
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. ഔദ്യോഗികകളോടെ വലിയ ചുടുകാട്ടിലായിരുന്നു സംസ്കാരം. വി എസിനെ അവസാനമായി ഒരുനോക്കുകാണാൻ ജന്മനാടായ ആലപ്പുഴയിലേക്ക് പതിനായിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്. മകൻ വി എ അരുൺകുമാറാണ് വി എസിന്റെ ചിതയ്ക്ക് തീകൊളുത്തിയത്.
21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
വി എസിന് വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം
വി എസിന്റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിൽ സംസ്കരിച്ചു.
വലിയ ചുടുകാട്ടിലേക്ക്
വി എസിന്റെ ഭൗതിക ശരീരം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് വലിയ ചുടുകാട്ടിലേക്ക്
നിലയ്ക്കാത്ത സ്നേഹപ്രവാഹമായ് വിഎസ്; അന്ത്യയാത്ര റിക്രിയേഷൻ ഗ്രൗണ്ടിൽ
റിക്രിയേഷന്‍ ഗ്രൗണ്ടിൽ വിഎസിന്റെ പൊതുദർശനം തുടങ്ങി.
വിപ്ലവ സ്മരണകൾ ഇരമ്പുന്നു; അന്ത്യയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്
വിഎസിന്റെ അന്ത്യയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് നീങ്ങുന്നു. മഴയെപ്പോലും വകവയ്ക്കാതെ വിഎസിനെ നെഞ്ചിലേറ്റി നാട്.
ഡിസി ഓഫീസിൽ നിന്ന് മടക്കം; ഇനി വിഎസിന് തിരിച്ചുവരവില്ല
ഒരുമണിക്കൂർ പിന്നിടുമ്പോൾ വിഎസിന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് എന്നന്നേയ്ക്കുമായി മടക്കം.
ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ…
ആലപ്പുഴ ഡിസി ഓഫീസിൽ വിഎസിന്റെ പൊതുദർശനം പുരോഗമിക്കുമ്പോൾ നിയന്ത്രിക്കാനാവാത്ത വിധമാണ് ജനക്കൂട്ടം. ഇവിടത്തെ പൊതുദർശനത്തിന് ശേഷം വിഎസിനെ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് തിരിക്കും.
പ്രിയ സഖാവിനെ ഒരുനോക്ക് കാണാൻ....
ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലേക്ക് വിഎസിനെ കാണാൻ വൻ ജനാവലി. പ്രിയ നേതാവിന് വിപ്ലവാഭിവാദ്യം അർപ്പിക്കുകയാണ് ജനം.
അഭിവാദ്യങ്ങൾ… അഭിവാദ്യങ്ങൾ; വേലിക്കകത്ത് വീട്ടിലേക്ക് ഇനി വിഎസ്സില്ല
വേലിക്കകത്ത് വീട്ടിൽ നിന്നും വിഎസ്സിന് തിരിച്ചുവരവില്ലാത്ത മടക്കം. വിഎസിന്റെ ഭൗതികദേഹം ആലപ്പുഴ ഡിസി ഓഫീസിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടത്തെ പൊതുദർശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം അണമുറിയാത്ത ജനപ്രവാഹം.
നൂറുചുവപ്പൻ അഭിവാദ്യങ്ങൾ
വിഎസിനെ കാണാൻ വേലിക്കകത്ത് വീട്ടിൽ നീണ്ട നിര. പൊതുദർശനം പുരോഗമിക്കുന്നു.
വിഎസ്സിന് പിറന്ന മണ്ണിന്റെ ആദരം
വേലിക്കകത്ത് വീട്ടിൽ വിഎസ്സിന്റെ പൊതുദർശനം പുരോഗമിക്കുന്നു.
വേലിക്കകത്ത് വീട്ടിൽ ശങ്കരൻ അച്യുതാനന്ദൻ
വേലിക്കത്ത് വീട്ടിൽ വേർപാടിന്റെ വേദന. വിപ്ലവ സൂര്യന് പിറന്നമണ്ണിൽ ലാൽസലാം.
ഇനിയുമുറക്കെ ഉറക്കെ ഉറക്കെ.... കണ്ണേ കരളേ വിഎസ്സേ.....
വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ചു.
കണ്ണേ കരളേ വിഎസ്സേ... പുന്നപ്രയുടെ മണിമുത്തേ...
വേലിക്കകത്ത് വീട്ടിലേക്ക് വിഎസ്. ഉള്ളുപിടഞ്ഞ് ജന്മനാട്.
വിഎസ്സിനെ കാത്ത് പുന്നപ്ര
പ്രിയ സഖാവിനെ കാണാൻ നിറഞ്ഞുകവിഞ്ഞ് പുന്നപ്ര. വിഎസ് അച്യുതാനന്ദന്റെ വിലാപയാത്ര വെന്തലത്തറയിലെ വീട്ടിലേക്ക് ഉടൻ എത്തിച്ചേരും.
പ്രതിപക്ഷമെന്നാൽ ജനപക്ഷമെന്ന് കാണിച്ചുതന്ന നേതാവ്: മന്ത്രി പി പ്രസാദ്
പ്രതിപക്ഷമെന്നാൽ ജനപക്ഷമെന്ന് കാണിച്ചുതന്ന നേതാവാണ് വിഎസ്സെന്ന് മന്ത്രി പി പ്രസാദ്. കഴിഞ്ഞ ആറുവർഷമായി പൊതുമണ്ഡലത്തിൽ ഇല്ലാതിരുന്നിട്ടുപോലും രാത്രി രണ്ടും മൂന്നും മണിക്ക് പതിനാറും പതിനേഴും വയസുള്ളവർ കണ്ണേകരളേ വിഎസ്സേ എന്നുവിളിക്കുകയാണെന്നും പി പ്രസാദ് റിപ്പോർട്ടറിനോട് പറഞ്ഞു.
പ്രതീക്ഷയ്ക്കപ്പുറമാണ് ആൾക്കൂട്ടം: മന്ത്രി സജി ചെറിയാൻ
പ്രതീക്ഷയ്ക്കപ്പുറമാണ് ആൾക്കൂട്ടമെന്ന് മന്ത്രി സജി ചെറിയാൻ. വിഎസ്സിന്റെ സ്ഥലമാണ്. പരമാവധിപ്പേരെ കാണിച്ചിട്ടേ കടന്നുപോകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്പലപ്പുഴയിൽ നിന്ന് വണ്ടാനത്തേക്ക്; വിലാപയാത്ര ഉടൻ വീട്ടിലെത്തും
വിഎസ്സിന്റെ വിലാപയാത്ര ഉടൻ വീട്ടിലെത്തും. അമ്പലപ്പുഴ പിന്നിട്ട് വിലാപയാത്ര വണ്ടാനത്തേക്ക് സഞ്ചരിക്കുകയാണ്.
നൂറുനൂറു പൂക്കൾ; വിലാപയാത്ര അമ്പലപ്പുഴയിൽ
വിഎസ്സിന്റെ വിലാപയാത്ര അമ്പലപ്പുഴയിൽ. സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വിഎസ് വീട്ടിലേക്ക്..
ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കി; കാത്തുനിൽക്കുന്ന പ്രവർത്തകരോട് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് എത്താൻ നിർദ്ദേശം
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കി. അരമണിക്കൂർ ആക്കി ചുരുക്കിയതായി സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഓഫീസിന് മുന്നിൽ വിഎസ്സിനെ കാത്തുനിൽക്കുന്ന പ്രവർത്തകരോട് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് എത്താൻ നിർദ്ദേശം നൽകി.
മണ്ണും മനുഷ്യനുമുള്ളകാലം വരെ വിഎസ്സിന് മരണമില്ല
ജനഹൃദയങ്ങളിൽ നിന്ന് വിഎസ് മരിക്കുന്നില്ല. അതിനു തെളിവാണ് വിലാപയാത്ര കടന്നുപോകുന്ന വീഥികളിൽ കാണുന്ന ജനക്കൂട്ടം. ആബാലവൃദ്ധം ജനഹൃദയങ്ങളിൽ വിപ്ലവക്കനലാണ് വിഎസ്. വിലാപയാത്ര പുറക്കാടെത്തി.
