കണ്ടതല്ലേ ട്രെയിലറിലെ കൊല സീൻ, പിന്നെ എങ്ങനെ A സർട്ടിഫിക്കറ്റ് കിട്ടാതിരിക്കും, കൂലി സെൻസറിങ് പൂർത്തിയായി

മൂന്ന് മണിക്കൂറിനടുത്താണ് കൂലി സിനിമയുടെ ദൈർഘ്യം.

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

മൂന്ന് മണിക്കൂറിനടുത്താണ് സിനിമയുടെ ദൈർഘ്യം. സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Hightights: Censorship of the movie 'Coolie' has been completed

dot image
To advertise here,contact us
dot image