
ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര വയലാര്‍ സമരമാണ് വിഎസിന്റെ പോരാട്ടവീര്യത്തെ പുറത്തു കൊണ്ടു വന്ന വിപ്ലവ സമരം. ആ പോരാട്ടവീര്യം സഖാവ് വിഎസ് എന്ന കമ്യൂണിസ്റ്റുകാരനെ തുടര്‍ന്നങ്ങോട്ട് ഒരിക്കലും കെടാത്ത കനലായി ജ്വലിപ്പിച്ചുനിര്‍ത്തി.
ജന്മിമാരുടെ ചൂഷണത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ കര്‍ഷക തൊഴിലാളികള്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രൂരമായ അടിച്ചമര്‍ത്തലിന്റെ തുടര്‍ച്ചയായിരുന്നു പുന്നപ്ര-വയലാര്‍ സമരം. പൊലീസ് അതിക്രമങ്ങളില്‍ ഗത്യന്തരമില്ലാതെ വന്നതോടെ പുന്നപ്ര പൊലീസ് ക്യാമ്പ് നൂറുകണക്കിന് വരുന്ന തൊഴിലാളികള്‍ ആക്രമിച്ചു.
1946 ഒക്ടോബര്‍ 24ന് നടന്ന ആ കര്‍ഷകപ്രതിഷേധത്തില്‍ 29 പേര്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചു. വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാന്‍ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികള്‍ക്ക് നേരെ ഒക്ടോബര്‍ 26ന് നടന്ന വെടിവെയ്പില്‍ ആറ് തൊഴിലാളികളാണ് മരിച്ചത്. ഒക്ടോബര്‍ 27ന് പുന്നപ്രയിലും വയലാറിലും പട്ടാളം കൂട്ടക്കൊല നടത്തി. ആയിരത്തിലധികം പേര്‍ അന്ന് മരിച്ചു. പൊലീസിന്റെ കൊടിയ പീഡനങ്ങള്‍ക്കിടയിലും തളരാതെ പോരാടാന്‍ തൊഴിലാളികള്‍ക്ക് പ്രചോദനം നല്‍കിയത് ഇരുപത്തിമൂന്നുകാരനായ വിഎസ്സായിരുന്നു.
സമരത്തിന്റെ മുഖ്യകണ്ണിയും സൂത്രധാരനുമായ വി.എസ് അപ്പോഴേക്കും പൊലീസിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. വിഎസിനെ പിന്തുടര്‍ന്ന പൊലീസ് ഒക്ടോബര്‍ 28ന്പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്തു. ലോക്കപ്പില്‍ അതിക്രൂരമായ മര്‍ദനത്തിനാണ് വിഎസ് ഇരയായത്.
അഴികള്‍ക്കിടയിലൂടെ രണ്ടുകാലുകളും പുറത്തെടുത്ത് പാദങ്ങള്‍ക്ക് മുകളിലും താഴെയും രണ്ട് ലാത്തികള്‍ കയറുകൊണ്ട് കെട്ടിയ ശേഷം കാല്‍വെള്ളയില്‍ ലാത്തി കൊണ്ടുള്ള അടിച്ചു, കാല്‍പാദത്തില്‍ തോക്കിന്റെ ബയണറ്റ് കുത്തിക്കയറ്റി. മര്‍ദനത്തില്‍ വിഎസ് മരിച്ചെന്ന് കരുതി മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യാന്‍ സഹതടവുകാരെ ഏല്‍പ്പിച്ചു. കള്ളന്‍ കോരപ്പന്‍ എന്ന തടവുകാരനാണ് അന്ന് വിഎസിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിക്കുന്നത്. അത് വിപ്ലവസൂര്യന്റെ രണ്ടാംപിറവിയായിരുന്നു.
സഖാവ് പി കൃഷ്ണപിള്ളയുടെ സ്വാധീനം മൂലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ വിഎസ് പതിനേഴാം വയസിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത്. 1952ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി വിഎസ് തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായി. 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.
1959ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപീകൃതമായി. അന്ന് സിപിഐ ദേശീയ കൗണ്‍സില്‍ വിട്ടിറങ്ങിയ 32 നേതാക്കളാണ് സിപിഎം എന്ന പാര്‍ട്ടിയുണ്ടാക്കിയത്. അതിലൊരാള്‍ വി.എസ് ആയിരുന്നു. 1964ല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായി. 1970 വരെ അത് തുടര്‍ന്നു. 1980 മുതല്‍ 1991 വരെ മൂന്നു തവണ സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പോളിറ്റ് ബ്യൂറോയില്‍ അംഗം.
1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏഴു തവണ വിജയിച്ചു. 2006-2011ല്‍ മുഖ്യമന്ത്രിയായി. അപ്പോള്‍ വി.എസിന്റെ പ്രായം 83. കേരളത്തിലെ ഏറ്റവും പ്രായംകൂടിയ മുഖ്യമന്ത്രിയായി വിഎസ്. 1992, 2001, 2011 എന്നീ നിയമസഭകളില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതുമുന്നണിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. മൂന്നാറിലും പീരുമേട്ടിലും ടാറ്റയുടെ കയ്യേറ്റത്തിനെതിരെയും വിഎസ് കൊടിപിടിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തെ ജനശ്രദ്ധയിലെത്തിച്ചു. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി വരെ പോയി ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തു. കേരളത്തിലെ പരിസ്ഥിതി പ്രശ്‌നത്തെ രാഷ്ട്രീയ സംവാദങ്ങളുടെ മുന്‍നിരയിലേക്കു കൊണ്ടുവന്ന നേതാവ് എന്ന നിലയിലും വിഎസിന്റെ പ്രസക്തി ഏറെയാണ്. കേരളത്തിന്റെ വിപ്ലവ സൂര്യന്‍ വിഎസ് അച്യുതാനന്ദന്‍ വിട പറയുമ്പോള്‍ പതിറ്റാണ്ടുകളായി ബഹുജനങ്ങള്‍ക്ക് വേണ്ടി പോരാടി ചരിത്രം സൃഷ്ടിച്ച നേതാവിനെയാണ് നമുക്ക് നഷ്ടമാകുന്നത്.
Content Highlights:V.S. Achuthanandan, icon of communist movement