ഇസ്ലാമില് മിശ്രവിവാഹം നിഷിദ്ധം, ബഹുസ്വരസമൂഹത്തില് മതവിശ്വാസംഇല്ലാതാക്കാന് ശ്രമം: ബഹാവുദീന്നദ്വി

ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന് മഹല്ലുകള് കേന്ദ്രീകരിച്ച് ജാഗ്രതാ പുലര്ത്തണമെന്നും സമസ്ത നേതാവ്

dot image

കോഴിക്കോട്: മിശ്രവിവാഹത്തെ പിന്തുണക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമസ്ത നേതാവും ദാറുല് ഹുദാ യൂണിവേഴ്സിറ്റി വെെസ് ചാന്സലറുമായ ബഹാവുദീന് നദ്വി. ഇസ്ലാം മതത്തില് മിശ്രവിവാഹം നിഷിദ്ധവും മഹാപാതകവുമാണെന്നും ഉദാരലൈംഗിക വാദത്തെ കൂട്ടുപിടിച്ച് ബഹുസ്വര സമൂഹത്തില് മതവിശ്വാസത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും സമസ്ത നേതാവ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

പുരോഗമന രാഷ്ട്രീയ പാര്ട്ടികളും നേതാക്കളും മതകീയ കാഴ്ചപ്പാടുകളെ ഉച്ഛാടനം ചെയ്യുന്നു. അവമതിക്കപ്പെടേണ്ട പ്രശ്നത്തെ ന്യായീകരിക്കുന്ന പ്രവണത നഖശിഖാന്തം എതിര്ക്കപ്പെടണം. മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാന് ഭരണകൂട ഒത്താശ ചെയ്യുന്നു. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന് മഹല്ലുകള് കേന്ദ്രീകരിച്ച് ജാഗ്രതാ പുലര്ത്തണമെന്നും സമസ്ത നേതാവ് പറഞ്ഞു.

കേരളത്തിൽ 'ഇന്ത്യ' എന്ന് തന്നെ പഠിപ്പിക്കും, പാഠ്യപദ്ധതി പരിഷ്കരിക്കും: വിദ്യാഭ്യാസ മന്ത്രി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം-

മിശ്രവിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗമാണെന്നും പൊതുസമൂഹത്തില് അതൊന്നും തടയാനാകില്ലെന്നുമാണ് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.

എന്നാല് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വൈവാഹിക ജീവിതം പ്രവാചകരുടെ ചര്യയാണ്. സന്താന ലബ്ധിയും സദാചാര നിഷ്ഠയുമാണ് അതിന്റെ ലക്ഷ്യം. കര്ശനമായ ചില നിയമങ്ങള്ക്കും വ്യവസ്ഥകള്ക്കും അതു വിധേയമായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. മതത്തിന്റെ മൂന്നില് രണ്ട് ഭാഗം എന്നാണ് പ്രവാചകന് അതിനെ വിശേഷിപ്പിച്ചത്. മിശ്രവിവാഹമാകട്ടെ ഇസ്ലാമിക പരിപ്രേക്ഷ്യത്തില് നിഷിദ്ധവും മഹാപാതകവുമാണ്.

ജീവിതത്തില് ഏറെ നിര്ണായകമായ വൈവാഹിക ബന്ധം ഏതു രൂപത്തിലായിരിക്കണമെന്നതിന്ന് കൃത്യമായ നിര്ണയം മതം നല്കിയിട്ടുണ്ട്.

വിശുദ്ധ ഖുര്ആനിലും പ്രവാചക പാഠങ്ങളിലും മിശ്രവിവാഹത്തെ നിശിതമായി വിമര്ശിക്കുന്ന നിരവധി വചനങ്ങള് കാണാം. ഇസ്ലാം മതപ്രകാരം വേദമതക്കാരായ ജൂത-ക്രൈസ്തവ സ്ത്രീകളെ വിവാഹം കഴിക്കാമെങ്കിലും വ്യവസ്ഥാപിതവും സുസ്ഥിരവുമായ മാനദണ്ഡം അവയിലെല്ലാം മതം അടയാളപ്പെടുത്തുന്നുണ്ട്.