ചുവന്ന മണ്ണിൽ ചുവപ്പ് പുതച്ച്...
വിഎസ്സിന്റെ അന്ത്യയാത്രയും ചരിത്രമാവുകയാണ്. സമര സഖാവ് ജന്മനാട്ടിലെത്തുമ്പോൾ കണ്ണീർപ്രണാമം അർപ്പിക്കാൻ ആൾക്കടലാണ്. അൽപ സമയത്തിനകം വിഎസ്സിന്റെ വിലാപയാത്ര വേലിക്കകത്ത് വീട്ടിൽ എത്തിച്ചേരും. 20 മണിക്കൂർ പിന്നിട്ട് വിലാപയാത്ര ഇപ്പോൾ പുറക്കാടെത്തി, ഇനി അമ്പലപ്പുഴയിലേക്ക്...
വിഎസ്സിനെ കാത്ത് വലിയ ചുടുകാട്; ഒരുക്കങ്ങൾ പൂർത്തിയായി, രക്തസാക്ഷികൾക്കൊപ്പം അന്ത്യവിശ്രമം കൊള്ളും
സമരനായകനെ ഏറ്റുവാങ്ങാനൊരുങ്ങി വലിയ ചുടുകാട്. ധീരനായ പോരാളി പുന്നപ്ര വയലാർ രക്തസാക്ഷികൾക്കൊപ്പം അന്ത്യവിശ്രമം കൊള്ളും. വലിയ ചുടുകാട്ടിൽ ഒരുക്കങ്ങൾ പൂർത്തിയായി.
ചാലുകൾ ചേർന്നൊരു പുഴയായി; പുഴകൾ ചേർന്നൊരു കടലായി
വിഎസിന്റെ വിലാപയാത്ര 19 മണിക്കൂർ പിന്നിടുമ്പോൾ ആലപ്പുഴ ജില്ലയിലെ കരുവാറ്റ കഴിഞ്ഞിട്ടേയുള്ളൂ. പ്രായഭേദമില്ലാതെ പ്രിയ സഖാവിനെക്കാണാൻ അത്രയേറെപ്പേരാണ് തടിച്ചുകൂടുന്നത്. വീട്ടിലേക്ക് ഇനിയും 20 കിലോമീറ്ററോളമുണ്ട്. സ്നേഹമഴയിലങ്ങനെ നനഞ്ഞ് വിഎസ് തന്റെ പോരാട്ട വീഥിയിലൂടെ യാത്രയാവുകയാണ്...
ജ്വലിക്കുന്ന വിപ്ലവ സൂര്യൻ
സ്നേഹമഴയിൽ നനഞ്ഞ് വിപ്ലവസൂര്യന് മടക്കയാത്ര. നങ്ങ്യാർകുളങ്ങരയിൽ നിന്നും വിഎസ്സിനെയും വഹിച്ചുള്ള വിലാപയാത്ര ഹരിപ്പാടിലേക്ക്.
വി എസ് വരുമ്പോൾ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്തുനിന്ന് രമേശ് ചെന്നിത്തല
വിഎസിന് അന്ത്യയാത്രാമൊഴി നൽകാൻ ആൾക്കൂട്ടത്തിനൊപ്പം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോൾ താനിവിടെ വേണ്ടേയെന്നാണ് രമേശ് ചെന്നിത്തല റിപ്പോർട്ടറിനോട് പ്രതികരിച്ചത്.
'വിലാപയാത്ര കായംകുളം വിട്ടപ്പോഴാണ് ഇവിടെയെത്തിയത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. എനിക്കത് അനുഭവമുള്ള കാര്യമാണ്. വ്യക്തിപരമായി ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ട്. എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോൾ ഞാനിവിടെ വേണ്ടേ. അന്ത്യയാത്രയല്ലേ', രമേശ് ചെന്നിത്തല പ്രതികരിച്ചു.
വിഎസ്സിന്റെ സംസ്കാര ചടങ്ങ്: സമയത്തിൽ മാറ്റമില്ലെന്ന് സജി ചെറിയാൻ
വിഎസ്സിന്റെ സംസ്കാര ചടങ്ങിൻ്റെ സമയത്തിൽ മാറ്റമില്ലെന്ന് മന്ത്രി സജി ചെറിയാൻ. പൊതുദർശന സമയം കുറയ്ക്കും. പൊതുദർശന കേന്ദ്രങ്ങൾ വെട്ടിക്കുറച്ചിട്ടില്ല. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിൽ നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹാഭിവാദ്യം ഏറ്റുവാങ്ങി വിഎസ്; വിലാപയാത്ര ആലപ്പുഴയിൽ
മഴയെ വകവയ്ക്കാതെ വിഎസ്സിന് അന്ത്യയാത്ര നൽകാൻ ജന്മനാട്ടിൽ ഒഴുകിയെത്തുന്നത് ആയിരങ്ങൾ. മനുഷ്യമതിലായി വഴിയോരങ്ങൾ മാറുന്നകാഴ്ച. ഇപ്പോൾ വിഎസ്സിന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര കരിയിലകുളങ്ങരയെത്തി.
വിഎസ്സിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് വലിയ ഭാഗ്യം; വാക്കുകൾ ഇടറി ബെന്യാമിൻ
വിഎസിനെ ഓർത്ത് വാക്കുകൾ ഇടറി എഴുത്തുകാരൻ ബെന്യാമിൻ. വിഎസ്സിന്റെ വിയോഗം നികത്താനാവാത്ത വിടവാണെന്നും അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഎസ്സിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.
