തമ്മിൽ ആത്മബന്ധമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. കഥകളി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം വരയ്ക്കുന്ന കലാപരിപാടിക്ക് പോലും ആർട്ടിസ്റ്റ് നമ്പൂതിരിയാണ് തുടക്കം കുറിച്ചത്. അരങ്ങിൽ പച്ചയും കത്തിയും കരിയുമൊന്നുമില്ലാതെ കഥകളി സംഗീതത്തിന്റെ താളവും വരികളും മനസിൽ കോറിയിട്ടുകൊണ്ട് തന്റെ ഭാവനയെ അദ്ദേഹം ആ വെളുത്ത ക്യാൻവാസിൽ കോറിയിടുന്നത് തന്നെ വിസ്മയകരമായ ഒന്നാണ്.

നമ്പൂതിരിച്ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രശസ്തമാണ്. മണ്ണിൽ രാമായണം മെനഞ്ഞെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. ലളിതവും ശാന്തവുമായ ജീവതം നയിച്ച കാലാതീതമായ വരയുടെ മാന്ത്രികന്‍റെ നിറമുള്ള ഓര്‍മകള്‍ എന്നും തെളിഞ്ഞു തന്നെ നിൽക്കും. വരയിൽ വിസ്മയം തീർത്ത മഹാപ്രതിഭയ്ക്ക് റിപ്പോർട്ടർ ടിവിയുടെ പ്രണാമം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com