ഒടുവിൽ യു-ടേൺ അടിച്ച് കോഹ്‌ലി; വിജയ് ഹസാരെ ട്രോഫിയിൽ കളിക്കും, സ്ഥിരീകരിച്ച് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ

2027 ഏകദിന ലോകകപ്പ് കളിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് നിലനിർത്തണമെന്ന് വിരാട് കോഹ്‍ലിക്കും രോഹിത് ശർമയ്ക്കും ബിസിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു

ഒടുവിൽ യു-ടേൺ അടിച്ച് കോഹ്‌ലി; വിജയ് ഹസാരെ ട്രോഫിയിൽ കളിക്കും, സ്ഥിരീകരിച്ച് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ
dot image

ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഏകദിന ക്രിക്കറ്റിൽ തുടരാൻ ആ​ഗ്രഹിക്കുന്നതിനാൽ വിജയ് ഹസാരെ ട്രോഫിയില്‍ വിരാട് കോഹ്‌ലി കളിക്കും. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രോഹൻ ജെയ്റ്റ്ലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2027 ഏകദിന ലോകകപ്പ് കളിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് നിലനിർത്തണമെന്ന് മുതിർന്ന താരങ്ങളായ വിരാട് കോഹ്‍ലിക്കും രോഹിത് ശർമയ്ക്കും ബിസിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു. രോഹിത് ശർമ നേരത്തെ തന്നെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാണെന്ന് ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാല്‍ കോഹ്‍ലിയുടെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ കോഹ്‌ലി കളിക്കില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോഹ്‍ലിയും സന്നദ്ധത അറിയിച്ചതായി ഔദ്യോഗിക സ്ഥിരീകരണവുമായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര അവസാനിച്ചാൽ, കോഹ്‌ലിയോ രോഹിത്തോ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ കർശന നിലപാട് സ്വീകരിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ അജിത് അഗാർക്കർ ഇതിനോടകം സൂചന നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് ശേഷം കോഹ്‌ലി ലണ്ടനിലേക്ക് മടങ്ങും. പിന്നീട് തിരികെയെത്തി ഡൽഹി ടീമിനൊപ്പം മൂന്ന് മത്സരങ്ങളിൽ കളിക്കാനാണ് സാധ്യത.

ഡിസംബർ 24 മുതലാണ് വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കൻ പരമ്പര കഴിഞ്ഞാൽ ഇന്ത്യൻ ടീമിന് ഇനി ജനുവരിയിലാണ് ഏകദിന പരമ്പര നടക്കാനുള്ളത്. ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ജനുവരി 11നാണ് ആരംഭിക്കുക. ഇതിന് മുമ്പാകും കോഹ്‍ലി, രോഹിത് എന്നിവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുക.

Content Highlights: Virat Kohli to play in Vijay Hazare trophy, DDCA confirms

dot image
To advertise here,contact us
dot image