കനത്ത മഴയെ വകവെയ്ക്കാതെ സഖാവിനെ കാണാൻ
കനത്ത മഴയെ വകവെയ്ക്കാതെ വി എസിനെ കാണാൻ ഒഴുകിയെത്തി ജനം. വിലാപയാത്ര കാവനാട് കടക്കുന്നു
സഖാവിനെ കാത്ത്
വേലിക്കകത്തെ വീട്ടിൽ വി എസിനെ കാത്ത് നൂറുകണക്കിന് ആളുകൾ
പതിനഞ്ചാം മണിക്കൂറിലേക്ക്
വിലാപയാത്ര പതിനാല് മണിക്കൂർ പിന്നിട്ട് പതിനഞ്ചാം മണിക്കൂറിലേക്ക്
കാത്ത് നിന്ന്
കൊല്ലം ജില്ലയിൽ അന്തിമോപചാരം അർപ്പിക്കാൻ വൻജനാവലി
വിപ്ലവ ഭൂമിയിലൂടെ
വിലാപയാത്ര ചിന്നക്കടയിലൂടെ കടന്നുപോകുന്നു
വിലാപയാത്ര കൊല്ലം ജില്ലയിൽ
വി എസിന്റെ ഭൗതിക ശരീരവുമായുള്ള വിലാപയാത്ര കൊല്ല ജില്ലയില്‍ കടന്നു
'വര്‍ഗീയത വിതറി വി എസിനെ ഇരുട്ടില്‍ നിര്‍ത്താന്‍ ഒരു വര്‍ഗീയ വാദിയേയും അനുവദിക്കില്ല'
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ വര്‍ഗീയ പ്രചാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വര്‍ഗീയ വിഷ ജീവികള്‍ കേരളത്തില്‍ പെറ്റുപെരുകുന്നു എന്നതിന്റെ ഉദാഹരണമാകുന്നുണ്ട് സോഷ്യല്‍ മീഡിയയിലെ ചിലരുടെ പേക്കൂത്തുകളെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം കൊടിയ വിഷങ്ങള്‍ക്കെല്ലാം നല്ല ചികിത്സ കൊടുത്ത മണ്ണാണ് കേരളത്തിന്റേതെന്നും ഇവിടുത്തെ മതേതര ഇടത്തെ അങ്ങനെയങ്ങ് തകര്‍ത്ത് വീതംവെച്ചെടുക്കാന്‍ ഒരു വര്‍ഗീയ വിഷകോമരങ്ങള്‍ക്കും സാധിക്കില്ലെന്നും റഫീഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
'പതിനൊന്ന് മണിക്കൂർ'
പതിനൊന്ന് മണിക്കൂര്‍ പിന്നിട്ട് വിലാപയാത്ര
വിലാപയാത്ര ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ പരിസത്ത് കൂടി കടന്നുപോകുന്നു
വിലാപയാത്ര ആറ്റിങ്ങല്‍ മൂന്നുമുക്കില്‍
മനുഷ്യസാഗരം
വി എസിനെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയവർ
ഒരു നോക്ക് കാണാൻ
കണിയാപുരത്ത് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയ വയോധിക
'ഒരു കമ്മ്യൂണിസ്റ്റ് തലമുറയെ ചെങ്കൊടിയും പ്രസ്ഥാനവും ആശയങ്ങളും ഏല്‍പ്പിച്ചാണ് അദ്ദേഹം യാത്രയാവുന്നത്'
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അവസാന കമ്മ്യൂണിസ്റ്റ് എന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ഒരു കമ്മ്യൂണിസ്റ്റ് തലമുറയെ ചെങ്കൊടിയും പ്രസ്ഥാനവും ആശയങ്ങളും ഏല്‍പ്പിച്ചാണ് വി എസ് അച്യുതാനന്ദന്‍ യാത്രയാവുന്നതെന്ന് എം ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
വിലാപയാത്ര പള്ളിപ്പുറത്ത്
വി എസിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം പള്ളിപ്പുറം വഴി കടന്നുപോകുന്നു
'വി എസ് എന്ന രണ്ടക്ഷരത്തിന്റെ കരുത്തറിയാതെ'ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് കാവ്യ രചയിതാക്കള്‍'ആ പണി തുടരും'
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അവസാന കമ്മ്യൂണിസ്റ്റ് എന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഇനിയും ജനിക്കാനിരിക്കുന്ന എത്രയോ തലമുറകളെ ചെങ്കൊടിയേന്തി നേരിന്റെ പടപ്പാട്ടുകാരാക്കാന്‍ കരുത്തുള്ള മന്ത്രാക്ഷരങ്ങളാണ് വി എസ് എന്ന രണ്ടക്ഷരങ്ങളെന്നറിയാതെ 'ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് കാവ്യ രചയിതാക്കള്‍' ആ പണി തുടരുമെന്ന് ആര്‍ഷോ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
'ഒരു കാലഘട്ടത്തിന്റെ വിളക്കുമാടമായിരുന്നു, അതിന്റെ തിരി കെട്ടു'
വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് അദ്ദേഹത്തിനൊപ്പം മരണം വരെ ഒപ്പമുണ്ടായിരുന്ന വി കെ ശശിധരന്‍. വി എസ് ഒരു കാലഘട്ടത്തിന്റെ വിളക്കുമാടമായിരുന്നുവെന്നും അതിന്റെ തിരി കെട്ടുവെന്നും വി കെ ശശിധരന്‍ പറഞ്ഞു.
ലാൽ സലാം സഖാവേ; നിലയ്ക്കാതെ മുദ്രാവാക്യങ്ങൾ, ജനനായകന് വിട
വിപ്ലാവാഭിവാദ്യങ്ങളോടെ വിഎസിനെ യാത്രയയ്ക്കാൻ വഴിയരികിൽ കാത്തുനിൽക്കുകയാണ് ജനസാഗരം. പോരാട്ട വഴികളിലൂടെ തന്റെ വിപ്ലവമണ്ണിലേക്ക് വിഎസ് നീങ്ങുകയാണ്. അക്ഷരാർത്ഥത്തിൽ മനുഷ്യമതിൽ തന്നെയായിത്തീരുകയാണ് വീഥികൾ.
'ഞങ്ങളെയാകെ നയിച്ച സഖാവേ...'വി എസ് അനിൽകുമാർ
യോദ്ധാവിന്റെ നിർവചനം തന്നെയാണ് വിഎസ് എന്ന രണ്ടക്ഷരം: ജോൺ ബ്രിട്ടാസ് എംപി
യോദ്ധാവിന്റെ നിർവചനം തന്നെയാണ് വിഎസ് എന്ന രണ്ടക്ഷരമെന്ന് ജോൺ ബ്രിട്ടാസ് എംപി. അദ്ദേഹത്തിൻ്റെ ഓർമ്മകൾ ജനലക്ഷങ്ങളുടെ മനസ്സിൽ എന്നും ജ്വലിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ ജനാവലിയ്ക്കാകും ആലപ്പുഴ സാക്ഷിയാവുക: മന്ത്രി സജി ചെറിയാൻ
ചരിത്രത്തിലെ ഏറ്റവും വലിയ ജനാവലിയ്ക്കാകും ആലപ്പുഴ സാക്ഷിയാവുകയെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായി. വിഎസിന്റെ വീട്ടിലും പാർട്ടി ഓഫീസിലും സ്ഥലപരിമിതിയുണ്ടെന്നും അതിനാൽ പരമാവധി ആളുകൾ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ ചിത്രം പങ്കുവെച്ച് പി കെ ശ്രീമതി
ആലപ്പുഴയിൽ നാളെ അവധി
വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ
സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ജൂലൈ 23 ) ന് അവധി പ്രഖ്യാപിച്ചു.
ജനനായകൻ മടങ്ങുന്നു, വിപ്ലവ മണ്ണിൽ അന്ത്യവിശ്രമത്തിനായ്
വിഎസ്സിന് വിട നല്‍കി തലസ്ഥാനം; ഇനി വിലാപയാത്രയായി ആലപ്പുഴയിലേക്ക്
ഔദ്യോഗിക ബഹുമതികളോടെ വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം ദര്‍ബാര്‍ ഹാളില്‍ നിന്നും വിലാപയാത്രയ്ക്കായി പുറത്തേക്കെടുത്തു. ഇനി നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സ്ഥലങ്ങളിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ വിലാപയാത്രയ്‌ക്കൊപ്പമുണ്ടാകും. കണ്ണേ…കരളേ…വിഎസ്സേ എന്ന മുദ്രാവാക്യം തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഏറ്റുവിളിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിഎസ്സിന് തലസ്ഥാന നഗരിയില്‍ നിന്ന് വിട നല്‍കുന്നത്.
മുഴുവന്‍ പേരെയും വി എസിനെ കാണിക്കും: എം വി ജയരാജന്‍
വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൃത്യം രണ്ട് മണിക്ക് ദര്‍ബാര്‍ ഹാളില്‍ നിന്ന് പുറപ്പെടുമെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്‍. കാണാനുള്ളവരെ മുഴുവന്‍ കാണിച്ചിട്ടേ കൊണ്ടുപോകുകയുള്ളുവെന്നും ഇതിനായി രണ്ട് പ്രവേശന കവാടത്തിലൂടെ രണ്ട് വരിയായി ആളുകളെ കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിലാപയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും നേതാക്കളും പങ്കെടുക്കും. നേരത്തെ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഭൗതികശരീരം വഹിക്കുന്ന വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ക്ക് കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോരാളികളുടെ പോരാളി; പ്രിയ സഖാവിനെ കാണാൻ ദർബാർഹാളിലേക്ക് ജനസാഗരം
വിഎസിനെ കാണാൻ, തങ്ങളുടെ ധീരസഖാവിനെ കാണാൻ ദർബാർഹാളിലേക്ക് ജനസാഗരം. രണ്ട് മണിവരെയാണ് ദർബാർഹാളിൽ പൊതുദർശനം ഒരുക്കിയിരിക്കുന്നത്. തുടർന്ന് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് വിഎസിനെ കൊണ്ടുപോകും. വീട്ടിൽ പൊതുദർശനം. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടിൽ സംസ്‌കാരം നടത്തും. സമരഭൂമിയിൽ വി എസ് അന്ത്യവിശ്രമം കൊള്ളും.
