
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെ പുകഴ്ത്തി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഏത് ടീമും ആഗ്രഹിക്കുന്ന താരമാണ് സിറാജെന്നാണ് റൂട്ട് പറഞ്ഞത്. സിറാജ് ഒരു പോരാളിയാണെന്നും ഇന്ത്യയ്ക്ക് വേണ്ടി മൈതാനത്ത് തന്റെ 100 ശതമാനവും നല്കുന്ന താരമാണെന്നും റൂട്ട് പറഞ്ഞു. ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് റൂട്ടിന്റെ പ്രതികരണം.
'മുഹമ്മദ് സിറാജ് ഒരു യഥാർത്ഥ പോരാളിയാണ്. ഞങ്ങളുടെ ടീമിൽ എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്ന താരമാണ് സിറാജ്. അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി എല്ലാം നൽകുന്നു. ക്രിക്കറ്റിനെ അദ്ദേഹം സമീപിക്കുന്ന രീതി വളരെ മികച്ചതാണ്, വളരെ കഴിവുള്ള താരമാണ് സിറാജ്', റൂട്ട് പറഞ്ഞു.
'സിറാജിനെതിരെ കളിക്കുന്നത് ഞാൻ എപ്പോഴും ആസ്വദിക്കുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു വലിയ പുഞ്ചിരി ഉണ്ടാകും. തന്റെ ടീമിന് വേണ്ടി എന്തും നൽകുന്നയാളാണ്. കൂടാതെ അദ്ദേഹം തുടക്കക്കാരായ ഏതൊരു യുവ കളിക്കാർക്കും ഒരു മികച്ച മാതൃകയാണ്," ദിവസത്തെ കളിയുടെ അവസാനം നടന്ന പത്രസമ്മേളനത്തിൽ റൂട്ട് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ മികച്ച ബോളിംഗ് പ്രകടനമാണ് സിറാജ് നടത്തിയത്. ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയാണ് സിറാജ് തിളങ്ങിയത്. ക്യാപ്റ്റൻ ഒലി പോപ്പ്. ജോ റൂട്ട്, ജേക്കബ് ബെഥേൽ, ഹാരി ബ്രുക് എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ഇതോടെ തന്റെ കരിയറിൽ 200 അന്താരാഷ്ട്ര വിക്കറ്റുകൾ സ്വന്തമാക്കി മുന്നേറാനും സിറാജിന് സാധിച്ചു. ഇന്റർ നാഷണൽ ക്രിക്കറ്റിൽ 203 വിക്കറ്റുകളാണ് സിറാജ് ഇതുവരെ നേടിയിട്ടുള്ളത്. ടെസ്റ്റിൽ 118 വിക്കറ്റുകളും ഏകദിനങ്ങളിൽ 71 വിക്കറ്റുകളും നേടിയപ്പോൾ ടി20യിൽ 14 വിക്കറ്റുകളും സിറാജ് വീഴ്ത്തി.
Content Highlights: Mohammed Siraj is a real warrior, he gives his everything for India says Joe Root