'സത്യവിശ്വാസികളായ പതിവ്രതകളും നേരത്തെ വേദം നല്കപ്പെട്ടവരിലെ പതിവ്രതകളും നിങ്ങള്ക്കനുവദനീയം തന്നെ- പാതിവ്രത്യ സംരക്ഷണമുദ്ദേശിച്ചും വ്യഭിചാരികളായും കാമുകിമാരെ വരിച്ചും അല്ലാതെയും അവര്ക്ക് നിങ്ങള് വിവാഹ മൂല്യം നല്കിയാല്. ഒരാള് സത്യവിശ്വാസം കൈവെടിഞ്ഞാല് അവന്റെ കര്മങ്ങളത്രയും തകര്ന്നു. പരലോകത്ത് അവന് നഷ്ടക്കാരില്പെട്ടവനാകുന്നു' (വി.ഖു 5:5)

വിശുദ്ധ ഖുര്ആനും പ്രവാചക അധ്യാപനങ്ങളും വഴി രൂപപ്പെട്ട മതനിയമങ്ങളെയും സംഹിതകളെയും കാലാനുസൃതമായോ പുരോഗമന സിദ്ധാന്തങ്ങള്ക്കനുസരിച്ചോ പരിവര്ത്തിപ്പിക്കാനോ ഭേദഗതി ചെയ്യാനോ സാധ്യമല്ല. കാലാനുസൃതമായി അവ നടപ്പാക്കുന്ന മാധ്യമങ്ങളില് ചില പുതുരീതികള് ഉണ്ടായാലും പൂര്ണ്ണമായും ആധികാരികതയെ എതിര്ക്കുന്നതൊന്നും കൂട്ടിച്ചേര്ക്കാന് കഴിയില്ല എന്നതാണ് ഉള്സാരം.

ഉദാരലൈംഗിക വാദത്തെ കൂട്ടുപിടിച്ച് ബഹുസ്വര സമൂഹത്തില് മതകീയ കാഴ്ചപ്പാടുകളെ ഉച്ഛാടനം ചെയ്യുന്ന സന്ദേശമാണ് സമീപകാലത്ത് ചില പുരോഗമന രാഷ്ട്രീയ പാര്ട്ടികളും നേതാക്കളും വക്താക്കളും ജനങ്ങളില് സന്നിവേശിപ്പിക്കുന്നത്.

അത്യധികം അവമതിക്കപ്പെടേണ്ട പ്രശ്നത്തെ ന്യായീകരിച്ച് അവ സമൂഹത്തില് സര്വവ്യാപിയും പുരോഗമനവുമാണെന്ന് പറഞ്ഞ് പാശ്ചാത്യ സംസ്കൃതിയെ പുല്കുന്ന അബദ്ധ ജടിലമായ പ്രവണത നഖശിഖാന്തം എതിര്ക്കപ്പെടേണ്ടതാണ്.

മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാന് ഭരണകൂട ഒത്താശയോടെ നടത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന് വിശ്വാസീ സമൂഹം സജ്ജരാകണം. നമ്മുടെ

മഹല്ലുകള് കേന്ദ്രീകരിച്ച് ശക്തമായ ജാഗ്രതാ നിര്ദേശങ്ങളും നല്കണം.

ഇസ് ലാമികാധ്യാപനങ്ങളില് ഭേദഗതി നിര്ദേശിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നവര്ക്കുള്ള പ്രവാചകീയ മറുപടി ഖുര്ആനില് തന്നെയുണ്ട്. 'നമ്മുടെ വ്യക്തമായ സൂക്തങ്ങള് ഓതിക്കേള്പിക്കപ്പെടുമ്പോള് നീ ഇതല്ലാത്ത ഒരു ഖുര്ആന് കൊണ്ടുവരികയോ ഇതില് മാറ്റത്തിരുത്തലുകള് വരുത്തുകയോ ചെയ്യുക എന്ന് നമ്മുടെ കൂടിക്കാഴ്ചയെ പ്രതീക്ഷിക്കാത്തവര് തട്ടിവിടും. നബീ, താങ്കള് പറയുക: സ്വന്തം വകയായി ഇതില് മാറ്റത്തിരുത്തലുകള് വരുത്താന് എനിക്കു പാടില്ല; ബോധനം നല്കപ്പെടുന്നത് പിന്തുടരുക മാത്രമാണ് ഞാന്. എന്റെ നാഥനു എതിരു ചെയ്യുന്നുവെങ്കില് ഭയാനകമായ ഒരു നാളിലെ ശിക്ഷ ഞാന് ഭയപ്പെടുക തന്നെ ചെയ്യുന്നു' (വി.ഖു 10:15,16)

dot image
To advertise here,contact us
dot image