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമായിരുന്നു വിഎസിന്: വിഡി സതീശൻ
പ്രായം ഒരിക്കലും പോരാട്ടവീര്യത്തിന് തടസമാകില്ലെന്ന സന്ദേശം നൽകിയാണ് വിഎസ് മടങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമായിരുന്നു വിഎസിന്. വിഎസ് സർക്കാരിനെതിരെ താൻ ഉയർത്തിയ നിരവധി വിഷയങ്ങൾ അദ്ദേഹം പരിശോധിച്ച് പരിഹാരം കണ്ട അനുഭവങ്ങൾ ഉണ്ട്. സാധാരണ കമ്മ്യൂണിസ്റ്റ് രീതികളിൽ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് വി എസിനെ കേരള രാഷ്ട്രീയം ഏറ്റെടുത്തതെന്നും സതീശൻ പറഞ്ഞു.
വിഎസ് വികസനവിരോധിയല്ല; അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടല്ലോയെന്ന തോന്നൽ ആത്മവിശ്വാസമായിരുന്നു: എ പ്രദീപ് കുമാർ
വിഎസ് വികസനവിരോധിയല്ലെന്നും അദ്ദേഹത്തിന്റെ ഭരണകാലത്താണ് വലിയ വികസന പദ്ധതികൾ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ പ്രദീപ് കുമാർ. അദ്ദേഹം വയ്യാതെ കിടക്കുമ്പോഴും സാന്നിധ്യം ഉണ്ടല്ലോയെന്ന തോന്നൽ ആത്മവിശ്വാസമായിരുന്നു, അതില്ലാതായെന്നും അദ്ദേഹം പറഞ്ഞു.
''എസ്എഫ്‌ഐയുടെ ഭാരവാഹിയായി പ്രവർത്തിക്കുന്ന സമയത്ത് വിഎസ് സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവായിരുന്നു. സമരമുഖരിതമായ കാലത്ത് അദ്ദേഹത്തിന്റെ സാന്നിധ്യവും ഊർജസ്രോതസുമായിരുന്നു തണലായിരുന്നത്. കേരളമാകെ അനുഭവിച്ചതാണത്. അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴാണ് ഞാൻ ആദ്യമായി എംഎൽഎയായത്. വടക്കൻ കേരളത്തിലെ വികസനപദ്ധതികൾക്ക് തുടക്കമിട്ടു. വിഎസ് വികസനവിരോധിയല്ല, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു, പക്ഷേ വികസനപദ്ധതികൾ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് വലിയ വികസന പദ്ധതികൾ കൊണ്ടുവന്നത്. അദ്ദേഹം വയ്യാതെ കിടക്കുമ്പോഴും സാന്നിധ്യം ഉണ്ടല്ലോയെന്ന തോന്നൽ ആത്മവിശ്വാസമായിരുന്നു, അതില്ലാതായി'', എ പ്രദീപ് കുമാർ പറഞ്ഞു.
'വി എസ് ഭൂമിയുടെ രാഷ്ട്രീയം സംസാരിച്ചയാൾ, കേരളത്തിലെ ഐടി വ്യവസായത്തെ വികസിപ്പിച്ചു'; ഓർമിച്ച് ജോസഫ് സി മാത്യു
വി എസ് അച്യുതാനന്ദൻ ഭൂമിയുടെ രാഷ്ട്രീയം സംസാരിച്ചയാളെന്നും കേരളത്തിലെ ഐ ടി വികസനത്തിന് ചുക്കാൻ പിടിച്ച മുഖ്യമന്ത്രിയെന്നും വിഎസിന്റെ ഐടി ഉപദേഷ്ടകനായിരുന്ന ജോസഫ് സി മാത്യു. വി എസ് മൂലം കേരളത്തിനുണ്ടായ നേട്ടം അറിയണമെങ്കിൽ ഐ ടി പാർക്കുകളിൽ നിന്നുള്ള കയറ്റുമതി പരിശോധിച്ചാൽ മതി എന്നും വികസന വിരുദ്ധത അദ്ദേഹത്തിനുണ്ടായിട്ടില്ലെന്നും ജോസഫ് സി മാത്യു പറഞ്ഞു.
'വി എസ് ജനപ്രിയ നേതാവ്, കേരള ജനതയ്ക്ക് വലിയ നഷ്ടം'; അനുശോചിച്ച് കോൺഗ്രസ് നേതാക്കൾ
വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായി എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്നയാളാണ് വി എസ് എന്നും കുടുംബത്തോടും പാർട്ടിയോടും ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അധ്യക്ഷൻ പറഞ്ഞു. താൻ വളരെ കുട്ടിക്കാലം മുതൽക്കേ അറിയുന്നയാളാണ് വി എസ് എന്നും നാട്ടുകാരൻ എന്ന നിലയിൽ തങ്ങളോടെല്ലാം അദ്ദേഹം വലിയ സ്നേഹം വെച്ചുപുലർത്തിയിരുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വി എസ് പകര്‍ന്നു നല്‍കിയ ധൈര്യം ചെറുതല്ല: കെ കെ രമ
രാഷ്ട്രീയജീവിതത്തിലും വ്യക്തി ജീവിതത്തിലും വി എസ് അച്യുതാനന്ദന്‍ പകര്‍ന്നു നല്‍കിയ ധൈര്യവും ആത്മവിശ്വാസവും ചെറുതല്ലെന്ന് ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എ. തന്റെ പോരാട്ടത്തിന്റെ കരുത്തും അതായിരുന്നുവെന്നും അച്ഛന്‍ നഷ്ടപ്പെട്ടിട്ട് നാളേക്ക് ഒരു വര്‍ഷമാകുമ്പോള്‍ ഇന്ന് വി എസിനെ നഷ്ടപ്പെട്ടെന്നും കെ കെ രമ പറഞ്ഞു.
'പാര്‍ട്ടി സെക്രട്ടറി കുലംകുത്തിയെന്ന് വിശേഷിപ്പിച്ചിടത്താണ് ധീരനായ കമ്മ്യൂണിസ്റ്റാണ് ടി പി ചന്ദ്രശേഖരനെന്ന് വി എസ് പറഞ്ഞത്. അതാണ് വിഎസിന്റെ പ്രത്യേകത. തനിക്ക് ശരിയെന്ന് തോന്നിയത് സത്യസന്ധമായും കൃത്യമായും പങ്കുവെക്കാന്‍ വി എസിന് സാധിച്ചു. വി എസ് ഇല്ലെങ്കിലും ആ ആശയങ്ങളും പോരാട്ടവും കേരളത്തിലുണ്ടാകും. പലസ്ഥലത്തും വി എസ് മൗനിയായിരുന്നു. ആ മൗനം വലിയ രാഷ്ട്രീയമായിരുന്നു', കെ കെ രമ പറഞ്ഞു.
ഇല്ലായില്ല മരിക്കുന്നില്ല…; ചെങ്കൊടി പുതച്ച് വിഎസ്, പൊതുദർശനം ദർബാർ ഹാളിൽ പുരോഗമിക്കുന്നു
സമരസഖാവ് വി എസ് അച്യുതാനന്ദന് വിടചൊല്ലി തലസ്ഥാനം. പൊതുദർശനം ദർബാർഹാളിൽ പുരോഗമിക്കുമ്പോൾ നിരവധിപ്പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിച്ചേരുന്നത്.
