അടൂരിനെ വിമർശിക്കുന്നവർക്ക് ഏജിസം; കയ്യടിച്ചത് തിരുവനന്തപുരം നായർ ലോബിയാണെന്നും പറയാമായിരുന്നു:രാഹുൽ ഈശ്വർ

പ്രായമാകുമ്പോള്‍ അടൂരിന്റെ സിനിമാറ്റിക് സെന്‍സിബിലിറ്റി പോയി എന്ന് പറയുന്നത് ഏജിസമാണെന്നും രാഹുൽ ഈശ്വർ

dot image

കൊച്ചി: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിക്കുന്നവര്‍ക്ക് 'ഏജിസം' ആണെന്ന് രാഹുല്‍ ഈശ്വര്‍. അടൂരിന് സവര്‍ണ ധാര്‍ഷ്ട്യമാണെന്നാണ് അടിസ്ഥാനമായി പറഞ്ഞുവെക്കുന്നത്. തിരുവനന്തപുരം നായര്‍ ലോബിയാണ് അദ്ദേഹത്തിന് കയ്യടിച്ചതെന്ന് കൂടി പറയാമായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. 'അടൂരിന് അടിതെറ്റിയോ?' എന്ന റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയിലാണ് അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്.

'മലയാള സിനിമയും ഇന്ത്യന്‍ സിനിമയും ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയയാളോട് സഹതാപമാണ്, പുച്ഛമാണ് എന്നൊക്കെ പറയുന്നത് ഏജിസമാണ്. പ്രായമാകുമ്പോള്‍ അടൂരിന്റെ സിനിമാറ്റിക് സെന്‍സിബിലിറ്റി പോയി എന്ന് പറയുന്നത് ഏജിസമാണ്. അടൂരിന് സവര്‍ണ ധാര്‍ഷ്ട്യമാണെന്നാണ് അടിസ്ഥാനമായി പറഞ്ഞുവെക്കുന്നത്. തിരുവനന്തപുരം നായര്‍ ലോബിയാണ് അദ്ദേഹത്തിന് കയ്യടിച്ചതെന്ന് കൂടി പറയാമായിരുന്നു. ദുര്‍ബലമായ വാദങ്ങള്‍ ഉപയോഗിച്ച് ഒരാള്‍ പറഞ്ഞതിന്റെ കാതലിനെ മുഴുവന്‍ ഇല്ലാതാക്കുന്നു' എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഏതെങ്കിലും പിന്നാക്കക്കാരന്‍ അഴിമതി ചെയ്യുന്നുവെന്നാണോ അടൂര്‍ പറയുന്നത്. അതൊക്കെ അതിവായനയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സിനിമാ കോണ്‍ക്ലേവിന്റെ അവസാന ദിനമായ ഇന്നലെയായിരുന്നു അടൂരിന്റെ അധിക്ഷേപ പരാമര്‍ശം. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അടൂര്‍ നിലപാട് പറഞ്ഞത്. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.


എന്നാല്‍ അടൂരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. അടൂര്‍ പ്രസംഗിക്കുമ്പോള്‍ തന്നെ കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ പുഷ്പവതി അടൂരിനെതിരെ പ്രതിഷേധിച്ചിരുന്നു. മന്ത്രി സജി ചെറിയാനും വേദിയില്‍ അടൂരിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചിരുന്നു.

Content Highlights: rahul easwar Support adoor gopalakrishnan

dot image
To advertise here,contact us
dot image