

ടി20 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. നമീബിയയ്ക്കെതിരെ നടന്ന മത്സരത്തിലാണ് താരം ആദ്യമായി ലോകകപ്പിനിറങ്ങിയത്. ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തി, എട്ട് പന്തുകൾ മാത്രം ക്രീസിൽ നിന്ന താരം മൂന്ന് സിക്സറും ഒരു ഫോറും അടക്കം 22 റൺസ് നേടിയാണ് പുറത്തായത്. വലിയ ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും ബിഗ് ഹിറ്റുകളിലൂടെ തന്റെ ആത്മവിശ്വാസത്തിന് അടിവരയിടാൻ സഞ്ജുവിന് സാധിച്ചിരുന്നു.
ഇപ്പോഴിതാ മത്സരത്തിന് ശേഷം സഞ്ജു സാംസണെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീർ. നമീബിയയ്ക്കെതിരായ മത്സരശേഷം ഡ്രസിങ് റൂമില്‍ നടത്തിയ ടീം മീറ്റിങ്ങിലാണ് സഞ്ജുവും ഇഷാൻ കിഷനും നല്കിയ തുടക്കത്തെ ഗംഭീര്‍ പുകഴ്ത്തിയത്. ബിസിസിഐ പങ്കുവെച്ച വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
‘ഇഷാൻ, സഞ്ജൂ, അതൊരു ഗംഭീര തുടക്കമായിരുന്നു. ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു. ഈ അഗ്രഷനാണ് നമുക്കാവശ്യം. ഫിയർ ലെസ്സായി ധീരമായ തീരുമാനങ്ങൾക്ക് മുതിരുക. അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും’, ഗംഭീർ പറഞ്ഞു.
നമീബിയയ്ക്കെതിരായ വിജയത്തിൽ ടീമിന്റെ ഇംപാക്ട് പ്ലേയറായി ഇഷാൻ കിഷനെയാണ് തിരഞ്ഞെടുത്തത്. ആത്മവിശ്വാസവും മാനസികദൃഢതയും കഠിനാധ്വാനവുമാണ് ഇഷാൻ്റെ മുഖമുദ്രയെന്ന് ഇംപാക്ട് പ്ലെയറിനുള്ള മെഡൽ സമ്മാനിച്ചുകൊണ്ട് ടീം ഇന്ത്യയുടെ ഹെഡ് ഫിസിയോ കമലേഷ് ജെയിൻ പറഞ്ഞു. രണ്ടുവർഷം ടീമിന് പുറത്തുനിൽക്കേണ്ടിവന്നിട്ടും അവസരം ലഭിച്ചപ്പോൾ അവിസ്മരണീയമായ പ്രകടനമാണ് ഇഷാൻ കാഴ്ചവച്ചതെന്നും കമലേഷ് കൂട്ടിച്ചേർത്തു.
Content Highlights: T20 World Cup 2026, IND vs NAM: Gautam Gambhir praises Sanju Samson for his fantastic start