വിഎസിന്റെ വിയോഗം വലിയ നഷ്ടം: കെ ബി ഗണേഷ് കുമാർ
ജനകീയനായ നേതാവാണ് വിഎസെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. എല്ലാ പ്രതിസന്ധികളേയും അദ്ദേഹം നേരിട്ടു. വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഗണേഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. അവസാനമായി വിഎസിനെ ഒരുനോക്ക് കാണാൻ രാഷ്ട്രീയഭേദമന്യേ എല്ലാവരും ആഗ്രഹിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നത്തെക്കാലത്ത് വിഎസിനെപ്പോലുള്ളവർ വിരളമാണ്: ഗവർണർ
ദർബാർ ഹാളിലെത്തി വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇന്നത്തെക്കാലത്ത് വിഎസിനെപ്പോലുള്ളവർ വളരെ വിരളമാണെന്ന് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഎസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം: എം ബി രാജേഷ്
വിഎസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി എംബി രാജേഷ്. വിഎസ് പതിപ്പിച്ച പാദമുദ്രകൾ എന്നും വഴികാട്ടുമെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. വിഎസിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സഫലവും സമ്പൂര്‍ണവുമായ ആ വിപ്ലവജീവിതത്തിന്, വിപ്ലവ തേജസ്സിന് അന്ത്യാഭിവാദ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഎസിനെ ഒരു നോക്ക് കാണാൻ ഉറക്കമില്ലാതെ ജനങ്ങൾ കാത്തുനിൽക്കുന്നു, സമര സൂര്യന് വിട: എ എം ആരിഫ്
വിഎസിന് ആദരാഞ്ജലി അർപ്പിച്ച് സിപിഐഎം നേതാവ് എ എം ആരിഫ്. വി എസിനെ ഒരു നോക്ക് കാണാൻ ഉറക്കമില്ലാതെ ജനങ്ങൾ കാത്തുനിൽക്കുന്നുവെന്നും വിപ്ലവ കേരളത്തിന്റെ സമര സൂര്യന് വിടചൊല്ലിക്കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വിഎസിനെ കാണാൻ നീണ്ടനിര; കാത്തുനിൽക്കുന്നത് നിരവധിപ്പേർ
വിഎസിനെ അവസാനമായി കാണാൻ ദർബാർഹാളിലേക്ക് ജനപ്രവാഹം. സെക്രട്ടേറിയറ്റിന് പുറത്തും റോഡിന് ഇരുവശങ്ങളിലും നിരവധിപ്പേരാണ് കാത്തു നിൽക്കുന്നത്. പാളയം വരെ നീണ്ടനിരയുമുണ്ട്.
സഖാവിന് റെഡ് സല്യൂട്ട്; ദർബാർ ഹാളിൽ പൊതുദർശനം
വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ദർബാർ ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. വിപ്ലവാഭിവാദ്യങ്ങളുമായി ജനസാഗരമാണ് ഒഴുകിയെത്തുന്നത്.
നിലപാടുകളിലെ സ്‌ഫടിക സമാനത; വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരി: ബിനോയ് വിശ്വം
വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിക്കകത്തുണ്ടായ അഭിപ്രായ ഭിന്നതകളിൽ ഒരു പക്ഷം പിടിക്കുമ്പോഴും താൻ നിൽക്കുന്ന ഭാഗമാണ് ശരിയെന്ന് അദ്ദേഹം കർശന നിലപാടെടുത്തുവെന്നും ബിനോയ് വിശ്വം ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി ദർബാർ ഹാളിലെത്തി
മുഖ്യമന്ത്രി പിണറായി വിജയൻ ദർബാർ ഹാളിലെത്തി. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മന്ത്രി പി രാജീവ് എന്നിവരും ദർബാർ ഹാളിൽ എത്തിയിട്ടുണ്ട്. വിഎസിന്റെ ഭൗതികദേഹം അൽപസമയത്തിനകം വിലാപയാത്രയായി ദർബാർഹാളിലെത്തിച്ചേരും. പ്രായഭേദമന്യേ പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധിപ്പേരാണ് തലസ്ഥാനത്ത് തടിച്ചുകൂടിയിരിക്കുന്നത്.
'ഞങ്ങളെയാകെ നയിച്ച സഖാവേ...' വി എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലേക്ക് കൊണ്ടുപോകുന്നു
തിരുവനന്തപുരത്തെ വീട്ടിൽ നിന്നും വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം പൊതുദർശനത്തിനായി ദർബാർ ഹാളിലേക്ക് കൊണ്ടുപോകുന്നു. വി എസിൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള ആംബുലൻസിൽ മകന്‍ വി എ അരുണ്‍കുമാറും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി കെ എന്‍ ബാലഗോപാല്‍ തുടങ്ങിയ നേതാക്കളുമുണ്ട്. കണ്ഠമിടറി മുദ്രാവാക്യം വിളിച്ചാണ് പ്രിയപ്പെട്ടവർ തങ്ങളുടെ നേതാവിനെ യാത്രയാക്കുന്നത്.
'വി എസ് മരിക്കുമ്പോഴും അദ്ദേഹം അവശേഷിപ്പിക്കുന്ന പ്രകാശമുണ്ട്. അത് കെടാതെ സൂക്ഷിക്കാന്‍ നമുക്ക് കഴിയണം… വി എസിന് റിപ്പോര്‍ട്ടര്‍ ടിവിയുടെ റെഡ് സല്യൂട്ട്'
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ വി എസിൻ്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി.
വി എസിന് അന്തിമോപചാരം അർപ്പിച്ച് ഡിവൈഎഫ്ഐ
വി എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പുഷ്പചക്രം സമർപ്പിച്ചു. സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്, ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ, ഷിജുഖാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
സമരങ്ങള്‍ക്ക് പ്രാണന്‍ നല്‍കിയ നേതാവേ വിട....
'സാറേ... ഇതിനെ ആശുപത്രിയിൽ കൊണ്ടിട്ടേക്കാം. ചത്താൽ അവര് നോക്കിക്കൊള്ളും' കള്ളൻ രക്ഷിച്ച വിഎസിന്റെ ജീവൻ
വി എസ് അസ്തമയം ഇല്ലാത്ത സൂര്യന്‍: യേശുദാസ്
വി എസ് അച്യുതാനന്ദന് അനുശോചനം അറിയിച്ച് ഗായകന്‍ യേശുദാസ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു വി എസ് എന്നും ചരിത്രം അദ്ദേഹത്തെ ഓര്‍ക്കുക അസ്തമയം ഇല്ലാത്ത സൂര്യന്‍ എന്നായിരിക്കുമെന്നും യേശുദാസ് പറഞ്ഞു. ഇതുപോലെ ആദര്‍ശമുള്ള മനുഷ്യര്‍ ഇനി വരുമോ എന്നും യേശുദാസ് പറയുന്നു.
ഇന്ന് വി എസിന്റെ വിലാപയാത്ര കടന്നുപോകുന്ന വഴി
കവടിയാറിലെ വീട്ടിൽ നിന്നും വി എസിൻ്റെ ഭൗതിക ശരീരം രാവിലെ ഒമ്പത് മണിക്ക് ദര്‍ബാര്‍ ഹാളിലെത്തിക്കും. ദർബാർ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്ര ആരംഭിക്കും
വിലാപയാത്ര കടന്നു പോകുന്ന വഴി
പാളയം
പിഎംജി
പ്ലാമൂട്
പട്ടം
കേശവദാസപുരം
ഉള്ളൂര്‍
പോങ്ങുമൂട്
ശ്രീകാര്യം
ചാവടിമുക്ക്
പാങ്ങപ്പാറ
കാര്യവട്ടം
കഴക്കൂട്ടം
വെട്ട്‌റോഡ്
കണിയാപുരം
പള്ളിപ്പുറം
മംഗലപുരം
ചെമ്പകമംഗലം
കോരാണി
മൂന്ന്മുക്ക്(ആറ്റിങ്ങല്‍)
ബസ് സ്റ്റാന്റ്(ആറ്റിങ്ങല്‍)
കച്ചേരിനട
ആലംകോട്
കടുവയില്‍
കല്ലമ്പലം
നാവായിക്കുളം
28-ാം മൈല്‍
കടമ്പാട്ടുകോണം
വി എസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു
വി എസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. ഇന്ന്(ജൂലൈ 22) രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്നിറക്കും. 9 മണിക്ക് ദര്‍ബാള്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. രണ്ട് മണിക്ക് ആലപ്പുഴയിലേക്ക് വിലാപയാത്ര തുടങ്ങും. വി എസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. അതനുസരിച്ച് പിന്നീടുള്ള സമയക്രമത്തില്‍ മാറ്റമുണ്ടാകും.
വി എസ് സഹോദരതുല്യന്‍, നഷ്ടമായത് ജനങ്ങള്‍ക്കുവേണ്ടി എന്നും നിലകൊണ്ട നേതാവിനെ: എം എ യൂസഫലി
വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി.
വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് ജനങ്ങള്‍ക്കുവേണ്ടി എന്നും നിലകൊണ്ടിരുന്ന ജനനേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു. വി എസുമായി വളരെ അടുത്ത സ്നേഹബന്ധമാണ് വെച്ചുപുലര്‍ത്തിയിരുന്നതെന്നും തനിക്ക് സഹോദര തുല്യനായ സഖാവായിരുന്നു വി എസെന്നും യൂസഫലി പറഞ്ഞു. വി എസ് തന്റെ അബുദാബിയിലെ വസതി സന്ദര്‍ശിച്ചതടക്കമുളള ഓര്‍മ്മകളും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പങ്കുവെച്ചു.
ഇന്ത്യന്‍ സൈനികർക്കായി രക്തദാനം നടത്തിയ ദേശസ്നേഹിയായ കമ്യൂണിസ്റ്റായിരുന്നു വി എസ് : ശശി തരൂര്‍
"ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവും, മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവ്. ജനപക്ഷ കമ്മ്യൂണിസ്റ്റ്. എല്ലാ ജനകീയ സമരങ്ങളുടെയും അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഇന്ത്യാ ചൈനാ യുദ്ധകാലത്ത് ഇൻഡ്യൻ സൈനികർക്കായി രക്തദാനം നടത്തിയ ദേശസ്നേഹിയായ കമ്യൂണിസ്റ്റായിരുന്നു വി എസ്.
ജനലക്ഷങ്ങളുടെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നു," ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായി ശശി തരൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
വി എസിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് മന്ത്രി ആര്‍ ബിന്ദു
സമരകേരളത്തിന്റെ വീരനായകൻ സ വി എസ് അമരനായിരിക്കട്ടെ എന്ന് മന്ത്രി ആര്‍ ബിന്ദു. വി എസിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ചിത്രവും മന്ത്രി പങ്കുവെച്ചു.
വി എസ് മടങ്ങുമ്പോള്‍ ഒരു കാലം ഒടുങ്ങുന്നു, പുന്നപ്രയുടെ ധീരനായകന് വിട: രമേശ് ചെന്നിത്തല
വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍. പ്രിയ വി.എസിന് വിട!' രമേശ് ചെന്നിത്തല സമൂഹമാധ്യമങ്ങളില്‍ കുറിച്ചു
വിട, സഖാവ് വി എസ്. അങ്ങ് കാണിച്ച വഴി ഞങ്ങള്‍ക്കെന്നും മാര്‍ഗമായിരിക്കും: എം എ ബേബി
നമ്മുടെ രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളില്‍ ഒരാളായിരുന്നു സഖാവ് വി.എസ് എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കാലദൈര്‍ഘ്യം കൊണ്ടുമാത്രമല്ല, കരുത്തുറ്റ സംഭാവനകള്‍ കൊണ്ടും വി എസിന്റെ പാര്‍ട്ടി ജീവിതം സമ്പന്നമായിരുന്നു. ഒരു മനുഷ്യായുസ്സിന് ആവുന്ന സംഭാവനകള്‍ നല്കിക്കഴിഞ്ഞിട്ടാണെങ്കിലും, തൊഴിലാളിവര്‍ഗത്തിനും ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും, അളക്കാനാവാത്ത നഷ്ടമാണ് ഈ വിടപറച്ചില്‍ ഉണ്ടാക്കുന്നതെന്നും എം എ ബേബി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവർത്തനത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച നേതാവ്: പ്രധാനമന്ത്രി
വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വി എസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി വി എസ് സമര്‍പ്പിച്ചുവെന്നും തങ്ങള്‍ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ഇടപെടലുകള്‍ ഓര്‍ക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ദുഃഖവേളയില്‍ തന്റെ ചിന്തകള്‍ വി എസിന്റെ കുടുംബത്തിനും അനുയായികള്‍ക്കുമൊപ്പമാണെന്നും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കേരളത്തിനും ഈ രാജ്യത്തിനുമായി വി എസ് നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍ക്കപ്പെടും : പ്രിയങ്ക ഗാന്ധി
വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. 'കേരളത്തിനും ഈ രാജ്യത്തിനുമായി അദ്ദേഹം നല്‍കിയ നല്‍കിയ എല്ലാ സംഭാവനകളും എക്കാലവും ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സ്വാധീനം ചെലുത്തിയ എല്ലാവരോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുശോചനം അറിയിക്കുന്നു,' പ്രിയങ്ക ഗാന്ധി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
വി എസ് അച്യുതാനന്ദന്റെ മരണത്തോടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്: രാജീവ് ചന്ദ്രശേഖര്‍
മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 'ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട്, പാര്‍ട്ടിക്കപ്പുറം ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവായിരുന്നു വി എസ്. വി എസ് അച്യുതാനന്ദന്റെ മരണത്തോടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്‌നങ്ങളില്‍ മുഖം നോക്കാതെ ഇടപെട്ട അദ്ദേഹം ഭൂമാഫിയകള്‍ക്കെതിരെയടക്കം സ്വീകരിച്ച നിലപാടുകള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടും. കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നുവെന്ന സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച ആദ്യ നേതാവ് കൂടിയായിരുന്നു അദ്ദേഹം. ചികിത്സയില്‍ തുടരവെ, കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി മകന്‍ അരുണ്‍കുമാറിനെ കണ്ട് വി എസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,' രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
രാഷ്ട്രീയാദര്‍ശങ്ങള്‍ക്കായി എക്കാലവും ധീരമായ തീരുമാനങ്ങളെടുത്ത നേതാവായിരുന്നു വി എസ്: രാഹുല്‍ ഗാന്ധി
വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി സഖാവ് വി എസി അച്യുതാനന്ദന്റെ വിയോഗത്തില്‍ ഏറെ ദു:ഖം രേഖപ്പെടുത്തുന്നു. ജനാധിപത്യത്തിനായും നീതിക്കായും അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. പാവപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും നേതാവായിരുന്നു വിഎസ്. ധീരമായ തീരുമാനങ്ങളിലൂടെ എക്കാലവും അദ്ദേഹം ആദര്‍ശാധിഷ്ഠിതമായ രാഷ്ട്രീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു, പരിസ്ഥിതിയും ജനക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേകിച്ചും. അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടും സഖാക്കളോടും അനുശോചനം അറിയിക്കുന്നു,' രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
രാഷട്രീയ കക്ഷി ഭേദമന്യേ മലയാളികള്‍ ഏറെ സ്നേഹിക്കുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍: വീണ ജോര്‍ജ്
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അനുശോചിച്ചു. 'രാഷട്രീയ കക്ഷി ഭേദമന്യേ മലയാളികള്‍ ഏറെ സ്നേഹിക്കുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍. അദ്ദേഹം നടത്തിയ സമര പരമ്പരകളും പോരാട്ടങ്ങളും എല്ലാവര്‍ക്കും ആവേശമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടു ജനകീയനായി വി എസ് നിറഞ്ഞു നിന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് തന്നെ അഭിമാനമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ബന്ധുക്കളുടേയും സഖാക്കളുടേയും പ്രിയപ്പട്ടവരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു' ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വീണ ജോര്‍ജ് പറഞ്ഞു.
ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല: മോഹന്‍ലാല്‍
'ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി എസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്‌നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല,' മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
പോരാട്ടം വീര്യം ജീവിതത്തില്‍ നിറച്ചുനിര്‍ത്തിയ നേതാവാണ് വി എസ്: കെ സി വേണുഗോപാല്‍
വിഎസിന്റെ വിയോഗം കേരള രാഷ്ട്രീയ രംഗത്ത് കനത്ത ശൂന്യത സൃഷ്ടിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പാര്‍ട്ടി നിലപാടുകള്‍ നോക്കാതെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് വി എസ് അച്യുതാനന്ദന്‍ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പോരാട്ടം വീര്യം ജീവിതത്തില്‍ നിറച്ചുനിര്‍ത്തിയ നേതാവാണ് വി എസ്. ജനപക്ഷ ആശയങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ധീരനായ കമ്മ്യൂണിസ്റ്റ്കാരാനായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
ജൂലൈ 23ന് ആലപ്പുഴയില്‍ അവധി; പൊതുദര്‍ശനത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് മന്ത്രി സജി ചെറിയാന്‍
ബുധനാഴ്ച്ച രാവിലേ 9 വരെ പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനം. 9 മണി മുതല്‍ 11 തിരുവമ്പാടി സിപിഎം ജില്ലാകമ്മറ്റി ഓഫീസ്. 11 മണി മുതല്‍ 3 മണി വരെ ബീച്ചിനോട് ചേര്‍ന്നുള്ള റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതു ദര്‍ശനം നടക്കും.
വിലാപയാത്രയായി എത്തിച്ചു വൈകിട്ട് 4 ന് പുന്നപ്ര വലിയ ചുടുകാട്ടില്‍ വെച്ചായിരിക്കും
സംസ്‌കാരം. ബുധനാഴ്ച ആലപ്പുഴ ജില്ലയില്‍ അവധിയായിരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
വി എസ് ഇതിഹാസം, വിയോഗം തീരാനഷ്ടമാണ്: സുരേഷ് ഗോപി
വി എസ് അച്യുതാനന്ദന്‍ ഒരു ഇതിഹാസമാണെന്ന് നടനും കേന്ദ്ര മന്ത്രിയുമായി സുരേഷ് ഗോപി. വി എസിന് ഒപ്പം യാത്ര ചെയ്തിട്ടുണ്ടെന്നും മലമ്പുഴയില്‍ പ്രചരണത്തിന് പോയിട്ടുണ്ടെന്നും സുരേഷ് ഗോപി ഓര്‍മിച്ചു.
വിഎസിന്റെ മൂല്യങ്ങളെ വിലമതിക്കുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് ചരിത്രമാണെന്നും വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാന നാളുകളില്‍ വി എസിനെ കാണാന്‍ ശ്രമിച്ചിരുന്നു, പക്ഷെ കഴിഞ്ഞില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വിഎസിന്റെ ഭൗതികശരീരം പാര്‍ട്ടി ആസ്ഥാനത്ത്; കണ്ഠമിടറി സഖാക്കള്‍, കണ്ണീര്‍ക്കടലായി തലസ്ഥാനം
വിഎസിന്റെ ഭൗതികശരീരം സിപിഐഎം പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ എത്തിച്ചു. ജനസാഗരമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. 'ഇല്ല..ഇല്ല.. മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ലെന്ന്' തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ വിളിക്കുകയാണ് എത്തിച്ചേര്‍ന്നിരിക്കുന്ന ജനങ്ങള്‍.
വി എസിന്റെ വേര്‍പാട് വലിയ വേദന ഉണ്ടാക്കുന്നു; പെമ്പിളെ ഒരുമൈ മുന്‍ നേതാവ് ഗോമതി
പെമ്പിളൈ ഒരുമൈ സമരകാലത്ത് സമരപന്തലില്‍ വന്ന ഏക നേതാവായിരുന്നു വി എസ് എന്ന് ഓര്‍മിച്ച് പെമ്പിളെ ഒരുമൈ മുന്‍ നേതാവ് ഗോമതി. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് വി എസ് അന്ന് സമര പന്തലില്‍ എത്തിയത്. അദ്ദേഹത്തിന്റെ ഇടപെടല്‍ വലിയ രീതിയില്‍ ഗുണം ചെയ്തു. രോഗം മൂര്‍ശ്ചിച്ച കാലത്ത് കാണണമെന്ന് ആഗ്രഹിച്ചു, പക്ഷെ നടന്നില്ലെന്നും ഗോമതി പറഞ്ഞു. വി എസിന്റെ വേര്‍പാട് വലിയ വേദന ഉണ്ടാക്കുന്നുവെന്നും ഗോമതി കൂട്ടിച്ചേര്‍ത്തു.
വി എസ് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവ്: അനുശോചിച്ച് രാഷ്ട്രപതി
വിഎസ് വിയോഗത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ശ്രീ വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നു. അരികുവല്‍കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായും കേരളത്തിന്റെ വികസനത്തിനായും പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്നും സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രപതി കുറിച്ചു.
വി എസിനെ അനുസ്മരിച്ച് അരവിന്ദ് കെജ്‌രിവാൾ
സമൂഹത്തിനു വേണ്ടിയുള്ള അച്യുതാനന്ദന്റെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും എന്ന് ആം ആദ്മി അധ്യക്ഷനും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു.
വി എസ് കേരള രാഷ്ട്രീയത്തിലെ ജനകീയമുഖം, ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധ്യമായി: അനുശോചിച്ച് കാന്തപുരം
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴുമുള്‍പ്പെടെ പലതവണ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പല വേദികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. മര്‍കസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളെ അടുത്തറിയുകയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മര്‍കസ് സന്ദര്‍ശിക്കുകയും ചെയ്തുവെന്നും കാന്തപുരം ഓര്‍മിച്ചു.
സച്ചാര്‍ കമ്മിറ്റിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുകയും ന്യൂനപക്ഷ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ സാധ്യമാക്കുകയും ചെയ്ത പാലൊളി കമ്മിറ്റി അദ്ദേഹത്തിന്റെ ഭരണകാലത്താണ് നിയോഗിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അലിഗഢ് സര്‍വകലാശാല സെന്റര്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ സാക്ഷാത്കരിക്കുന്നതില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. മറ്റു പലയിടത്തും അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നത് വസ്തുതയാണ്. കരിപ്പൂരിലെ ഹജ്ജ് ഹൗസ്, മുസ്ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധ്യമായിട്ടുണ്ട്. വി എസിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സ്‌നേഹജനങ്ങളെയും അനുശോചനമറിയിക്കുന്നുവെന്നും കാന്തപുരം എ പി അബൂബക്കര്‍.
പ്രതിപക്ഷ നേതാവായി ജനകീയനായി, മുഖ്യമന്ത്രിയായി കേരളത്തിന്റെ വികസനത്തിന് വലിയ ശ്രമങ്ങള്‍ നടത്തി: എ കെ ആന്റണി
വി എസ് അച്യുതനാന്ദന്‍ ജീവിതത്തിലൂടെ നീളം പാവപ്പെട്ടവര്‍ക്ക് വേണ്ടിയും അധ്വാനിക്കുന്നവര്‍വേണ്ടിയും പോരാടിയെന്ന് എ കെ ആന്റണി. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ് വിഎസ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് വരുന്നത്. കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും വിഎസ് മുന്നിലുണ്ടായിരുന്നെന്നും എ കെ ആന്റണി.
പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വി എസ് ജനകീയനായത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിന്റെ വികസനത്തിനായി വലിയ ശ്രമങ്ങള്‍ നടത്തിയെന്നും എ കെ ആന്റണി പറഞ്ഞു. കൊച്ചി മെട്രോ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനുവേണ്ടി താനുമായി പ്രവര്‍ത്തനങ്ങള്‍ നടത്തി. അവസാനം വരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചുവെന്നും എ കെ ആന്റണി വി എസിനെ കുറിച്ച് ഓര്‍മ പങ്കുവെച്ചു.
നാളെ പൊതു അവധി
വിഎസിന്‍റെ വിയോഗത്തില്‍ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം.
ആദരസൂചകമായി നാളെ പൊതു അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നാളെ ബാങ്കുകളും പ്രവര്‍ത്തിക്കില്ല. ജൂലൈ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്എസി പരീക്ഷകളും ഇന്റര്‍വ്യൂസും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സിപിഐഎമ്മില്‍ ഇന്ന് കാണാനാവാത്ത തരത്തിലുള്ള പ്രവര്‍ത്തകൻ: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മുന്‍ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗം സങ്കടകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വിശ്വസിച്ചിരുന്ന രാഷ്ട്രീയാദര്‍ശത്തില്‍ അതിശക്തമായി നിലകൊണ്ടയാളായിരുന്നു അദ്ദേഹമെന്നും സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ് വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത്: മുഖ്യമന്ത്രി
വി എസിന്റെ നിര്യാണം പാർട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദനെന്നും മുഖ്യമന്ത്രി.
വിഎസ് അച്യുതാനന്ദന്റെ വിയോഗം അത്യന്തം വേദനയുണ്ടാക്കുന്നു: എംഎം മണി
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം മുതിർന്ന നേതാവ് എം എം മണി. വിഎസ് അച്യുതാനന്ദന്റെ വിയോഗം അത്യന്തം വേദനയുണ്ടാക്കുന്നതാണെന്നും
ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ജീവിച്ചിരിക്കുന്ന ഇതിഹാസമായിരുന്നു വിഎസെന്നും എം എം മണി പറഞ്ഞു. സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് വി എസ്. ആയിരക്കണക്കിന് പോരാട്ടങ്ങള്‍ക്കും വിഎസ് നേതൃത്വം നല്‍കി. അധ്വാനിക്കുന്ന ജനതയ്‌ക്കൊപ്പം നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും എം എം മണി പറഞ്ഞു.
അഴിമതിക്കും മാഫിയാ വിളയാട്ടത്തിനും എതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച ജീവിതം- കെ രാജൻ
മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ രാജൻ. കേരള ജനതയുടെ ആവേശമായ കമ്മ്യൂണിസ്റ്റ് രക്തതാരകം സഖാവ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയെന്ന് കെ രാജൻ കുറിച്ചു.
അഴിമതിക്കും മാഫിയാ വിളയാട്ടത്തിനും എതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു വി എസിൻ്റെ ജീവിതം. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് ഒട്ടേറെ മാതൃകാ പദ്ധതികൾ ആസൂത്രണം ചെയ്ത മുഖ്യമന്ത്രിയും ജനകീയ നേതാവുമായ സഖാവിൻ്റെ വേർപാടിൽ അനുശോചിക്കുന്നുവെന്നും കെ രാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാനഷ്ടം- കെ രാധാകൃഷ്ണൻ
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാംഗം കെ രാധാകൃഷ്ണന്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പ്രത്യേകിച്ച് കേരളത്തിലെ സിപിഐഎമ്മിനും വലിയ നഷ്ടമാണ് വി എസിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു.
പാർട്ടിയിലെയും സർക്കാരിലെയും തിരുത്തൽ ശക്തി- പി വി അൻവർ
വി എസ് അച്യുതാനന്ദനെ അനുശോചിച്ച് പി വി അൻവർ. 'കണ്ണേ കരളേ വി എസേ' എന്നാർത്തലച്ച മുദ്രാവാക്യത്തിന്റെ ഒറ്റക്കരുത്തിൽ മാത്രം പാർട്ടിയുടെ കാർക്കശ്യ മതിലുകളെ പൊളിച്ചെഴുതിയ നേതാവായിരുന്നു വി എസ് അച്യുതാനന്ദനെന്ന് പി വി അൻവർ പറഞ്ഞു. ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും വി.എസിനെ പാർട്ടിയിലേയും സർക്കാരിലേയും തിരുത്തൽ ശക്തിയാക്കിയെന്നും അൻവർ പറഞ്ഞു.
വി എസ്, ഇടവേളകളില്ലാത്ത സമരം- സിപിഐഎം
ഇടവേളകളില്ലാത്ത സമരമാണ് വി എസ് അച്യുതാനന്ദനെന്ന് സിപിഐഎം. അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളിയാണ് അദ്ദേഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
നിയമസഭയ്ക്കകത്തും പുറത്തും മൂര്‍ച്ചയേറിയ നാവ്- വി ഡി സതീശൻ
രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയയാളാണ് വി എസ് അച്യുതാനന്ദനെന്ന് വി ഡി സതീശൻ. 'കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നൽകി. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നിന്നു. നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു അദ്ദേഹം', വി ഡി സതീശൻ പറഞ്ഞു.
അനുശോചനം അറിയിച്ച് കോൺഗ്രസ്
വി എസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായൻ- ശശി തരൂർ
വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വി എസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായനാണെന്ന് ശശി തരൂർ പറഞ്ഞു. ജനപ്രിയനായ ബഹുജന നേതാവും മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹമെന്ന് ശശി തരൂർ.
കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവ്- എം വി ഗോവിന്ദൻ
മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഉജ്ജ്വല നേതാവ്- കെ കെ ശൈലജ
വി എസ് അച്യുതാനന്ദൻ്റെ വേർപാടിൽ അനുശോചിച്ച് സിപിഐഎം നേതാവ് കെ കെ ശൈലജ എംഎൽഎ. 'കേരളത്തിൻ്റെ പ്രിയപുത്രൻ, വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഉജ്ജ്വല നേതാവ് സഖാവ് വി എസ് വിടപറഞ്ഞു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിലും മുഖ്യമന്ത്രിയെന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതിലും അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് സഖാവ് വി എസ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തോടൊപ്പം ചേർന്ന് നിൽക്കുന്നതാണ് സഖാവിൻ്റെ ജീവിതം. വി എസിൻ്റെ വേർപാട് സമര കേരളത്തിന് നികത്താൻ കഴിയാത്ത വിടവാണ്. സഖാവ് വി എസിന് ആദരാഞ്ജലികൾ', കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൻ്റെ രാഷ്ട്രീയ- സാമൂഹ്യരംഗത്ത് വലിയ പരിവർത്തനം നടത്തിയ നേതാവ്- കെ സുരേന്ദ്രൻ
വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യരംഗത്ത് വലിയ പരിവർത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമരമുഖത്ത് വി എസ് കാഴ്ചവെച്ച പോരാട്ടങ്ങൾ വിസ്മരിക്കാനാവില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം പാർട്ടിയിൽ പോലും പ്രതിപക്ഷ ശബ്ദം ഉയർത്താൻ വി എസ് ധൈര്യം കാണിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നിസ്സഹായയായ വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്- കെ കെ രമ
വി എസ് അച്യുതാനന്ദന് അനുശോചനം അറിയിച്ച് ആർഎംപി നേതാവ് കെ കെ രമ എംഎൽഎ.
'പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ, ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്..അന്ത്യാഭിവാദ്യങ്ങൾ..', കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.
വിടവാങ്ങിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഇതിഹാസം- എം വി ജയരാജൻ
വിടവാങ്ങിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതിഹാസമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. അഴിമതിക്കും അധർമ്മത്തിനുമെതിരെ പോരാടിയ നേതാവാണ് അദ്ദേഹമെന്നും എം വി ജയരാജൻ പറഞ്ഞു.
തീരാനഷ്ടം- ടി പി രാമകൃഷ്ണൻ
വി എസ് അച്യുതാനന്ദൻ്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വി എസിന്‍റെ വേർപാട് തീരാ നഷ്ടമാണ്.
പാർട്ടിയെ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന്‍റെ കരുത്ത് പകരുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
പാർട്ടി പതാക താഴ്ത്തിക്കെട്ടി
അനുശോചനത്തിൻ്റെ ഭാഗമായി എകെജി സെൻ്ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. കരിങ്കൊടി ഉയർത്തി
വി എസിന് വിട
വി എസിൻ്റെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണിയോടെ എ കെ ജി സെൻ്ററിലേക്ക് കൊണ്ടുപോകും.
നാളെ രാവിലെ ഒമ്പതിന് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക് പോകും. രാത്രിയോടെ ആലപ്പുഴയിൽ എത്തിച്ചേരും. മറ്റന്നാൾ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനം. വൈകിട്ട് വലിയ ചുടുകാട്ടിൽ സംസ്കാരം
വി എസിന്റെ സംസ്കാരം മറ്റന്നാൾ